പുരോഹിതശാസ്ത്രജ്ഞർ 86: ആന്ദ്രേ തക്വേത് (1612-1660)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

യൂറോപ്പിലെ ഫ്ലെമിഷ് ഭാഷ സംസാരിക്കുന്ന ഡച്ച് പ്രദേശത്തുനിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു ജെസ്വിട്ട് വൈദികനായിരുന്ന ആന്ദ്രേ തക്വേത്. ക്ഷേത്രഗണിതത്തിന്റെ (geometry) പിതാവെന്ന് അറിയപ്പെടുന്ന യൂക്ക്ളിഡിന്റെ ഗണിതരീതികളും അരിസ്ട്ടോട്ടിലിന്റെ തത്വശാസ്ത്രരീതികളും അദ്ദേഹം അനുധാവനം ചെയ്തിരുന്നു. ആന്ദ്രേ എഴുതിയ ഗ്രന്ഥങ്ങൾ പലതും ആദ്യം ജെസ്വിട്ട്  സ്‌കൂളുകളിലും പിന്നീട് മറ്റുള്ള സ്‌കൂളുകളിലും പാഠപുസ്തകങ്ങളായിരുന്നു. ഇതിൽ ചില ഗ്രന്ഥങ്ങൾ പത്തൊൻപതാം നൂറ്റാണ്ടുവരെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു.

ആന്ദ്രേയുടെ പിതാവിന്റെ പേര് പിയറി എന്നും മാതാവിന്റെ പേര് ആഗ്നസ് എന്നുമായിരുന്നു. ഇവർ ജർമനിയിലെ നൂറൻബെർഗ്‌ പട്ടണത്തിൽ നിന്നുള്ളവരായിരുന്നു. ഇന്നത്തെ ബെൽജിയത്തിന്റെ ഭാഗമായിരിക്കുന്ന അന്ത്വേർപ്പ് നഗരത്തിൽ എ ഡി 1612 ജൂൺ 23 ന് ആന്ദ്രേ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കച്ചവടക്കാരനും സമ്പന്നനുമായിരുന്നു. ആന്ദ്രേ ഒരു കുട്ടിയായിരുന്ന സമയത്ത് അദ്ദേഹം മരിച്ചുവെങ്കിലും തന്റെ മകന് ഒരു നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സമ്പാദ്യമെല്ലാം അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നു.

ആന്ദ്രേ ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മികവ് തെളിയിക്കുകയും യൂക്ലിഡിന്റെ ഗണിതശാസ്ത്ര തത്വങ്ങളിലേക്ക് ആകൃഷ്ടനാവുകയും ചെയ്തു. 1629 ലാണ് അദ്ദേഹം മെഹ്‍ലൻ എന്ന സ്ഥലത്തെ ജെസ്വിട്ട് സന്യാസ സമൂഹത്തിൽ ചേർന്നത്. 1631 മുതൽ 1635 വരെയുള്ള കാലയളവിൽ അദ്ദേഹം ഗണിതം, ഭൗതികശാസ്ത്രം, തർക്കശാസ്ത്രം എന്നീ വിഷയങ്ങൾ ലൂവെൻ സർവകലാശാലയിൽ ചേർന്നു പഠിച്ചു. അക്കാലത്തെ പ്രശസ്തരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് ആന്ദ്രേ ഉന്നതവിദ്യാഭ്യാസം നടത്തിയത്. ഗ്രീക്ക് ഭാഷയും കവിതയും പഠിപ്പിച്ചുകൊണ്ട് ബ്രൂഗസ് കോളേജിൽ ഏതാനും വർഷങ്ങൾ അദ്ദേഹം താമസിച്ചു. 1643 മുതൽ 1649 വരെ ആന്ദ്രേ ലൂവെൻ സർവകലാശാലയിൽ അധ്യാപകനായി ജോലിചെയ്തു. ജെസ്വിട്ട് സന്യാസിമാർ ഈ സർവകലാശാലയെ ഒരു ഗണിതശാസ്ത്ര ഗവേഷണകേന്ദ്രമായി വളർത്തിയിരുന്നു. ഇവിടെയാണ് അദ്ദേഹം തന്റെ അന്ത്യനാളുകൾ ചിലവഴിച്ചതും.

ആന്ദ്രേ എല്ലായ്‌പ്പോഴും ശാസ്ത്രീയവിഷയങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ 1651 ൽ പ്രസിദ്ധീകരിച്ച സിലിണ്ടറുകളെയും വളയങ്ങളെയും കുറിച്ചുള്ള നാലു പുസ്തകങ്ങളും 1669 ൽ പ്രസിദ്ധീകരിച്ച ഗണിതപ്രവർത്തനങ്ങൾ എന്ന ഗ്രന്ഥവുമാണ്. ഒന്നാമത്തെ ഗ്രന്ഥത്തിൽ ഗണിതതത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ചില വിശകലനങ്ങൾ അദ്ദേഹം നടത്തുമ്പോൾ രണ്ടാമത്തെ ഗ്രന്ഥം വർഗസങ്കലനങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ്. സൗരയൂഥത്തെ സംബന്ധിക്കുന്ന നിരവധി പഠനങ്ങൾ അദ്ദേഹം നടത്തുകയും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആന്ദ്രേയുടെ രചനകളെ അടിസ്ഥാനമാക്കി പിന്നീട് ധാരാളം പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. ആന്ദ്രേ തക്വേത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരാണ് പസ്‌കാൽ, ലൈബ്നിസ്, ന്യൂട്ടൺ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞർ. അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളെ ആദരിച്ചു കൊണ്ട് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആന്ദ്രേ തക്വേത്തിന്റെ നാമം ഒരു ചന്ദ്രഗർത്തത്തിനു നൽകിയിട്ടുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.