ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: നവംബർ 08

കൊളോണിലെ ജോൺ ഡ്യൂൺസ് സ്കോട്‌സ് എന്ന സ്‌കോട്ടിഷ് തത്വചിന്തകൻ അന്തരിച്ചത് 1308 നവംബർ എട്ടിനാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവവുമായി ബന്ധപ്പെട്ടു നടത്തിയ അദ്ദേഹത്തിന്റെ പഠനങ്ങൾ  ഏറെ ശ്രദ്ധേയമായിട്ടുണ്ട്. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള പഠനങ്ങളും ചിന്തകളുമായതിനാൽ തത്വചിന്തകർ അദ്ദേഹത്തെ ‘subtle doctor’ എന്നാണ്  വിശേഷിപ്പിച്ചിരുന്നത്.

വൈദ്യശാസ്ത്രത്തിൽ വൻ കുതിച്ചുചാട്ടം നൽകിയ കണ്ടുപിടുത്തമായ എക്സ്-റേ ആദ്യമായി കണ്ടെത്തിയത് 1895 നവംബർ എട്ടിനാണ്. വില്യം റോൺജൻ എന്ന ശാസ്ത്രജ്ഞൻ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുന്നതിനിടെയാണ് യാദൃച്ഛികമായി എക്സ് തരംഗങ്ങൾ ശ്രദ്ധയിൽപെട്ടത്. പ്രകാശം കടക്കാത്തവിധം സജ്ജീകരിച്ചിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണശാലയിലേക്ക് അസാധാരണമാംവിധം പ്രകാശകിരണം കടന്നുവന്നപ്പോൾ, പ്രകാശം കടക്കാതിരിക്കാൻ ചെയ്ത സജ്ജീകരണത്തിലെ എന്തെങ്കിലും പാളിച്ചകളായിരിക്കും അതെന്നാണ് അദ്ദേഹം കരുതിയത്. അത് പരിശോധിക്കാൻ തന്റെ കൈ ആ രശ്മികൾക്കു പ്രതിരോധമായി വച്ചപ്പോൾ അദ്ദേഹത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മൊത്തത്തിലുള്ള നിഴലിനു പകരമായി കൈയിലെ അസ്ഥികളുടെ ഒരു നിഴൽചിത്രമാണ് ഭിത്തിയിൽ തെളിഞ്ഞത്. അറിഞ്ഞുകൂടാത്ത എന്തിനെയും ‘എക്സ്’ എന്നുവിളിക്കുന്ന രീതിയുണ്ടായിരുന്നതിനാൽ അപരിചിതമായ ആ രശ്മിയെ അദ്ദേഹം എക്സ്-റേ എന്ന് വിളിക്കുകയായിരുന്നു.

1999 നവംബർ എട്ടിനാണ് സച്ചിൻ ടെൻഡുൽക്കർ – രാഹുൽ ദ്രാവിഡ് സഖ്യം ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ചത്. രണ്ടുപേരും കൂടി അന്നത്തെ കളിയിൽ നേടിയത് 331 റൺസായിരുന്നു. സിംഗിൾ വിക്കറ്റ് പാർട്ണർഷിപ്പിൽ അന്നുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളെയും ഭേദിക്കുന്നതായിരുന്നു അവരുടെ പ്രകടനം. അത് നടന്നത് ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽവച്ച് ന്യൂസിലന്റിനെതിരെ നടന്ന മത്സരത്തിലാണ്. വെസ്റ്റ് ഇൻഡീസിന്റെ കാംബെല്ലും ഹോപ്പുമായിരുന്നു 20 വർഷങ്ങൾക്കുമുൻപ് ഇത്തരമൊരു റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരുന്നത്. 365 റൺസാണ് അവർ നേടിയത്. തുടർന്ന 2015 ൽ വെസ്റ്റ് ഇൻഡീസിന്റെ തന്നെ ഗെയിലും സാമുവൽസും സിംബാവെയ്ക്കെതിരെയുള്ള മത്സരത്തിൽ 372 റൺസ് നേടി. നിലവിൽ ഏറ്റവുമധികം റൺസ് നേടിയ കൂട്ടുകെട്ട് എന്ന നേട്ടം ഇവരുടെ പേരിലാണ്.

ഇന്ത്യയിൽ 500, 1000 രൂപാ കറൻസിനോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത് 2016 നവംബർ എട്ടിനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടുമണിക്ക് ഖ്യാപനം നടത്തിയതോടെ രാജ്യത്ത് പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപയുടെ കറൻസി അസാധുവായി. മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന പണത്തിന്റെ 86.4 ശതമാനമായിരുന്നു ഇത്. ഇതിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. കള്ളപ്പണ നിരോധനം, കള്ളനോട്ട് നിരോധനം, അഴിമതി നിരോധനം, ക്യാഷ് ലെസ് ഇക്കോണമി രൂപീകരണം തുടങ്ങിയവയാണ് നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടിയത്. പിൻവലിച്ച പഴയ നോട്ടുകൾക്കുപകരമായി 2000, 500, 200 രൂപകളുടെ പുതിയ കറൻസികൾ പിന്നീട് നിലവിൽവന്നു. പിന്നീട് 2023 മെയ് 19 ന് 2000 രൂപയുടെ നോട്ട് വിനിമയം നടത്തുന്നത് നിരോധിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.