നാലു വർഷത്തെ പ്രവർത്തനത്തിനുശേഷം മാർപാപ്പയുടെ ഔദ്യോഗികവസതിയായ അപ്പോസ്തോലിക് കൊട്ടാരത്തിലെ ഒരു ദൈവാലയമായ സിസ്റ്റൈൻ ചാപ്പലിന്റെ മേൽത്തട്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് 1512 നവംബർ ഒന്നിനായിരുന്നു. വിഖ്യാത ചിത്രകാരനായ മൈക്കലാഞ്ചലോയാണ് ചാപ്പലിന്റെ സീലിങ്ങിൽ പെയിന്റിംഗ് നടത്തിയത്. 5,800 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ചാപ്പലിലാണ് മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് നടക്കുന്നത്.
യുദ്ധത്തിന്റെ ഭാഗമായി വിമാനത്തിൽനിന്ന് ആദ്യമായി ബോംബ് വർഷിച്ചത് 1911 നവംബർ ഒന്നിനായിരുന്നു. ഇറ്റലിയും ഓട്ടോമൻ എംപയറും തമ്മിൽ നടന്ന യുദ്ധത്തിൽ, ഇറ്റലി ആദ്യ ഏരിയൽ ബോംബ് വർഷിച്ചു. ലിബിയയിലെ ടർക്കിഷ് ക്യാമ്പായിരുന്നു ഇറ്റലിയുടെ ലക്ഷ്യം. നാല് ഗ്രനേഡുകളാണ് അന്ന് ക്യാമ്പിനുമീതെ പതിച്ചത്. ഗൂലിയോ ഗവോത്തി ആയിരുന്നു ഈ ദൗത്യത്തിലെ വൈമാനികൻ. ഇതിനു മുൻപുവരെ ബോംബുകൾ വർഷിച്ചിരുന്നത് ചൂടുകാറ്റ് നിറച്ച ബലൂണുകൾ ഉപയോഗിച്ചായിരുന്നു.
1956 നവംബർ ഒന്നിനാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നത്. സ്റ്റേറ്റ്സ് റീ ഒർഗനൈസേഷൻ ആക്ട് അനുസരിച്ചായിരുന്നു സംസ്ഥാനങ്ങളുടെ രൂപീകരണം. കർണാടക, ആന്ധ്രാപ്രദേശ്, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ – നിക്കോബാർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളുമാണ് അന്ന് നിലവിൽ വന്നത്. ആന്ധ്ര, ഹൈദരാബാദ് എന്നീ പ്രദേശങ്ങൾ ചേർന്നാണ് ആന്ധ്രാപ്രദേശ് രൂപീകരിക്കപ്പെട്ടത്. ബോംബെ, കൂർഗ്, ഹൈദരാബാദ്, മൈസൂർ എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങൾ ചേർന്ന് കർണാടക രൂപീകൃതമായി. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും, മദ്രാസ് പ്രവിശ്യയുടെ ഭാഗങ്ങളും ചേർന്നാണ് കേരളമുണ്ടായത്. ഇതിലെ കേരളത്തിലുൾപ്പെടാത്ത മറ്റു ഭാഗങ്ങൾ തമിഴ്നാടായി മാറി. 1950 ൽ മധ്യപ്രദേശ് രൂപീകരിക്കപ്പെട്ടതും 1966 ൽ ഹരിയാന രൂപീകരിക്കപ്പെട്ടതും 2000 ൽ ഛത്തീസ്ഗഢ് രൂപീകരിക്കപ്പെട്ടതും നവംബർ ഒന്നിനു തന്നെയായിരുന്നു.
ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ട പ്രശസ്ത ഇംഗ്ലീഷ് ചലച്ചിത്രമായ ടൈറ്റാനിക് ആദ്യമായി പ്രദർശനത്തിലെത്തിയത് 1997 നവംബർ ഒന്നിനായിരുന്നു. ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. ജൂലൈ മാസത്തിൽ അമേരിക്കയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും നിർമാണം പൂർത്തിയാകാതിരുന്നതാണ് പ്രദർശനത്തിന് കാലതാമസം വന്നത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ലിയനാർഡോ ഡി കാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ലോകവ്യാപകമായി പ്രസിദ്ധിയാർജിച്ച സിനിമ, മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഓസ്കാർ അവാർഡുകളും, 11 അക്കാദമി അവാർഡുകളും സ്വന്തമാക്കി.