വിശുദ്ധനായിത്തീർന്ന ‘യൂസ്‌ലെസ് ബ്രദർ’

ഒക്ടോബർ 16-ന് കത്തോലിക്കാ സഭ തിരുനാൾ ആഘോഷിക്കുന്ന ഒരു വിശുദ്ധനുണ്ട് – വി. ജെറാർഡ് മജെല്ല. ‘അമ്മമാരുടെ വിശുദ്ധൻ’ എന്നുകൂടി ജെറാർഡ് അറിയപ്പെടുന്നു. ഗർഭിണികൾ, സുഖപ്രസവത്തിനായും അമ്മമാർ അവരുടെയും മക്കളുടെയും നല്ല ആരോഗ്യത്തിനുവേണ്ടിയും ഈ വിശുദ്ധന്റെ മാധ്യസ്ഥ്യം തേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

ഒരു സ്ത്രീ അല്ലാത്ത, റിഡംറ്ററിസ്റ്റ് സഭയിലെ ഒരു തുണസഹോദരനായിരുന്ന ജെറാർഡ് മജെല്ലയോട് ഇത്രയും അമ്മമാർ പ്രാർഥിക്കാനുള്ള കാരണം ഒരുപക്ഷേ എന്തായിരിക്കും. എണ്ണമില്ലാത്തത്ര അനുഗ്രഹങ്ങളും കൃപകളും ഈ വിശുദ്ധനോട് മാധ്യസ്ഥ്യം യാചിച്ചതിന്റെ ഫലമായി അമ്മമാർക്ക് ലഭിക്കുന്നുണ്ട് എന്നതുതന്നെയാണ് കാരണം. ജീവിച്ചിരുന്നപ്പോഴും വിശുദ്ധൻ അമ്മമാർക്ക് അവരുടെ പ്രതിസന്ധികളിലും മറ്റും സഹായമായിരുന്നു. അതുപോലെതന്നെ മരണത്തിനുശേഷവും.

സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്നു എന്നുള്ളത് എത്ര നല്ല കാര്യമാണല്ലേ. എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ് എന്ന സത്യത്തെയാണ് അതെപ്പോഴും ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നത്. വി. ജെറാർഡ് മജെല്ല ഇറ്റലിയിലെ നേപ്പിൾസിനടുത്തുള്ള മൂറോ എന്ന പട്ടണത്തിൽ പാവപ്പെട്ട കൃഷിക്കാരുടെ ഇടയിൽ ജനിച്ചവനാണ്.

1726 ഏപ്രിൽ 13-ന് ഡോമിനിക്കിന്റെയും ബെനെദീത്തയുടെയും അഞ്ചുമക്കളിൽ ഇളയവനായിട്ടായിരുന്നു ജനനം. ഒട്ടും ആരോഗ്യമില്ലാത്തവനായി ജനിച്ചതുകൊണ്ട് ഒരു വയസ്സ് പൂർത്തിയാകുംവരെയും അവൻ ജീവിച്ചിരിക്കുമെന്ന് അവന്റെ മാതാപിതാക്കൾ കരുതിയിരുന്നില്ല. എങ്കിലും, അവർ ഭയപ്പെട്ടതുപോലെ ജെറാർഡിന് കുഴപ്പമൊന്നുമുണ്ടായില്ല.

അമ്മ അവനെ പള്ളിയിൽ കൊണ്ടുപോകാൻ തുടങ്ങിയതുമുതൽ പരിശുദ്ധ കുർബാന അവന്റെ പ്രധാന ആകർഷണമായി. വീട്ടിൽ അൾത്താരപോലെ ഉണ്ടാക്കിയെടുത്ത് കൂട്ടുകാരെ വിളിച്ച് പള്ളിയിലെ ‘ചടങ്ങുകൾ’ അവൻ വീണ്ടും നടത്തി, പ്രദക്ഷിണമായി പള്ളിയിലേക്കു പോകും. അവിടെയെത്തുമ്പോൾ അവരോട് സക്രാരിയെ ചൂണ്ടിക്കാണിച്ചു പറയും, “വരൂ നമുക്ക് തടവിൽക്കഴിയുന്ന ദൈവത്തെ കാണാം.” എന്നിട്ട് എല്ലാവരുംകൂടി മുട്ടുകുത്തി ആരാധിക്കും.

ജെറാർഡിന്റെ അപ്പൻ ഒരു തയ്യൽക്കാരനായിരുന്നു. ജെറാർഡിന് 12 വയസ്സുള്ളപ്പോഴാണ് അവന്റെ പിതാവ് മരണമടയുന്നത്. പഠനം നിർത്തേണ്ടിവന്ന അവൻ നിത്യവൃത്തിക്കായി അതേ തൊഴിൽതന്നെ ശീലിച്ചു. ഒരു തയ്യൽക്കാരന്റെ സഹായിയായി നിന്നെങ്കിലും അയാൾക്കും വരുമാനം തീരെ കുറവായതിനാൽ ജോലി നഷ്ടപ്പെട്ടു. പിന്നീടു കിട്ടിയ യജമാനൻ ക്ഷിപ്രകോപിയായിരുന്നു. ബാക്കി പണിക്കാരെല്ലാം ജോലി ഇട്ടെറിഞ്ഞുപോകുമ്പോഴും അങ്ങേയറ്റത്തെ ക്ഷമ ഉണ്ടായിരുന്നതിനാൽ ജെറാർഡ് പിടിച്ചുനിന്നു.

ഒരിക്കൽ വീടിന്റെ താക്കോൽ അവനു കൊടുത്ത്, വീടു നോക്കാനേല്പിച്ച് അവന്റെ മുതലാളി ഒരു യാത്ര പോയി. അബദ്ധവശാൽ താക്കോൽ കിണറ്റിൽ വീണു. മുതലാളി വഴക്കു പറയുമല്ലോ എന്നോർത്ത് പേടിച്ചുവിറച്ച് അവൻ പള്ളിയിലേക്കോടി. ‘ഈശോയെ, എന്തെങ്കിലും മാർഗം കാണിച്ചുതരണേ’ എന്ന് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്ന അവൻ ഉണ്ണീശോയുടെ ചെറിയ ഒരു രൂപം അവിടെ കണ്ടു. അതെടുത്ത് ശരവേഗത്തിൽ ഓടി കിണറ്റിൻകരയിലെത്തിയ ജെറാർഡ് ഉണ്ണീശോയെ ഒരു ചരടിൽകെട്ടി കിണറ്റിലേക്കിറക്കി. കണ്ടവരൊക്കെ അവനു വട്ടാണെന്നു വിചാരിച്ചു. പക്ഷേ, തിരിച്ചുകയറ്റിയപ്പോൾ ഉണ്ണീശോയുടെ കൂടെ താക്കോലും ഉണ്ടായിരുന്നു. വാർത്ത കാട്ടുതീപോലെ പടർന്നു. നാട്ടുകാരെല്ലാം കിണർ കാണാൻ ഓടിയെത്തി. ഇന്നും ആ കിണർ അറിയപ്പെടുന്നത് ‘ജെറാർഡിന്റെ കിണർ’ എന്നാണ്.

യജനമാനന്റെ മരണശേഷം വീണ്ടും തയ്യൽപ്പണി തുടർന്ന ജെറാർഡ് കുറഞ്ഞ വരുമാനത്തിൽനിന്നും ഒരു ഭാഗം അമ്മയ്ക്ക് വീട്ടുചെലവിനും ഒരുഭാഗം അഗതികൾക്കായും ബാക്കിയുള്ള ഒരു ഭാഗം ശുദ്ധീകരണാത്മാക്കൾക്ക് കുർബാന ചൊല്ലിക്കുന്നതിനായും നീക്കിവച്ചു.

ഇതിനിടയിൽ പതിനേഴാം വയസ്സിൽ കപ്പൂച്ചിൻ ആശ്രമത്തിൽ ചേരാൻ പോയെങ്കിലും അവർ അവനെ സ്വീകരിച്ചില്ല. പിന്നീട് റിഡംറ്ററിസ്റ്റുകളുടെ സഭയിൽ (വി. അൽഫോൻസ് ലിഗോരി സ്ഥാപിച്ചത്) ചേരാൻ ശ്രമിച്ചു. അവർ പറഞ്ഞു: “വളരെ കഠിനമായ ജീവിതരീതിയാണ് ഞങ്ങളുടേത്. ജോലിയും പ്രാർഥനയും ഇടകലർന്നതാണ് ഞങ്ങളുടെ ജീവിതം. വലിയ ദാരിദ്ര്യത്തിൽ ജീവിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലളിതമായ ഭക്ഷണമാണെങ്കിലും ഉപവാസത്തിന് ഒട്ടും കുറവുണ്ടാവുകയുമില്ല.”

“അതുതന്നെയാണ് എനിക്ക് വേണ്ടതും” – അവൻ പറഞ്ഞു. എങ്കിലും ജെറാർഡിനെ അപ്പോൾ അവിടെ സ്വീകരിച്ചില്ല.

അവന് 19 വയസ്സുള്ളപ്പോൾ ഫാ. പോൾ കഫേരോയുടെ നേതൃത്വത്തിൽ 15 റിഡംറ്ററിസ്റ്റുകൾ മൂറോയിലേക്കു വന്നു. ജെറാർഡ് അവരുടെ കൂട്ടത്തിൽ ചേരാൻ നോക്കുമെന്നു മനസ്സിലായ ഫാ. പോൾ, ജെറാർഡിന്റെ അമ്മയോട്, അവർക്കു പോകാനുള്ള സമയമാകുമ്പോൾ അവനെ പൂട്ടിയിടാൻ പറഞ്ഞു. അമ്മ അതുപോലെതന്നെ ചെയ്തു. എങ്കിലും ജെറാർഡ് പുതപ്പ് പിരിച്ച് കയറു പോലെയാക്കി ജനലിൽനിന്നു താഴേക്കുകെട്ടി അതിലൂടെ രക്ഷപെട്ടു. അമ്മയ്ക്ക് ഒരു കുറിപ്പെഴുതിവയ്ക്കാനും ജെറാർഡ് മറന്നില്ല, “ഞാൻ വിശുദ്ധനാകാനായി പോവുകയാണ്” എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.

കുറച്ചു ഗ്രാമങ്ങൾക്കപ്പുറം ജെറാർഡ് റിഡംപ്റ്ററിസ്റ്റുകളെ കണ്ടെത്തി. നിവൃത്തിയില്ലാതെ, നല്ല ദേഷ്യത്തോടെ, ഫാ. പോൾ ഏറ്റവും അടുത്തുള്ള റിഡംപ്റ്ററിസ്റ്റുകളുടെ ആശ്രമത്തിലേക്ക് അവന്റെ കൈവശം ഒരു എഴുത്ത് കൊടുത്തയച്ചു. “നിങ്ങളുടെ അടുത്തേക്ക് ഒരുപകാരവുമില്ലാത്ത ഒരു സഹോദരനെ (useless brother) ഞാൻ അയയ്ക്കുന്നു” എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.

ആ ‘useless brother’ ആറു വർഷത്തെ ആശ്രമജീവിതം കഴിയുമ്പോഴേക്ക് വിശുദ്ധിയുടെ അനേകപടികളാണ് ചവിട്ടികയറിയത്. ജീവിച്ചിരിക്കുമ്പോൾത്തന്നെ അനേകം അത്ഭുതങ്ങൾ ജെറാർഡിന്റെ പ്രാർഥനവഴി നടന്നതുകൊണ്ട്  ജീവിച്ചിരിക്കുമ്പോഴേ ‘അത്ഭുതപ്രവർത്തകൻ’ എന്ന് അദ്ദേഹത്തിന് പേരു ലഭിച്ചു. തലയിൽ കൈവച്ചുപ്രാർഥിക്കുമ്പോൾ ആളുകളുടെ രോഗങ്ങൾ സുഖമാക്കപ്പെടുമായിരുന്നു. ക്ഷാമകാലത്ത് ധാരാളം ആളുകൾ ആശ്രമത്തിൽ അപ്പത്തിനായി വന്നിരുന്നു.

ഒരുദിവസം കുശിനിക്കാരൻ ജെറാർഡിനോട് വന്നുപറഞ്ഞു: ആശ്രമത്തിലെ അപ്പം കഴിഞ്ഞു. ആളുകളെ പറഞ്ഞുവിടാൻ. “വിഷമിക്കേണ്ട, കലവറയിൽ ചെന്നുനോക്ക്” എന്ന് ജെറാർഡ് പറഞ്ഞു. “ഞാൻ ഇപ്പൊ നോക്കിയിട്ടല്ലേ വന്നത്” എന്നുപറഞ്ഞ് അയാൾ പോകാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം ഒന്നുകൂടി പോയി നോക്കി. അപ്പവും അവശ്യസാധനങ്ങളും നിറഞ്ഞിരിക്കുന്ന അത്ഭുതകാഴ്ചയാണ് കലവറയിൽ കണ്ടത്.

തന്റെ ദൈനംദിന ജോലികളിലാണ് അദ്ദേഹം വലിയ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. തയ്യൽക്കാരനായും പാചകക്കാരനായും തോട്ടക്കാരനായും സാക്രിസ്റ്റ്യനായും അസുഖമുള്ളവരെ പരിചരിക്കുന്നവനായും ജെറാർഡ് ജോലിചെയ്തു. കൊത്തുപണികളും പാട്ടും കവിതയും പ്രകൃതിയുമെല്ലാം അവൻ ഇഷ്ടപ്പെട്ടു. ഏതു കഠിനജോലിയും പുഞ്ചിരിയോടെ ചെയ്തിരുന്ന അവൻ അധികാരികൾ എന്തുപറഞ്ഞാലും ഉടനടി അനുസരിക്കുമായിരുന്നു. അതോടൊപ്പം അവനിൽ, വറ്റാത്ത ജലധാര പോലെ ഉയർന്നുകൊണ്ടിരുന്ന പ്രാർഥന, പട്ടാളചിട്ടയോടെ സ്വശരീരത്തെ മെരുക്കിയ പ്രായശ്ചിത്തം, പാവങ്ങളെ ഏറെ സ്നേഹിച്ച ഉപവി, ഇതെല്ലാം ധാരാളമായി ഉണ്ടായിരുന്നു.

ഒരു വീട്ടിൽനിന്ന് അവൻ ഇറങ്ങുമ്പോൾ തൂവാല മറന്നുവച്ചു. അതുമായി ആ വീട്ടിലെ പെൺകുട്ടി ഓടിവന്നപ്പോൾ ജെറാർഡ് പറഞ്ഞു: “കൈയിൽ വച്ചോളൂ; എന്നെങ്കിലും നിനക്കിത് പ്രയോജനപ്പെടും.” വർഷങ്ങൾക്കുശേഷം അവളുടെ പ്രസവസമയത്ത് ആ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് അവൾക്ക് ജെറാർഡിന്റെ തൂവാലയുടെ കാര്യം ഓർമ വന്നത്. അവൾ അത് ഭർത്താവിനെക്കൊണ്ട് എടുപ്പിച്ച്  വയറിനോടു ചേർത്തുവച്ച് പ്രാർഥിച്ചു. അത്ഭുതകരമായി അവളും കുഞ്ഞും രക്ഷപെട്ടു. ഈ സംഭവമാണ് ജെറാർഡ്, ഗർഭിണികളുടെ മധ്യസ്ഥനായി അറിയപ്പെടാൻ കാരണമായത്.

ജെറാർഡിന് ഒരു അവിഹിതബന്ധമുണ്ടെന്ന് ഒരു സ്ത്രീ നുണക്കഥ പ്രചരിപ്പിച്ചു. സംഭവം സഭാസ്ഥാപകനായ അൽഫോൻസ് ലിഗോരിയുടെ ചെവിയിലെത്തി. തന്റെ നിരപരാധിത്വം അവൻ വെളിപ്പെടുത്തുമെന്നു കരുതി അവനെ വിളിച്ചുചോദിച്ചു. പക്ഷേ, ജെറാർഡ് മൗനംപാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അൽഫോൻസ് ലിഗോരി അവനെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽനിന്ന് വിലക്കി. ജെറാർഡിന് അത് മരണതുല്യമായിരുന്നു. എങ്കിലും അവൻ ഇങ്ങനെ ചിന്തിച്ചു. ‘ഈശോ ഒരുപക്ഷേ, എന്നിൽ എഴുന്നേള്ളിവരാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കിൽ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവൻ എന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടല്ലോ.’

നാളുകൾ പിന്നിട്ടപ്പോൾ അവനിൽ വ്യാജമായി കുറ്റം ആരോപിച്ച സ്ത്രീക്ക് മരണകാരണമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്നു ചിന്തിച്ച അവൾ ഉടൻതന്നെ അൽഫോൻസ് ലിഗോരിക്ക് സത്യംപറഞ്ഞ് കത്തെഴുതി. എന്തുകൊണ്ടാണ് സത്യം പറയാതിരുന്നതെന്ന് അദ്ദേഹം ജെറാർഡിനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ‘ഒരു വിശുദ്ധനാവാൻ പറ്റിയ സന്ദർഭമായിരുന്നു അത്. അത് വഴുതിപ്പോകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.’ അതിന് വലിയ സമ്മാനം സ്വർഗത്തിൽ ഉണ്ടാകുമെന്ന് വി. അൽഫോൻസ് ലിഗോരി അവനോടു പറഞ്ഞു.

ജെറാർഡിനെ വിട്ടുമാറാത്ത ചുമ കുറെയേറെ ശല്യപ്പെടുത്തിയിരുന്നു. പിന്നീട് അത് ക്ഷയമായി രൂപാന്തരം പ്രാപിച്ചു. അത് ജെറാർഡിന്റെ ആയുസ്സ് 29 വയസ്സായി ചുരുക്കി. “എന്നോടുള്ള സ്നേഹത്തെപ്രതി ദൈവപുത്രൻ എനിക്കായി മരിച്ചു. അവന് തീരുമനസ്സാണെങ്കിൽ അവനോടുള്ള സ്നേഹത്തെപ്രതി ഞാനും മരിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് 1755 ഒക്ടോബർ 15-ന് തന്റെ ആത്മാവിനെ ജെറാർഡ് തന്റെ സ്രഷ്ടാവിനു സമർപ്പിച്ചു.

ലിയോ പതിമൂന്നാമൻ പാപ്പ ജെറാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: “ദൈവം മാതൃകയായി ലോകത്തിനു തന്ന മാലാഖയെപ്പോലുള്ള യുവാക്കളിൽ ഒരാൾ.” 1904 ഡിസംബർ 11-ന് പത്താം പീയൂസ് പാപ്പയാണ് ജെറാർഡ് മജെല്ലയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

മരണത്തിനായി ഒരുങ്ങിക്കൊണ്ടിരുന്ന വി. ജെറാർഡ് മജെല്ല, താൻ അസുഖമായിക്കിടക്കുന്ന മുറിയുടെ വാതിലിൽ ആണിയടിച്ചുവച്ച കുറിപ്പിൽ അദ്ദേഹത്തിന്റെ ജീവിതസംഗ്രഹം ഉണ്ടായിരുന്നു – “ദൈവം ആഗ്രഹിക്കുന്നതെന്തോ, അവൻ ആഗ്രഹിക്കുന്നപോലെ, അവൻ ആഗ്രഹിക്കുന്ന അത്രയും കാലം ഇവിടെ നിർവഹിക്കപ്പെടുന്നു.”

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.