വിശുദ്ധ യൂദാശ്ലീഹായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ എന്നുവിളിക്കാന്‍ കാരണം

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായാണ് വി. യൂദാശ്ലീഹാ അറിയപ്പെടുന്നത്. ഒക്ടോബര്‍ 28 -ന് തിരുസഭ വിശുദ്ധന്റെ തിരുനാളും ആചരിച്ചുവരുന്നു. ജീവിച്ചിരുന്നപ്പോള്‍ ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളാകന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. എന്നാല്‍, എന്തുകൊണ്ടാണ് വി. യൂദാശ്ലീഹായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ എന്നുവിളിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയും മിസ്റ്റിക്കും സഭാപണ്ഡിതനുമായിരുന്ന ക്ലെയര്‍വോക്‌സിലെ വി. ബര്‍ണാര്‍ഡിന് ഈശോ പ്രത്യക്ഷപ്പെട്ട്, വി. യൂദായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി സ്വീകരിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. പിന്നീട് വി. ബര്‍ണാര്‍ഡ്, വി. യൂദായോട് ജീവിതാവസാനംവരെയും ഭക്തിയും ബഹുമാനവും പുലര്‍ത്തിപ്പോന്നു. വിശുദ്ധിയില്‍ ജീവിക്കാന്‍ സഹായിച്ച വിശുദ്ധന്‍ എന്ന് പറഞ്ഞുകൊണ്ട് താന്‍ മരിക്കുമ്പോള്‍ വി. യൂദായുടെ ഭൗതികാവശിഷ്ടവും തന്നോടൊപ്പം അടക്കംചെയ്യണമെന്ന് വി. ബര്‍ണാര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

അതുപോലെ തന്നെ, യേശുവിന്റെ ദര്‍ശനങ്ങള്‍ പലതവണ ലഭിച്ചിട്ടുള്ള വ്യക്തിയാണ് വി. ബ്രിജറ്റ്. ഒരിക്കല്‍ അവര്‍ക്ക് ഈശോ പ്രത്യക്ഷപ്പെട്ടപ്പോഴും, യൂദാ തദേവൂസ് തന്റെ വിശ്വസ്ത സ്‌നേഹിതനാണെന്നും ആവശ്യനേരങ്ങളില്‍ അദ്ദേഹം സഹായവുമായി എത്തുമെന്നും വെളിപ്പെടുത്തുകയുണ്ടായി. വീണ്ടും മറ്റൊരു ദര്‍ശനത്തില്‍ യേശു ബ്രിജറ്റിനോട്, നിങ്ങളുടെ പള്ളിയില്‍ യൂദാ തദേവൂസിനായി ഒരു അള്‍ത്താര നീക്കിവയ്ക്കാനും നിഷ്‌കളങ്കമായ ഹൃദയംകൊണ്ട് സാത്താനെ പരാജയപ്പെടുത്തുന്നവനാണ് വിശുദ്ധനെന്നും പറഞ്ഞു.

ഈശോയുടെ വിശ്വസ്തദാസനും സനേഹിതനുമാണ് വി. യൂദാശ്ലീഹായെന്ന് ഈ സംഭവങ്ങളില്‍നിന്നു വ്യക്തമാണ്. അതുകൊണ്ട് വിശുദ്ധനോട്, നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളില്‍ സഹായമെത്തിക്കണമേ എന്നു നമുക്കു പ്രാർഥിക്കാം,

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.