
മാർപാപ്പ പൂർണ്ണമായി അശക്തനാകുകയോ, മരിക്കുകയോ ചെയ്യുമ്പോൾ കാനോനിക്കൽ നിയമപ്രകാരം വ്യവസ്ഥകളുണ്ട്. എന്നാൽ പാപ്പ ആശുപത്രിയിലായിരിക്കുകയോ, ‘മുഴുവൻസമയം വിശ്രമം’ നിർദേശിക്കുകയോ ചെയ്താൽ പരിശുദ്ധ സിംഹാസനത്തിലെ കാര്യങ്ങൾക്ക് ആര് മേൽനോട്ടം വഹിക്കും. 88 വയസ്സുള്ള മാർപാപ്പ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ഉയരുന്നത്.
ഇപ്പോൾ പരിശുദ്ധ സിംഹാസനത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നുണ്ട്. വത്തിക്കാനിലെ നിരവധി ഡിക്കസ്റ്ററികളും അവയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ബുർക്കിന ഫാസോയിൽ നാലുദിവസത്തെ യാത്രയ്ക്കായി പോയിരിക്കുകയാണ്. രാജ്യത്തെ സുവിശേഷവൽക്കരണത്തിന്റെ 125 വർഷം ആഘോഷിക്കാൻ; ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മൈക്കൽ സെർണി, മാർപാപ്പയുടെ പിന്തുണ രാജ്യത്തെ നിവാസികൾക്ക് എത്തിക്കുന്നതിനായി ഇപ്പോൾ ലെബനനിലാണ്. വത്തിക്കാൻ നയതന്ത്ര പ്രധാനിയായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ കഴിഞ്ഞ ദിവസം മ്യൂണിക്കിലെ സുരക്ഷാസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എല്ലാവരും പതിവുപോലെ അവരുടെ ജോലികൾ തുടരുന്നു.
എങ്കിലും മാർപാപ്പയുടെ അംഗീകാരമില്ലാതെ ചില തീരുമാനങ്ങളെടുക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു ബിഷപ്പിനെ നിയമിക്കുകയോ, കൂരിയയുടെ ഡിക്കാസ്റ്ററികൾ ഹാജരാക്കിയ പ്രധാന രേഖകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് മാർപാപ്പയുടെ തീരുമാനപ്രകാരമാണ്. അതുപോലെ, മാർപാപ്പയുടെ ഇടപെടലില്ലെങ്കിൽ സഭയുടെ ജീവിതത്തിന് പ്രാധാന്യമുള്ള ചില വിഷയങ്ങൾ വൈകിയേക്കാം.
കാനോനിക്കൽ നിയമമനുസരിച്ച് ഒരു മാർപാപ്പയുടെ മരണത്തിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്. അധികാരം ഒഴിവുള്ള കാലയളവിൽ, നിലവിൽ കർദിനാൾ കെവിൻ ഫാരെൽ കാമർലെങ്കോയെ ചുമതലകൾ ഏൽപിക്കും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം സമകാലിക കാര്യങ്ങളുടെ ചുമതല വഹിക്കും. എന്നാൽ കാനോൻ നിയമം എല്ലാറ്റിനും വ്യവസ്ഥ ചെയ്യുന്നില്ല. പ്രത്യേകിച്ച് ഒരു മാർപാപ്പയ്ക്ക് അസുഖം വന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. ആരോഗ്യം പരിഗണിക്കാതെ ആശുപത്രിയിൽപോലും മാർപാപ്പയായി തുടരേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ, മാർപാപ്പയ്ക്ക് പ്രതിനിധികൾ മുഖേന അഭ്യർഥന കൈമാറാൻ കഴിയും.