സഭയെ നവീകരിക്കുന്നതിനും ഒന്നാം കുരിശുയുദ്ധം ആസൂത്രണം ചെയ്യുന്നതിനുമായി പോപ്പ് ഊർബൻ II ക്ലർമോണ്ട് കൗൺസിൽ ആരംഭിച്ചത് 1095 നവംബർ 18 നാണ്. കൗൺസിലിൽ 200 ബിഷപ്പുമാർ പങ്കെടുത്തു. ജറുസലേമിലേക്ക് യാത്ര ചെയ്യുന്നവർക്ക് പൂർണ്ണമായ ദണ്ഡവിമോചനം നൽകുമെന്ന തീരുമാനമെടുത്തത് ഈ കൗൺസിലിൽ ആയിരുന്നു.
പുഷ് ബട്ടൻ ഫോണുകൾ ആദ്യമായി വിപണിയിലെത്തിയത് 1963 നവംബർ 18 നാണ്. അതുവരെ വിപണിയിലുണ്ടായിരുന്ന റോട്ടറി ഡയൽ ഫോണുകൾക്ക് വെല്ലുവിളിയായാണ് പുതിയ ഫോൺ അവതരിപ്പിക്കപ്പെട്ടത്. വൃത്താകൃതിയിലുള്ള ഡയൽ കറക്കിയായിരുന്നു അതുവരെ ലാന്റ് ഫോണുകളിൽ നമ്പർ ഡയൽ ചെയ്തിരുന്നത്. അമേരിക്കയിലെ പെനിസിൽവാനിയയിൽ ബെൽ സിസ്റ്റംസ് എന്ന കമ്പനിയാണ് പുതിയ സംവിധാനത്തോടെയുള്ള ഫോൺ അവതരിപ്പിച്ചത്. ഓരോ ബട്ടണും അമർത്തുമ്പോൾ പ്രത്യേക സ്വരം കേൾക്കുന്ന ടച്ച് ടോൺ സർവീസും ഈ ഫോണിലുണ്ടായിരുന്നു. ഡ്യുവൽ ടോൺ മൾട്ടി ഫ്രീക്വൻസി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഫീച്ചർ പ്രവർത്തിച്ചിരുന്നത്. പൂജ്യം മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ രേഖപ്പെടുത്തിയ പത്ത് ബട്ടണുകളാണ് ആദ്യത്തെ ഫോണിൽ ഉണ്ടായിരുന്നത്. പിന്നീട് ഹാഷ്, സ്റ്റാർ എന്നീ ചിഹ്നങ്ങളുൾപ്പെടുന്ന രണ്ട് ബട്ടണുകൾ കൂടി ചേർത്തു.
അമേരിക്കയിൽ ജോൺസ് ടൗൺ ദുരന്തം നടന്നത് 1978 നവംബർ 18 നായിരുന്നു. ആത്മീയാചാര്യനായിരുന്ന ജെയിംസ് വാറൻ ജോൺസ് എന്ന ജിം ജോൺസിന്റെ നിർദേശപ്രകാരം 918 പേർ അന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു സ്വയംപ്രഖ്യാപിത ആത്മീയാചാര്യനായി മാറിയ അയാൾ അനുയായികൾക്ക് കഴിയാൻ പീപ്പിൾസ് ടെമ്പിളുകൾ സ്ഥാപിച്ചു. ഈ ലോകത്തിന് ഇനി അധികം ആയുസ്സില്ലെന്നും അതിനാൽ മരണാനന്തരസൗഭാഗ്യം സ്വന്തമാക്കാൻ മരണം വരിക്കണമെന്നുമുള്ള അയാളുടെ ആവേശകരമായ പ്രസംഗത്തിനുശേഷം ആശ്രമത്തിലെ അന്തേവാസികൾ ജോൺസിന് തങ്ങളുടെ അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചു. സ്വർഗത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് ഉദ്ബോധിപ്പിച്ച് ജോൺസ് തൊട്ടടുത്ത നിമിഷത്തിലെ മരണത്തെ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കി. ശേഷം മരണകാഹളം മുഴങ്ങിയപ്പോൾ ഓരോരുരുത്തരും മരണത്തിലേക്കു നടന്നുകയറി. ചിലർ ആത്മഹത്യ ചെയ്തു. കുട്ടികളെയും പ്രായമായവരെയും സയനൈഡ് കുത്തിവച്ച് കൊലപ്പെടുത്തി. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്നതിനു മുമ്പുവരെ പ്രകൃതിക്ഷോഭങ്ങളിലല്ലാതെ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ഒരു സ്ഥലത്ത് മരണപ്പെട്ട സംഭവം എന്ന നിലയിൽ കുപ്രസിദ്ധിയാർജിച്ചതായിരുന്നു ജോൺസ്ടൗൺ കൂട്ടക്കൊല.
ബംഗാൾ കടുവയ്ക്ക് ദേശീയമൃഗം എന്ന പദവി നൽകി സർക്കാർ ഉത്തരവിറക്കിയത് 1972 നവംബർ 18 നായിരുന്നു. കടുവയുടെ ഗാഭീര്യവും ശക്തിയും ചടുലതയും കരുത്തുമാണ് ദേശീയമൃഗം എന്ന പദവി അതിന് നൽകാൻ കാരണമായത്. പ്രാദേശികമായി കണ്ടുവരുന്ന മൃഗങ്ങൾക്കാണ് സാധാരണഗതിയിൽ ദേശീയമൃഗം എന്ന പദവി നൽകാറുള്ളത്. എന്നാൽ 1972 വരെ സിംഹമായിരുന്നു ഇന്ത്യയുടെ ദേശീയമൃഗം. ഇന്ത്യയ്ക്കു പുറമെ ബംഗ്ലാദേശ്, സൗത്ത് കൊറിയ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളുടെ ദേശീയമൃഗവും കടുവ തന്നെയാണ്. നൂറു വർഷങ്ങൾക്കിടയിൽ കടുവകളുടെ എണ്ണം 97% കുറഞ്ഞു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കടുവാസംരക്ഷണത്തിനായുള്ള പ്രത്യേക പദ്ധതികൾക്ക് ഇന്ത്യ രൂപം നൽകി. പ്രൊജക്ട് ടൈഗർ എന്നു പേരിട്ട പദ്ധതി 1973 ഏപ്രിൽ ഒന്നിന് ആരംഭിച്ചു.
തയ്യാറാക്കിയത്: സുനീഷ വി. എഫ്.