ഉരുളെടുത്ത വയനാടിന്റെ വികസന സ്വപ്നങ്ങൾ

അഗസ്റ്റിൻ പുൽപ്പള്ളി

വീര പഴശ്ശിയെയും, ടിപ്പുവിനെയും, കരിന്തണ്ടനെയും, തലക്കൽ ചന്ദുവിനേയും പോലുള്ളവരുടെ ഇതിഹാസതുല്യമായ ഗാഥകളാൽ വയനാടൻ ചരിത്രത്തിന് ചന്ദനത്തിൻ്റെ ഗന്ധമുണ്ട്. ഉരച്ചെടുക്കുന്നതനുസരിച്ചു സുഗന്ധം കൂടുന്ന ചന്ദനം പോലെ തന്നെ വയനാടിനെ കൂടുതൽ പര്യവേഷണം ചെയ്യുന്നതിനനുസരിച്ച് അതിന്റെ അനന്ത സാധ്യത വർധിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ ചരിത്രങ്ങളൊക്കെ ചിതക്കുപയോഗിക്കാനുള്ള മരക്കഷ്ണമായി ഇന്നും തുടരുന്നു.

കൃഷിയാണ് വയനാടൻ ജനതയുടെ ആകെയുള്ള വരുമാനമാർഗം. കൃഷിയെ ആശ്രയിച്ചു ഇനി മുന്നോട്ടു പോകാൻ വയനാടൻ ജനതക്കാവില്ലെന്ന നഗ്നസത്യം വിസ്മരിച്ചുകൂടാ. പുതുതലമുറയിലെ ഒരാളും ഈ നാട്ടിൽ നിൽക്കാൻ തയാറല്ല. വയനാട്ടിലെ കണ്ണായ ഭൂമി മുഴുവൻ വയനാട്ടുകാരുടെ കൈയിൽ നിന്നും പണ്ടേപോയി. ഇവിടുത്തെ ജനങ്ങളുടെ ജീവിതം വളരെ കഷ്ടമാണ്.

എന്നാൽ ഈ നാട്ടിലെ ജനപ്രധിനിധികളും, ഭരണാധികാരികളും മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ, സ്വജനപക്ഷപാത, സ്വാർത്ഥ താൽപര്യങ്ങളിൽ നിന്നും ഒരിക്കൽ പുറത്തു വന്നാൽ തന്നെ വയനാട് ഇന്ത്യയിൽ, ലോകത്ത് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നത് നിസ്തർക്കമാണ്.

നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെയും അവരുടെ ജീവിത രീതികളെയും ആഘോഷങ്ങളെയുമെല്ലാം പരിചയപ്പെടുവാൻ അവസരം നല്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ ഇന്ത്യയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. നാഗാലാൻഡിന്റെ സംസ്കാരം നോക്കിയാൽ തുടക്കം മുതൽ തന്നെ കൃഷിയെ ആശ്രയിച്ചുള്ള ജീവിതരീതിയാണ് ഇവിടെയുള്ളത്. ഇവിടുത്തെ എല്ലാ ഗോത്രങ്ങൾക്കും ജീവിതോപാധി കൃഷിയാണ്. അതുകൊണ്ടുതന്നെ അവരുടെ ആഘോഷങ്ങളിലും കൂടിച്ചേരലുകളിലും നിറഞ്ഞുനിൽക്കുന്നതും അവരുടെ സംസ്കാരം വളർന്നു വന്നതുമെല്ലാം കൃഷിയെ ചുറ്റിപ്പറ്റിയാണ്. ഇങ്ങനെ നോക്കുമ്പോൾ, ഈ സംസ്കാരങ്ങളെയെല്ലാം പരസ്പരം ബന്ധപ്പെടുത്താനും ഗോത്രങ്ങൾ തമ്മിലുള്ള ആശയവിനിമയവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഗാലാൻഡ് സർക്കാർ മുൻകൈയെടുത്താണ് ഹോൺബിൽ ഫെസ്റ്റിവൽ ആരംഭിച്ചത്. എന്തുകൊണ്ട് ഇത്തരം ആഘോഷങ്ങൾ വയനാട്ടിൽ നടത്തിക്കൂടാ? വയനാടിനും നാഗാലാൻഡിനും ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും ആചാരാനുഷ്ടാനങ്ങളിൽ വളരെ സമാനതകളുണ്ട്.

നാഗാലാൻഡിനേക്കാൾ മനോഹരമായ പല കാര്യങ്ങളും ഈ മണ്ണിലുണ്ട്

ആചാരഅനുഷ്ടാനങ്ങൾ, ഭക്ഷണ വിഭവങ്ങൾ, കൃഷിയിടങ്ങൾ, വനത്തിലൂടെയുള്ള ജീപ്പ് ആന സഫാരികൾ, പാരാഗ്ലൈഡിംഗ് സാധ്യതകൾ, ടെന്റ് ക്യാമ്പിംഗ്, ബൈക്ക് ടൂർ, വില്ലേജ് ലൈഫ് വാക്കിംഗ് ടൂർ, വാട്ടർ റാഫ്റ്റിംഗ്, ടീ എസ്റ്റേറ്റ് & ഫാക്ടറി ടൂർ, ട്രെക്കിംഗ് & മൗണ്ടൻ ഹൈക്കിംഗ് ടൂർ, റിസർവോയറുകളിൽ ബോട്ടിംഗ്, കരകൗശല ഗ്രാമപര്യടനം, ഗ്രാമങ്ങളിലൂടെയുള്ള സൈക്ലിംഗ്, വടംവലി, കലം തല്ലി പൊട്ടിക്കൽ പോലുള്ള ഓണക്കളികൾ, ബാംബൂ റാഫ്റ്റിംഗ്, ആയുർവേദ മസാജ് & ചികിത്സകൾ, ആനയെ കുളിപ്പിക്കലും തീറ്റ കൊടുക്കലും, ആദിവാസി ഗ്രാമ സന്ദർശനവും ആദിവാസി ജീവിതാനുഭവവും, ആദിവാസികളുമായും ഫോറസ്റ്റ് ഗാർഡുകളുമായും വനാനുഭവ പര്യടനം, നദികളിലെ മുള റാഫ്റ്റിംഗ്, വിളവെടുപ്പ് ടൂർ ഉൾപ്പെടെയുള്ള നെൽകൃഷി അനുഭവം, കള്ള് ടാപ്പിംഗും കള്ള് ഷാപ്പ് സന്ദർശനവും. കേരള പാചക പരിചയപ്പെടുത്തൽ, കേരള നൃത്തങ്ങളും മറ്റ് പ്രകടനങ്ങളും, ഗ്രാമങ്ങളിലൂടെയുള്ള സൈക്ലിംഗ്, കളരി പരിശീലനം, കളരി പ്രകടന പ്രദർശനം, റബ്ബർ ടാപ്പിംഗ് & പ്രോസസ്സിംഗ് ടൂർ. ക്ഷേത്ര സന്ദർശനം, ക്ഷേത്രോത്സവ അനുഭവം, ഓട്ടോ റിക്ഷാ ടൂറുകൾ, കാളവണ്ടി ഗ്രാമപര്യടനം അങ്ങനെ അനന്തമായ പല സാധ്യതകളും നമ്മുടെ വയനാടിനുണ്ട്.

ഈ സാധ്യതകളെയെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്നിടത്താണ് ഭരണകൂടത്തിൻ്റെയും ജനപ്രധിനിധികളുടെയും മാധ്യമങ്ങളുടെയും വിജയം. നമ്മൾ വാഹനമോടിക്കുമ്പോൾ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന ഹോണിൻ്റെ ശെരിക്കുമുള്ള ഉപയോഗത്തെക്കുറിച്ചു തുടങ്ങി ചവച്ചു തുപ്പുന്ന ച്യൂയിന്ഗം എവിടെ നിക്ഷേപിക്കണമെന്നു വരെയും, ആണും പെണ്ണും തമ്മിൽ ശാരീരികമായ മാറ്റം മാത്രമാണുള്ളതെന്നും ഇരുവരുടെയും ലോകം ഒന്നാണെന്നുമുള്ള ബോധം വളർത്തിയെടുക്കുന്നതിൽ എല്ലാ വിധ പ്രചാരണങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാവണം. സർക്കാരിന് വേണ്ടിയല്ല ജനങ്ങൾക്കു വേണ്ടിയാണ് സർക്കാരെന്ന ബോധം ജനങ്ങൾക്ക് തോന്നാനാവശ്യമായ കാര്യങ്ങൾ ചെയ്യണം. ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് ഈ നാടിനെ ആസ്വദിക്കാനും ആഘോഷിക്കാനും അവസരമൊരുക്കണം. അവരുടെ വീടുപോലുള്ള സുരക്ഷിതാവസ്ഥ ഉണ്ടാവണം (പാത്രിയാർക്കൽ വീടാവരുത് ). വൈകുന്നേരം അഞ്ചുമണിയാകുമ്പോഴകുമ്പോഴേക്കും ഇവിടുത്തെ വിനോദ കേന്ദ്രങ്ങൾ എല്ലാം അടക്കും. നൈറ്റ് ലൈഫ് ആഘോഷിക്കാൻ അവസരമുണ്ടാക്കണം. പൊതു ഗതാഗതം, ടാക്സി, ഹോട്ടൽ, റിസോർട്സ്, ഹോം സ്റ്റേ, വഴിയോര കടകൾ അങ്ങനെ എല്ലാ ആളുകളെയും ഈ സിസ്റ്റത്തിൻ്റെ ഭാഗമാക്കണം. എഴുത്തിനപ്പുറം ഒരുപാടുകാര്യങ്ങളുണ്ട്. ഒന്നിച്ചു നിന്നാൽ ഈ നാടും ഇവിടുത്തെ ജനങ്ങളും എല്ലാരും സാമ്പത്തികമായും മാനസികമായും മുന്നേറും.

നമ്മൾ മലയാളികൾ ഹൈലെവൽ എനർജിയുള്ളവരാണ്, ബുദ്ധിയുള്ളവരാണ്. ഏതു കാര്യമാണെങ്കിലും അതിൻ്റെ അങ്ങേയറ്റം വരെ പോകാൻ കഴിവുള്ളവർ. എപ്പോഴും നമ്മൾ ആക്ടിവായിരിക്കും. പക്ഷേ ഈ എനർജി നാടിൻ്റെയും നാട്ടുകാരുടെയും സന്തോഷത്തിനു വേണ്ടി ഉപയോഗിക്കുന്നതിനു പകരം പലപ്പോഴും അക്രമത്തിനും കലാപത്തിനും വേണ്ടി വഴി തിരിച്ചു വിടുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ ലോകകപ്പ് പോലും അത്രയധികം ആഘോഷിക്കുകയും ലോക ശ്രദ്ധ ആകർഷിക്കുകയും ആഘോഷത്തിൻ്റെ അവസാനം അക്രമങ്ങൾ ഉണ്ടാകുകയും ചെയുന്നതിന് കാരണം ഇനി വിവരിക്കേണ്ടതില്ലല്ലോ. കുറ്റമായി പറഞ്ഞതല്ല, പക്ഷേ ഇതൊരു അവസ്ഥയാണ്. ആരോഗ്യപരമായും ആശയപരമായും മറ്റൊന്നും ചെയ്യാനില്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

കേരളത്തിന് പുറത്തേക്കു പോയാൽ നിഷ്കളങ്കമായ പുഞ്ചിരികൾ കാണാം. ആത്മാർത്ഥമായ സന്തോഷങ്ങൾ കാണാം. വലിയ വീടുകളില്ലാ പക്ഷേ വലിയ മനസുള്ളവരെ കാണാം. നമ്മൾ പറച്ചിലിൽ മാത്രം സന്തോഷം കണ്ടത്തുന്നവർ. ഒരു കാര്യവുമില്ലാതെ ചുമ്മാ വിഷമിക്കുന്നവർ. ഒന്നിനുമല്ലാതെ എപ്പോഴും തിരക്കുകൾ, ജീവിക്കാൻ മറക്കുന്നവർ.

ഈ നാടിനെ, ഇവിടുത്തെ മനുഷ്യ പ്രകൃതി സംസ്കാര വിഭവങ്ങളെ കുറച്ചുകൂടി ആരോഗ്യപരമായി ബുദ്ധിപരമായി ഉപയോഗിക്കാൻ ഈ നാടിൻ്റെ മേൽനോട്ടക്കാർക്ക് കഴിഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഈ നാടിനോടും നാട്ടുകാരോടും വരും തലമുറയോടും നീതിപുലർത്തിയെന്നു ആത്മാർഥമായി അഭിമാനിക്കാൻ കഴിയും. ഒന്നിച്ചുപോയാൽ ഈ നാടിനെ എല്ലാ അർത്ഥത്തിലും ദൈവത്തിൻ്റെ സ്വന്തം നാടാക്കാം അല്ലങ്കിൽ ചെകുത്താൻ്റെയും. ഏതു വേണമെന്നുള്ള തീരുമാനം ജനപ്രധിനിധികൾക്കും, ഭരണകൂടത്തിനും മാധ്യങ്ങൾക്കും വിട്ടുനൽകുന്നു. ഉരുളെടുത്ത ഒരു നാടിന്റെ സ്വപ്നങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ അവിടുത്തെ അനന്ത സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് തന്നെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ആത്മാഭിമാനമുള്ള ഒരു നാടിനെയും ജനങ്ങളെയും തലമുറയെയും വാർത്തെടുക്കാൻ സാധിക്കും.

അഗസ്റ്റിൻ പുൽപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.