ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മാർച്ച് 04

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായി എബ്രഹാം ലിങ്കൺ സ്ഥാനമേൽക്കുന്നത് 1861 മാർച്ച് നാലിനാണ്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായാണ് അദ്ദേഹം ഭരണത്തിലേറിയത്. ചരിത്രപ്രധാനമായ അടിമത്ത നിരോധന നിയമം നിലവിൽവന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പ്രസിഡന്റായിരിക്കെത്തന്നെയാണ് 1865 ഏപ്രിൽ 14 ദുഃഖവെള്ളിയാഴ്ച വാഷിംഗ്ടണ്ണിലെ ഫോർഡ് തിയേറ്ററിൽവച്ച് അദ്ദേഹം കൊല്ലപ്പെടുന്നത്.

ആദ്യത്തെ ഏഷ്യൻ ഗെയിംസ് ആരംഭിച്ചത് 1951 മാർച്ച് നാലിനാണ്. ഏഷ്യൻ രാജ്യങ്ങൾക്കായി ഒരു ലോകോത്തര കായികമേള എന്ന ആശയത്തിൽ നിന്നാണ് ഏഷ്യൻ ഗെയിംസിന്റെ പിറവി. ഈ ആശയം മുന്നോട്ടുവച്ചതാകട്ടെ, ഇന്ത്യക്കാരനായ പ്രൊഫ. ഗുരുദത്ത് സോന്ദി എന്ന കായികപ്രേമിയും. ഏഷ്യാറ്റിക് ഗെയിംസ് എന്നപേരിൽ അവതരിപ്പിച്ച ആശയത്തിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രോത്സാഹനം നൽകി. 1947 ൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. നെഹ്റുവിന്റെ ശക്തമായ വാദങ്ങൾ ചെവിക്കൊണ്ട്, 1948 ലെ ഒളിംപിക്സിൽ പങ്കെടുക്കാനെത്തിയ ഏഷ്യൻ രാജ്യങ്ങളിലെ സ്പോർട്സ് നേതാക്കന്മാർ നടത്തിയ ചർച്ചയുടെ ഫലമായി 1948 ൽ ഏഷ്യാ അത്ലറ്റിക്സ് ഫെഡറേഷൻ രൂപംകൊണ്ടു; ഒപ്പം പ്രഥമ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ന്യൂഡൽഹിയിൽ നടത്താനും തീരുമാനമായി. അങ്ങനെ മുപ്പതിനായിരം കാണികളെ സാക്ഷിനിർത്തി 1951 മാർച്ച് നാലിന് ഇന്ത്യൻ പ്രസിഡന്റ് ഡോ. എസ്. രാജേന്ദ്രപ്രസാദ് ചെങ്കോട്ടയിൽനിന്നു കൊണ്ടുവന്ന ദീപശിഖ സ്റ്റേഡിയത്തിലെ ദീപത്തിൽ പകർന്ന് പ്രഥമ മേള ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ. എൻ. എസ് വിക്രാന്ത് കമ്മീഷൻ ചെയ്തത് 1961 മാർച്ച് നാലിനാണ്. യൂറോപ്പിലെ ബെൽഫാസ്റ്റിൽ വച്ച് അന്നത്തെ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റാണ് കമ്മീഷനിംഗ് നിർവഹിച്ചത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഐ. എൻ. എസ്. വിക്രാന്ത്. ഒരു ഏഷ്യൻരാജ്യം സ്വന്തമാക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പലുമായിരുന്നു അത്. ബ്രിട്ടീഷ് നാവികസേനയ്ക്കുവേണ്ടി 1943 ൽ എച്ച്. എം. എസ്. ഹെർക്കുലീസ് എന്നപേരിൽ നിർമ്മിച്ച ആ കപ്പൽ 18 വർഷങ്ങൾക്കുശേഷം ഇന്ത്യ വാങ്ങുകയായിരുന്നു. ഗോവയെ പോർച്ചുഗീസ് പിടിയിൽനിന്നു മോചിപ്പിക്കാനുള്ള 1961 ലെ ഓപ്പറേഷൻ വിജയ് ആയിരുന്നു വിക്രാന്തിന്റെ ആദ്യ ദൗത്യം. നീണ്ട വർഷത്തെ ഉപയോഗത്തിനുശേഷം 1997 ൽ വിക്രാന്ത് ഡീകമ്മീഷൻ ചെയ്തു.

ഇന്ത്യയിൽ ദേശിയ സുരക്ഷാസമിതി രൂപീകരിക്കപ്പെട്ടത് 1966 മാർച്ച് നാലിനായിരുന്നു. 1962 ൽ ചേർന്ന തൊഴിൽ മന്ത്രിമാരുടെ കോൺഫറൻസിലാണ് ഫാക്ടറിയിലെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിക്കണമെന്നും ദേശീയ സുരക്ഷാ കൗൺസിൽ രൂപീകരിക്കണമെന്നുമുള്ള നിർദേശമുണ്ടായത്. ഇരുപത്തിനാലാം സ്റ്റാൻഡിംഗ് ലേബർ കമ്മിറ്റി ആ നിർദേശം അംഗീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര തൊഴിൽമന്ത്രായലയത്തിനുകീഴിൽ സമിതി രൂപീകരിക്കപ്പെട്ടത്. ഒരു സൊസൈറ്റിയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിലും പിന്നീട് ഇത് പബ്ലിക് ട്രസ്റ്റായി മാറി. സുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്തുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് സമിതിയുടെ പ്രധാനലക്ഷ്യം. റോഡ് സുരക്ഷ, ആരോഗ്യസുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷ തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഈ സമിതിയുടെ പരിധിയിലുള്ള വിഷയങ്ങളാണ്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.