ജീവിച്ചിരിക്കുമ്പോഴാണോ മരിച്ചുകഴിയുമ്പോഴാണോ തന്റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനകള്‍ ഒരാള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നത്? ജീവിച്ചിരിക്കുമ്പോള്‍ എന്നതാണ് ഉത്തരം. മരണത്തിനുശേഷം കരുണയില്ല, ജീവശ്വാസമുള്ള കാലത്തോളം ഒരു മനുഷ്യന് യേശുവിന്റെ അനന്തകരുണയില്‍ ആശ്രയിക്കുകയും പൊറുതി യാചിക്കുകയും ചെയ്യാം.
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയാണ് നാം പ്രാര്‍ഥിക്കേണ്ടത്; അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകുക എന്നതിനേക്കാളുപരിയായി. ഒരര്‍ഹതയില്ലെങ്കിലും എത്ര കഠിനപാപിയാണെങ്കിലും ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ ഈശോയുടെ അനന്തമായ കരുണ അയാളുടെ ആത്മാവിലേക്ക് കൃപകള്‍ വര്‍ഷിക്കുന്നു. ഇത് ആത്മാവിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും മരിച്ചാല്‍ ആത്മാവിന്റെ ശുദ്ധീകരണദൈര്‍ഘ്യം കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.
മരണസമയത്ത് പാപികള്‍ അനുതപിക്കുന്നതിനുള്ള കൃപ, യേശു പിതാവില്‍നിന്ന് നമുക്കായി നേടിയെടുത്തിട്ടുണ്ട്. മരണാസന്നര്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുന്നതും കുരിശിന്റെ വഴി നടത്തുന്നതും കരുണക്കൊന്ത, ജപമാല, മിഖായേല്‍ മാലാഖയോടുള്ള ജപം, മാലാഖമാരുടെ സ്തുതിപ്പ്, വ്യാകുല മാതാവിനോടുള്ള ജപം എന്നിവയും വളരെ ഫലപ്രദമാണ്. അവസാനത്തെ മണിക്കൂറുകളാണ് ഒരാളുടെ നിത്യജീവിതത്തെ തീരുമാനിക്കുന്നത്. അതുകൊണ്ട്, മരണസമയത്തിനുമുമ്പ് അനുതപിക്കാനുള്ള കൃപ അവര്‍ക്കു നല്‍കണമേയെന്ന് ദൈവത്തോട് നമുക്ക് പ്രാര്‍ഥിക്കാം.