

ദൈവം നമുക്കു സഹായകനായി നൽകിയത് പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമൻ. നമ്മെ എന്നും അറിവിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതും ജ്ഞാനം പകരുന്നതും പരിശുദ്ധാത്മാവാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമൻ എന്ന നിലയിൽ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നതായ പ്രവർത്തനങ്ങളിൽ നിന്ന് നാം അകന്നിരിക്കണം. ഏതൊക്കെ അവസരങ്ങളിലാണ് അല്ലെങ്കിൽ ഏതൊക്കെ പ്രവർത്തങ്ങളിലൂടെയാണ് നാം പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. അത് ഏതൊക്കെയാണെന്നു നോക്കാം.
1. നമ്മുടെ ശരീരത്തെ പാപത്തിന് ഏല്പിച്ചുകൊടുക്കുമ്പോള് ആത്മാവ് ദു:ഖിക്കുന്നു. എന്തെന്നാല്‍ പരിശുദ്ധാത്മാവ് വിശുദ്ധിയുടെ ആത്മാവാണ് (1 കൊറി 3: 16-17).
2. നമ്മള് ലോകവുമായി ഇഴുകിച്ചേരുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് വേദനിക്കും (യാക്കോബ് 4: 4-5).
3. നമ്മള് സംശയത്തിലും അവിശ്വാസത്തിലും ജീവിക്കുമ്പോള്‍ ആത്മാവ് വേദനിക്കുന്നു. എന്തെന്നാല്‍ അവന് വിശ്വാസത്തിന്റെ ആത്മാവാകുന്നു (റോമ 15:13, 2 കൊറി 4:13).
4. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ആത്മാവ് ദുഖിക്കുന്നു. എന്തെന്നാല്‍ പരിശുദ്ധാത്മാവ് സ്നേഹത്തിന്റെ ആത്മാവാണ് (ഗലാ. 5:22, റോമ 5:5).
5. നമ്മുടെ പ്രാര്‍ഥന നമ്മിലേക്കുമാത്രം ഒതുങ്ങുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് നമ്മുടെ മധ്യസ്ഥതയുടെ ആത്മാവാണ് (റോമ 8: 26-27).
6. വചനത്തെ നിരാകരിക്കുകയും മറുതലിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ് (യോഹ. 16:13).
7. നമ്മള് വചനത്തെ നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് പഠിപ്പിക്കലിന്റെ ആത്മാവാണ് (1 കൊറി 2: 10-14).
8. നാം നമ്മുടെ ബുദ്ധിയിലേക്കു തിരിയുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് വിവേകത്തിന്ന്റെ ആത്മാവാണ് (ഏശയ്യാ 11:2, 1 കൊറി 12:8).
9. നമ്മള് ദൈവത്തിന്റെ വഴിയെ നീങ്ങാതിരിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് പ്രബോധനത്തിന്റെ ആത്മാവാണ് (റോമ 8:14).
10. നമ്മള് പ്രവചനത്തെ തുഛീകരിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് പ്രവചനത്തിന്റെ ആത്മാവാണ് (വെളി. 2:29).
11. നാം ന്യായപ്രമാണത്തിലേക്കു തിരികെപ്പോകുകയും അതില്‍ത്തന്നെ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് പുതിയ ഉടമ്പടിയുടെ ആത്മാവാകുന്നു (2 കൊറി 3: 1-18).
12. നാം നമ്മുടെ ശക്തിയില്‍ ആശ്രയിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് ശക്തിയുടെ ആത്മാവാണ് (ലൂക്കാ 24:49, സഖ. 4:6).
13. നമ്മള് യേശുവിനെ സാക്ഷീകരിക്കാൻ പരാജയപ്പെടുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ആത്മാവാണ് (1 പത്രോസ് 1:10, വെളി. 1: 9-10).
14. നമ്മള് പിതാവായ ദൈവത്തിന്റെ സ്നേഹത്തെ മറക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, പരിശുദ്ധാത്മാവ് പിതാവിന്റെ ആത്മാവാണ് (യോഹ. 14:16, ഏശയ്യാ 63: 8-10).
15. നമ്മുടെ കഷ്ടതയില്‍ ദൈവത്തോട് പിറുപിറുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു. കാരണം, അവന് മഹത്വത്തിന്റെ ആത്മാവാണ് (1 പത്രോസ് 4: 12-16).
പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ യേശുക്രിസ്തുവിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും എപ്പോഴും നമ്മോടു കൂടെയുണ്ടായിരിക്കട്ടെ.
ജിൻസി സന്തോഷ്