ചരിത്രത്തിലെ ഈ ദിനം നിരവധി സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഫാ. ജെർസി പോപ്പിലുസ്‌കോ ഒരു പോളിഷ് കത്തോലിക്ക പുരോഹിതനായിരുന്നു. അദ്ദേഹം സോളിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനായ പോൾലാൻഡ് ട്രേഡ് യൂണിയനുമായി ബന്ധപ്പെടുകയും 1984 ഒക്ടോബർ 19 ന് Służba Bezpieczeństwa യുടെ മൂന്ന് ഏജന്റുമാർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും മൃതദേഹം വിസ്റ്റുല നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പതിനൊന്നു ദിവസങ്ങൾക്കുശേഷം, ഒക്ടോബർ 30 ന് നദിയിൽനിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. ഈ കൊലപാതകം രാജ്യത്തുടനീളം വ്യാപകമായ രോഷത്തിനിടയാക്കി. പിന്നീട് അദ്ദേഹത്തിന്റെ കൊലപാതകികൾ പിടിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.
1905 ലെ റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നിക്കോളാസ് രണ്ടാമൻ ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചത് ഒക്ടോബർ 30 നായിരുന്നു. 1906 ൽ രൂപീകരിച്ച റഷ്യയുടെ ആദ്യ ഭരണഘടനയുടെ മുന്നോടിയായിരുന്നു ഇത്. ലോകരാജ്യങ്ങളെല്ലാം ജനാധിപത്യത്തിലേക്കു മാറിയപ്പോഴും റഷ്യ, സാർ ചക്രവർത്തിയുടെ കീഴിൽ ഏകാധിപത്യത്തിൽ തുടർന്നതും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ റഷ്യൻ വിപ്ലവത്തിൽ കലാശിച്ചതുമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കാരണമായത്. റഷ്യൻ പൗരന്മാർക്ക് അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുക്കുന്നതായിരുന്നു പ്രഖ്യാപനം. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിൽ പൗരന്മാർക്കു നൽകിയ അവകാശവും, ഭരണാധികാരികൾ അംഗീകരിക്കാതെ നിയമം നടപ്പാക്കാനാകില്ല എന്ന നയവും ഒക്ടോബർ മാനിഫെസ്റ്റോയിലെ സുപ്രധാന പ്രഖ്യാപനങ്ങളായിരുന്നു.
ഇന്ത്യൻ ന്യൂക്ലിയർ പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹോമി ജഹാംഗിർ ബാബ ജനിച്ചത് 1909 ഒക്ടോബർ 30 നായിരുന്നു. മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1933 ൽ ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ഹോമി 1939 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സി. വി. രാമന്റെ കീഴിൽ റീഡറായി ചേർന്നു. ന്യൂക്ലിയർ പ്രോഗ്രാമുകൾ ആരംഭിക്കേണ്ടതിനെക്കുറിച്ച് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ ബോധ്യപ്പെടുത്തിയ ബാബ, 1948 ൽ അറ്റോമിക് എനർജി കമ്മീഷൻ ആരംഭിച്ചു; അദ്ദേഹം തന്നെയായിരുന്നു ആദ്യ ചെയർമാനും. യുറേനിയം വേർതിരിക്കാൻ തോറിയം ഉപയോഗിച്ചുതുടങ്ങിയത് ഹോമി ബാബ ആയിരുന്നു. 1966 ൽ 56-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. രാജ്യത്തിനു നൽകിയ സംഭാവനകളെ ആദരിച്ച് നിരവധി സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ബാബ അറ്റോമിക് റിസേർച്ച് സെന്റർ തുടങ്ങിയവ അവയിൽ ചിലതാണ്.
ഓസോൺ വെൽസ് ഒരു ദേശത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിയ റേഡിയോ നാടകം അവതരിപ്പിച്ചത് 1938 ഒക്ടോബർ 30 നാണ്. ചൊവ്വയിൽനിന്നുള്ള അന്യഗ്രഹജീവികൾ ന്യൂജേഴ്സിയിലെത്തുന്നതായിരുന്നു എച്ച്. ജി. വെൽസിന്റെ ‘വാർ ഓഫ് ദി വേൾഡ്സ്’ എന്ന കഥയുടെ നാടകാവിവിഷ്കാരത്തിന്റെ കഥാസാരം. പുതുമയ്ക്കായി വെൽസ് തെരഞ്ഞെടുത്തത് വാർത്താവതരണത്തിന്റെ ശൈലിയായിരുന്നു. അന്യഗ്രഹജീവികൾ ന്യൂജേഴ്സിയിൽ എത്തിയെന്നും ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്നും വാർത്താശൈലിയിൽ വെൽസ് അവതരിപ്പിക്കുകയും പരിപാടിയുടെ ആരംഭം കേൾക്കാത്ത ശ്രോതാക്കൾ അത് വാർത്തയാണെന്നു ധരിച്ച് ഭയചകിതരാകുകയും ചെയ്തു. അന്യഗ്രഹജീവികൾ വൈദ്യുതസ്റ്റേഷനുകൾ ആക്രമിക്കുന്നു എന്ന് നാടകത്തിൽ പറഞ്ഞ സമയത്ത് ചില സ്ഥലങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് ജനത്തെ കൂടുതൽ പരിഭ്രാന്തിയിലാഴ്ത്തി. ഇക്കാരണത്താൽ പിന്നീട് ഈ നാടകാവതരണം ശ്രദ്ധിക്കപ്പെട്ടു. സി. ബി. എസ്. റേഡിയോ നെറ്റ്വർക്കിലായിരുന്നു നാടകം പ്രക്ഷേപണം ചെയ്തത്.