പുരോഹിതശാസ്ത്രജ്ഞർ 83: ഡാനിയേല്ലോ ബർട്ടോളി (1608-1685)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിൽ നിന്നുള്ള ഒരു ചരിത്രകാരനും ശാസ്ത്രജ്ഞനുമാണ് ഈശോസഭാ വൈദികനായിരുന്ന ഡാനിയേല്ലോ ബർട്ടോളി. ഇറ്റാലിയൻ ഗദ്യരചനയിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ ‘ഇറ്റാലിയൻ ഗദ്യഭാഷയിലെ ദാന്തെ’ എന്നായിരുന്നു പല ഗ്രന്ഥകാരന്മാരും അഭിസംബോധന ചെയ്തിരുന്നത്. മോന്തി എന്ന പ്രശസ്ത എഴുത്തുകാരൻ പറയുന്നത്, ഡാനിയേല്ലോ ബർട്ടോളിയെപ്പോലെ ഇറ്റാലിയൻ ഭാഷയുടെ രഹസ്യം മനസ്സിലാക്കിയിരിക്കുന്നവർ വിരളമാണെന്നാണ്. മാനവീകതയുടെ വക്താക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രന്ഥകർത്താവായിട്ടും പല പിൽക്കാല സാഹിത്യകാരന്മാരും അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ട്.

ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ഫെറാറ നഗരത്തിൽ 1608 ഫെബ്രുവരി പന്ത്രണ്ടിനാണ് ഡാനിയേല്ലോ ജനിച്ചത്. അവിടുത്തെ ഡ്യൂക്കായിരുന്ന അൽഫോൻസോയുടെ കോർട്ടിലെ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹത്തിന്റെ പിതാവായ തിബൂർസിയോ. ഫെറാറയിലെ ജെസ്വിട്ട് സ്കൂളിലാണ് ഡാനിയേല്ലോ പഠിച്ചത്. അതിനുശേഷം 1623-ൽ അദ്ദേഹം ഈശോസഭയിൽ ചേർന്ന് സന്യാസപരിശീലനം ആരംഭിച്ചു. പിയചെൻസ സർവകലാശാലയിൽ പ്രഭാഷണകല അഭ്യസിച്ചതിനുശേഷം പാർമ നഗരത്തിൽ മൂന്നുവർഷത്തെ തത്വശാസ്ത്രപഠനവും നടത്തി. പിന്നീട് അവിടെത്തന്നെ നാലുവർഷത്തോളം അധ്യാപകനായി ജോലിചെയ്തു. 1634-ൽ മിലാനിലെ ജെസ്വിട്ട് ഭവനത്തിലും പിന്നീട് ബൊളോഞ്ഞയിലുമായി നാലുവർഷത്തെ ദൈവശാസ്ത്രപഠനവും നടത്തി. ഇക്കാലയളവിൽ പ്രശസ്ത ജെസ്വിട്ട് ശാസ്ത്രജ്ഞൻ ജൊവാന്നി ബാറ്റിസ്റ്റ റിക്കോളിയുടെ ശിക്ഷണത്തിൽ നിരവധി ശാസ്ത്രീയപരീക്ഷണങ്ങൾ നടത്തി. ഇതിൽ പ്രധാനമായത് ദോലായന്ത്രത്തിന്റെ (pendulum) പ്രവർത്തനത്തെക്കുറിച്ചു നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങൾ ആയിരുന്നു. അദ്ദേഹം ജെസ്വിട്ട് സമൂഹത്തിന്റെ ഔദ്യോഗിക ചരിത്രകാരനായി നിയമിക്കപ്പെടുകയും തന്റെ വാസം റോമിലേക്കു മാറ്റുകയും ചെയ്തു. ഈ വലിയ ദൗത്യം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായിരുന്നു. സമൂഹത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവർത്തനങ്ങളുടെ ചരിത്രം വിശദമായി പഠിച്ചു രേഖപ്പെടുത്തുക എന്ന ബൃഹത്തായ ദൗത്യത്തിനായി തന്റെ സമയം മുഴുവൻ അദ്ദേഹം വിനിയോഗിച്ചു.

ഇന്ത്യയിലും ജപ്പാനിലും സേവനമനുഷ്ഠിക്കണം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പരിശീലനത്തിന്റെ ആരംഭകാലഘട്ടത്തിലും പിന്നീട് അധ്യാപകനായിരുന്ന സമയത്തും ഈ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അധികാരികളെ സമീപിച്ചെങ്കിലും അതിനുള്ള അനുവാദം ലഭിച്ചില്ല. അതിന്റെ പ്രധാന കാരണം ഇദ്ദേഹത്തിന്റെ ബൗദ്ധിക കഴിവുകളെ ഇറ്റലിയിൽ ഉപയോഗപ്പെടുത്തുക എന്ന അധികാരികളുടെ ആഗ്രഹമായിരുന്നു. ഇറ്റലിയിലെ പ്രമുഖനഗരങ്ങളിൽ സുവിശേഷപ്രഘോഷണത്തിനായി അദ്ദേഹം യാത്ര ചെയ്തു. 1671 മുതൽ1673 വരെയുള്ള കാലയളവിൽ റോമൻ കോളേജിന്റെ (ഗ്രിഗോറിയൻ സർവകലാശാല) റെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1685 ജനുവരി പതിമൂന്നിന് റോമിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

റോമിലെ വാസകാലത്താണ് അദ്ദേഹം തന്റെ കൃതികളെല്ലാംതന്നെ രചിച്ചത്. ചരിത്രം, ധാർമ്മികം, വിശുദ്ധന്മാരുടെ ചരിത്രം, വ്യാകരണം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഈ കൃതികളിൽ ഏറ്റം പ്രധാനമായത് ഇരുപതു വർഷത്തോളമെടുത്തു രചിച്ച ഈശോസഭാ സമൂഹത്തിന്റെ ചരിത്രമാണ്. 27 ഗ്രന്ഥങ്ങളുടെ ഈ സമാഹാരത്തിൽ ഏറ്റം ശ്രദ്ധേയമായത് സമൂഹസ്ഥാപകനായ വി. ഇഗ്‌നേഷ്യസ് ലയോളയുടെ ജീവചരിത്രമാണ്. ഇദ്ദേഹം എഴുതിയ ചൈനയിലെ മിഷനറിയായിരുന്ന മത്തെയോ റിച്ചിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്.

ഡാനിയേല്ലോ ബർട്ടോളിയുടെ പ്രകൃതിസ്നേഹം കാരണമാണ് നിരവധി ശാസ്ത്രീയപരീക്ഷണങ്ങൾക്ക് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. ഊർജതന്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗലീലിയോയുടെ ആരാധകനായിരുന്നു അദ്ദേഹം. അക്കാലത്തെ പ്രശസ്ത ശാസ്ത്രജ്ഞാന്മാരോടൊത്ത് വാനനിരീക്ഷണത്തിൽ ഏർപ്പെടുകയും അതിനെക്കുറിച്ചു വിശദമായി എഴുതുകയും ചെയ്തു. ഒരു പുസ്തകത്തിൽ, ജലനിരപ്പിൽ ഓളങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നു. മറ്റൊരു പുസ്തകത്തിൽ ശബ്ദങ്ങളെക്കുറിച്ചുള്ള പഠനമാണ് നടത്തിയിരിക്കുന്നത്. മൂന്നാമതൊരു ഗ്രന്ഥത്തിൽ സംഗീതോപകരണങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യുകയും അങ്ങനെ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.