ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാൻസർ രോഗമില്ലാത്ത ഒരു ഭാവിക്കായി ‘യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളി’ന്റെ (യു. ഐ. സി. സി.) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ലോക കാൻസർ ദിനം ആചരിക്കുന്നത്. കാൻസറിനെതിരെ പോരാടുന്നവരെ ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നേതൃത്വംനൽകുന്ന ഒരു സംരംഭമാണ് യു. ഐ. സി. സി. 2000 ലാണ് കാൻസർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
എന്താണ് കാൻസർ?
നമ്മുടെ ശരീരത്തിലെ ഒരുകൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്കു നയിക്കുന്ന ഒരു രോഗമാണ് കാൻസർ. പല തരത്തിലുള്ള കാൻസറുകൾ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് നമ്മൾ കാൻസർ ദിനം ആചരിക്കുന്നത്?
എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ലോക കാൻസർ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ യു. ഐ. സി. സി. ഉദ്ദേശിക്കുന്നത്. കാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുകയും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമികലക്ഷ്യം.
സമൂഹത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാൻസറിനെ നേരിടാൻ എല്ലായിടത്തും ഒരേ സ്വരത്തിൽ ഒന്നിക്കാനുള്ള ഒരു ദിനം കൂടിയാണ് വേൾഡ് കാൻസർ ഡേ. ഒരു വ്യക്തി എന്ന നിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകുമെന്നു ചിന്തിക്കാന്‍ ഓരോ വ്യക്തിയെയും പ്രേരിപ്പിക്കുന്ന അവസരമയിരിക്കണം കാൻസർ ദിനം.
ലോക കാൻസർ ദിനം എങ്ങനെ ആചരിക്കാം?
വിവിധ മാര്‍ഗങ്ങളിലൂടെ നമുക്കു ലോക കാന്‍സര്‍ ദിനം ആചരിക്കാനാവും.
1. പൊതുവായ രീതിയില്‍ സമൂഹത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തിയും ബോധവല്‍ക്കരിച്ചും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. സോഷ്യൽ മീഡിയ ഹാഷ് ടാഗിലൂടെ – #ClosetheCareGap – WhatsApp, Instagram, IMO, Facebook, Twitter കാമ്പെയ്‌നുകളിൽ ചേരുക എന്നതാണ് ഒരു മാര്‍ഗം.
2. കാൻസർ നിങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഒരുനിമിഷം ചിന്തിക്കുക. നിങ്ങള്‍ക്ക് കാൻസര്‍ വന്നാല്‍ എന്തുസംഭവിക്കുമെന്നു ചിന്തിക്കാൻ അല്പസമയം ചെലവഴിക്കുക. അതുപോലെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് നിങ്ങളുടെ സമയമോ, പണമോ നല്കാന്‍ സാധിക്കുമെങ്കില്‍ നല്‍കുക. നമ്മുടേതായ ആവശ്യത്തിനോ, ഒരു കാന്‍സര്‍ രോഗിക്കായോ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക മറ്റൊരു മാര്‍ഗമാണ്. കൂടാതെ, ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുക എന്നതും ഈ ദിനത്തില്‍ ചെയ്യാവുന്നതാണ്. പോസിറ്റീവ് നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതാണ് പ്രധാനം.
3. പ്രിയപ്പെട്ടവരെ ഓർക്കാം; അവർക്കു കൈത്താങ്ങാവാം. കാൻസർ എന്ന ബിഗ് ‘C’ സ്പർശിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ അല്പസമയം ചിലവഴിക്കാം. അവരെ ഓര്‍മ്മിക്കാം, ഫോണ്‍ ചെയ്യാം, സന്ദര്‍ശിക്കാം.
ഈ ലോക കാൻസർ ദിനത്തിൽ ചെറുതോ, വലുതോ ആയ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് നമ്മിൽ ഓരോരുത്തരിലും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. വേർതിരിവുകളില്ലാതെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഈ ഫെബ്രുവരി 4-ന് നമുക്കൊരുമിച്ച് കൈകോർക്കാം, കാൻസർരഹിത ലോകത്തിനായി.