1912 ജനുവരി എട്ടിനാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ് എന്ന പേരിലായിരുന്നു പാർട്ടി ആദ്യം സ്ഥാപിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗക്കാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെപ്പിടിക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. ദശാബ്ദങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ആഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തീഡ് സിസ്റ്റം അവസാനിപ്പിക്കാനും കറുത്ത വർഗക്കാരുടെ വോട്ടവകാശം നേടിയെടുക്കാനും പാർട്ടിക്കു കഴിഞ്ഞു. 1994 ൽ ആഫ്രിക്കയിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടതു മുതൽ ഇന്നുവരെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസാണ് രാജ്യം ഭരിക്കുന്നത്. നെൽസൺ മണ്ടേല, പാർട്ടിയുടെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു.
ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത് 1942 ജനുവരി എട്ടിനായിരുന്നു. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസിന്റെയും ഇസബെൽ ഹോക്കിൻസിന്റെയും മകനായി ഓക്സ്ഫോർഡിലായിരുന്നു ജനനം. കേംബ്രിഡ്ജിൽ ഗവേഷണബിരുദത്തിന് പഠിക്കുന്ന സമയത്ത് നാഡീരോഗം ബാധിച്ച് കൈകാലുകൾ തളർന്നെങ്കിലും അദ്ദേഹം ഗവേഷണം അവസാനിപ്പിച്ചില്ല. പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം അദ്ദേഹത്തെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചു. അവരിരുവരും ചേർന്ന് പിന്നീട് ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി. പ്രപഞ്ചോൽപത്തിയെക്കുറിച്ചും ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു. തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്, കോണീയ സംവേഗബലം എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. 2018 ലാണ് അദ്ദേഹം അന്തരിച്ചത്.
വലേരി വ്ലാഡിമറോവിച്ച് പോളിയാക്കോവ് ചരിത്രത്തിലിടം നേടിയ തന്റെ ബഹിരാകാശയാത്ര ആരംഭിച്ചത് 1994 ജനുവരി എട്ടിനായിരുന്നു. ഒറ്റ യാത്രയിൽ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ചതിന്റെ റെക്കോർഡാണ് ആ യാത്രയിൽ പോളിയാക്കോവിന്റെ പേരിൽ കുറിക്കപ്പെട്ടത്. റഷ്യൻ ബഹിരാകാശ സഞ്ചാരിയായിരുന്ന പോളിയാക്കോവ്, മിർ ബഹിരാകാശ പേടകത്തിൽ തുടർച്ചയായി ചെലവഴിച്ചത് 437 ദിവസങ്ങളും 18 മണിക്കൂറുകളുമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശയാത്ര ആയിരുന്നു ഇത്. 1988 ലാണ് പോളിയാക്കോവ് ആദ്യമായി ബഹിരാകാശയാത്ര നടത്തുന്നത്. അന്ന് 241 ദിവസങ്ങളാണ് അദ്ദേഹം അവിടെ ചെലവഴിച്ചത്. ഡോക്ടറായിരുന്ന അദ്ദേഹം വൈദ്യശാസ്ത്ര പരീക്ഷണങ്ങളാണ് ബഹിരാകാശത്തുവച്ച് നടത്തിയത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.