ജർമനിയിൽനിന്നുള്ള ഒരു ജെസ്വിട്ട് വൈദികനും ശാസ്ത്രജ്ഞനുമാണ് ഗാസ്പർ ഷോട്ട്. അദ്ദേഹത്തിന്റെ പഠനമേഖല ഊർജതന്ത്രം, ഗണിതം, ഭൗതികശാസ്ത്രം എന്നിവയായിരുന്നു.
ജർമനിയിലെ ബാദ് കേണിഗ്സ്ഹോഫൻ ഗ്രാബ്ഫെൽഡ് എന്ന നഗരത്തിൽ 1608 ഫെബ്രുവരി അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. വൂർസ്ബുർഗിലെ ജെസ്വിട്ട് കോളേജിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി പത്തൊമ്പതാമത്തെ വയസ്സിൽ ട്രിയറിലുള്ള ജെസ്വിട്ട് ആശ്രമത്തിൽ ചേർന്ന് സന്യാസപരിശീലനം ആരംഭിച്ചു. അതിനുശേഷം മൂന്നുവർഷം തത്വശാസ്ത്രപഠനം നടത്തി. എന്നാൽ, ഇക്കാലയളവിൽ സ്വീഡിഷ് സൈന്യം വൂർസ്ബുർഗ് നഗരം അക്രമിച്ചുകീഴടക്കിയപ്പോൾ അദ്ദേഹം അവിടെനിന്നും ബെൽജിയത്തിലെ റ്റുർണായ് നഗരത്തിലേക്കു പോയി.
പിന്നീട് അധികാരികൾ ഗാസ്പറെ സിസിലിയിൽ ദൈവശാസ്ത്ര പഠനത്തിനായി അയച്ചു. ഇവിടെനിന്നും പലെർമോയിൽ പോവുകയും പഠനം പൂർത്തിയാക്കി 1637 ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സിസിലിയിൽത്തന്നെ താമസിച്ചുകൊണ്ട് വിവിധ കോളേജുകളിൽ അധ്യാപനവും അജപാലനശുശ്രൂഷയും നിർവഹിച്ചു. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന അത്തനാസിയൂസ് കിർച്ചറിന്റെ നിർബന്ധത്താൽ റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ അദ്ദേഹത്തിന്റെ സഹായിയായി അധ്യാപനം ആരംഭിച്ചു.
എ. ഡി. 1655 ൽ അദ്ദേഹം ജർമനിയിലെ മൈൻസിലും പിന്നീട് വൂർസ്ബുർഗിലും എത്തി. ഇവിടെയാണ് അദ്ദേഹത്തിന്റെ ശിഷ്ടകാലം അദ്ദേഹം ചിലവഴിച്ചത്. ഗണിതം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിൽ എല്ലാം അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. ജലചലനവിദ്യ (hydraulic), യന്ത്രനിർമിത ഉപകരണങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം ധാരാളമായി എഴുതിയിട്ടുണ്ട്. നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ‘മാജിയ യൂണിവേർസാലിസ്’ എന്ന കൃതി അനേകം ഗണിതശാസ്ത്ര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ്. കാറ്റടിക്കുന്ന പമ്പിന്റെ പരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്ന ഗ്രന്ഥവും അദ്ദേഹത്തിന് ശാസ്ത്രലോകത്ത് പേരും പെരുമയും നേടിക്കൊടുത്തു. ഉമ്പർത്തോ എക്കോ തന്റെ ഒരു നോവലിലെ പ്രധാന കഥാപാത്രമായി ഗാസ്പറെ അവതരിപ്പിച്ചിട്ടുണ്ട്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ