
1853 മാർച്ച് 30 നാണ് പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് ജനിച്ചത്. ആധുനിക ചിത്രകലാ സമ്പ്രദായത്ത്തിന്റെ സ്ഥാപകരിൽ ഒരാലാണ് അദ്ദേഹം. പാരിസിൽ ചിലവഴിച്ച രണ്ടു വർഷക്കാലമാണ് വാൻഗോഗ് എന്ന ഡച്ച് പരമ്പരാഗത ചിത്രകാരനെ ആധുനിക ചിത്രകാരനാക്കിയത്. 1885 ലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ ആയിരുന്നു വാൻഗോഗിന്റെ ആദ്യ ഉൽകൃഷ്ടസൃഷ്ടി. വാൻഗോഗിന്റെ സെൽഫ് പോട്രറ്റുകൾ വളരെ പ്രസിദ്ധങ്ങളായിരുന്നു.1886 നും 1889 ഇടയ്ക്കായി ഏകദേശം നാൽപ്പത്തിമൂന്നോളം മികച്ച ഛായാചിത്രങ്ങൾ വരച്ചു. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടിയിരുന്നു. 37 മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നിയമസഭയുടെ പ്രഥമ മാതൃകയെന്നു വിശേഷിപ്പിക്കാവുന്ന തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചത് 1888 മാർച്ച് 30നായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ വിളംബരത്തിലൂടെയാണ് കൗൺസിൽ നിലവിൽ വന്നത്. എട്ടംഗങ്ങളുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ആദ്യയോഗം 1888 ഓഗസ്റ്റ് 23ന് തിരുവിതാംകൂർ ദിവാന്റെ മുറിയിൽ നടന്നു. മൂന്നു വർഷത്തെ ആദ്യ കൗൺസിൽ കാലാവധിക്കുള്ളിൽ 32 സമ്മേളനങ്ങൾ നടന്നു. ഈ ലെജിസ്ലേറ്റീവ് കൗൺസിലാണ് മലയാളി മെമ്മോറിയൽ എന്ന ചരിത്രപരമായ രേഖ ഒപ്പുവച്ചത്.
പ്രശസ്ത ഇന്ത്യൻ സംവിധായകനായ സത്യജിത് റേയ്ക്ക് ആദരസൂചകമായി ഓസ്കാർ അവാർഡ് സമ്മാനിക്കപ്പെട്ടത് 1992 മാർച്ച് 30നാണ്. അക്കൊല്ലം തന്നെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്നയും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്രമേഖലയിലുള്ള അദ്ദേഹത്തിന്റെ അപൂർവ്വ പ്രതിഭ പരിഗണിച്ചാണ് ഓസ്കാർ സമ്മാനിച്ചത്. 1955 ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയാണ് ആദ്യ ചിത്രം. അപു ട്രയോളജിയിലെ അപരാജിതോ, അപുർ സൻസാർ എന്നിവയായിരുന്നു അടുത്ത രണ്ടു ചിത്രങ്ങൾ. പഥേർ പാഞ്ചാലിയിൽ തുടങ്ങി 1991 ൽ സംവിധാനം ചെയ്ത ആഗന്തുക് വരെ 36 ചിത്രങ്ങൾ സത്യജിത് റേയുടേതായിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 32 ദേശീയ അവാർഡുകൾ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.