ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും എന്നാൽ വളരെ ഉത്തരവാദിത്വത്തോടു കൂടിയും ചെയ്യേണ്ട ജോലിയാണ് കുട്ടികളെ വളർത്തുകയെന്നത്. അതിനായി പലപ്പോഴും നിങ്ങൾക്ക് പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും തന്നെ നടത്താൻ സാധിച്ചില്ലെന്നു വന്നേക്കാം. നല്ല ഒരു രക്ഷകർത്താവായി മാറാൻ മാതാപിതാക്കൾ കുട്ടികൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിനൽകുകായും ചെയ്യും. കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം നൽകുന്നതിനു പിന്നിലെ കാരണം, അടുത്തിടയായി കുട്ടികളുടെ വളർച്ചയിൽ ഇന്നത്തെ മാതാപിതാക്കൾ കടുത്ത ആകുലരാണെന്നതാണ്. നല്ല ഒരു രക്ഷിതാവായി മാറാൻ പലപ്പോഴും മാതാപിതാക്കൾ കടുത്ത ശ്രമത്തിലാണ്. അതിനായി കുട്ടികളുടെ ആവശ്യവും അത്യാവശ്യവും മനസ്സിലാക്കാതെ അവരുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്നു. എന്നാൽ ഇത് ശരിയായ കാര്യമല്ല.
നല്ല രക്ഷിതാക്കളായി മാറുക എന്നത് അത്ര നിസ്സാരമല്ല. അതിന് കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാനുള്ള വിവേകം മാതാപിതാക്കൾക്കുണ്ടായേ തീരൂ. നല്ല രക്ഷിതാവായി മാറാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില പൊടിക്കൈകകൾ ഇന്ന് പരിചയപ്പെടാം.
1. മുതിർന്നവരുടെ പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക
കുടുംബപ്രശ്നങ്ങളോ, വ്യക്തിഗതമായ പ്രശ്നങ്ങളോ എന്തുമാകട്ടെ, മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് കരയുന്നതും വാതിൽ കൊട്ടിയടയ്ക്കുന്നതുമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. ഒരുപക്ഷേ, ഇത്തരം പ്രവർത്തികൾ അവരുടെ കുഞ്ഞുഹൃദയത്തെ നോവിച്ചേക്കാം. അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റു മൂലമാണ് ഇത് സംഭവിച്ചതെന്ന്, ഇത്തരം പ്രവൃത്തികൾ അവരെ തോന്നിപ്പിച്ചേക്കാം. ഇത് അവരിൽ അനാവശ്യമായ കുറ്റബോധം സൃഷ്ടിക്കാനും ഉൾവലിഞ്ഞ സ്വഭാവക്കാരായി മാറാനും കാരണമാകും.
2. കുട്ടികളുുടെ തെറ്റുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക
കുഞ്ഞുങ്ങൾ തെറ്റുചെയ്താൽ മാതാപിതാക്കൾ മറ്റുള്ളവരോട് പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അത് ബന്ധുക്കളോ, അടുത്ത സുഹൃത്തുക്കളോ ആരുമായിക്കൊള്ളട്ടെ. കുഞ്ഞുങ്ങളുടെ തെറ്റുകൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കുമ്പോൾ അത് കുട്ടികളെ വിഷമത്തിലാക്കുകയും അവർ നിങ്ങളിൽ നിന്നും കാര്യങ്ങൾ മറച്ചുവയ്ക്കാൻ കാരണമാകുകയും ചെയ്യും.
3. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക
സ്വന്തം കുട്ടികളെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്ന പ്രവണത മാതാപിതാക്കൾക്കുണ്ട്. ഇത് ഒഴിവാക്കേണ്ടത് അത്യവശ്യമാണ്. തങ്ങളുടെ പരിശ്രമങ്ങൾ ചെറുതാണെന്നു തോന്നിക്കുന്നതിന് ഇത് കാരണമായി മാറും.
4. വാഗ്ദാനങ്ങൾ നൽകിയോ, പേടിപ്പിച്ചോ ഒരു കാര്യം ചെയ്യാൻ പ്രേരിപ്പിക്കരുത്
കുട്ടികളെ പേടിപ്പിക്കാതെ, വാഗ്ദാനങ്ങൾ നൽകാതെ അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ പരിശീലിപ്പിക്കണം. പേടിപ്പിക്കുന്നതിലൂടെയും വാഗ്ദാനങ്ങൾ നൽകിയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രോത്സാഹിപ്പിച്ചാൽ അത് അവരുടെ സ്വഭാവത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.
5. പരാതികളെ കേൾക്കുക
കുട്ടികളുടെ പരാതികളും പരിഭവങ്ങളും കേൾക്കാൻ സമയം കണ്ടെത്തുന്നത് ഒരു നല്ല രക്ഷിതാവിന്റെ ലക്ഷണമാണ്. പരാതികൾ തമാശയായി തോന്നുന്ന കാര്യമാണെങ്കിൽപോലും കളിയാക്കാതെ അത് ശ്രദ്ധിക്കാനും അവരെ പരിഗണിക്കാനും മാതാപിതാക്കൾക്കു സാധിക്കണം. ഒരുപക്ഷേ, ഇത്തരം സംഭവങ്ങളിൽ കളിയാക്കുന്നത്, അവർ പിന്നീട് പല കാര്യങ്ങളും നിങ്ങളോട് പറയുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചേക്കാം.
6. കുട്ടികളെയും അംഗീകരിക്കാം
മാതാപിതാക്കളായതിനാൽ നാം പറയുന്നതു മാത്രമാണ് ശരി എന്ന ധാരണ തെറ്റാണ്. ചിലപ്പോഴോക്കെ കുട്ടികൾക്ക് നിങ്ങളേക്കാൾ അറിവുണ്ടായിരിക്കാം. അത് അംഗീകരിക്കാനും നാം പഠിക്കണം.
7. കുടുംബപ്രശ്നങ്ങളിൽ നിന്നും കുട്ടികളെ അകറ്റിനിർത്തുക
മാതാപിതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കുഞ്ഞുങ്ങളെയും സ്വാധീനിക്കുന്നു. അതിനാൽ തർക്കങ്ങളും വഴക്കുകളുമെല്ലാം കുട്ടികളിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണം.