1919 ജനുവരി അഞ്ചിനാണ് മ്യൂണിക്കിൽവച്ച് ജർമൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കപ്പെട്ടത്. തീവ്ര ആന്റി സെമിറ്റിക് ചിന്താഗതിക്കാരനായിരുന്ന ആന്റൺ ഡ്രെക്സ്ലറാണ് പാർട്ടിക്ക് രൂപം നൽകിയത്. 1920 ഫെബ്രുവരി 24 ന് നാഷണൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി എന്ന പേരിൽ ഇത് പുനഃസംഘടിപ്പിക്കപ്പെട്ടു. നാസി എന്ന ചുരുക്കപ്പേരിൽ പിന്നീട് കുപ്രസിദ്ധമായ സംഘടനയായിരുന്നു അത്. 1919 ൽ വർക്കേഴ്സ് പാർട്ടിയിൽ അംഗത്വമെടുത്ത അഡോൾഫ് ഹിറ്റ്ലർ ആദ്യകാലങ്ങളിൽ പാർട്ടിയുടെ പ്രചാരകനായിരുന്നു. രണ്ട് വർഷങ്ങൾക്കുശേഷം 1921 ൽ ഹിറ്റ്ലർ നാസി പാർട്ടിയുടെ നേതൃപദവിയിലെത്തി. വെയ്മർ സർക്കാരിനെ താഴെയിറക്കാൻ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെപേരിൽ കുറച്ചുകാലത്തേക്ക് പാർട്ടി നിരോധിക്കപ്പെടുകയും ഹിറ്റ്ലർ ജയിലിലാകുകയും ചെയ്തു. അതോടെ പാർട്ടിക്കുള്ള പിന്തുണയിൽ വലിയ ഇടിവുണ്ടായി. പിന്നീട് 1930 മുതൽ വീണ്ടും ഉയർച്ചയുടെ പാതയിൽ സഞ്ചരിച്ചതിനുശേഷമാണ് 1933 ൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി പാർട്ടി ജർമനിയുടെ അധികാരത്തിലെത്തുന്നത്.
പ്രാഗ് വസന്തം എന്നപേരിൽ ചെക്കോസ്ലോവാക്യയിൽ നടന്ന രാഷ്ട്രീയമുന്നേറ്റം ആരംഭിച്ചത് 1968 ജനുവരി അഞ്ചിനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചെക്കോസ്ലോവാക്യയുടെ ആദ്യ സെക്രട്ടറിയായി അലക്സാണ്ടർ ഡ്യൂബെക് തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് പ്രാഗ് വസന്തത്തിന് തുടക്കം കുറിച്ചത്. 1946 ൽ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി 1948 ൽ സോവിയറ്റ് പിന്തുണയോടെ ആരംഭിച്ച സർവാധിപത്യത്തിന് എതിരെയായിരുന്നു ഡ്യൂബെക്കിന്റെ നേതൃത്വത്തിലുള്ള നവീകരണശ്രമങ്ങൾ. എന്നാൽ സോവിയറ്റ് യൂണിയനും വാർസോ ഉടമ്പടിയിലുൾപ്പെട്ട രാജ്യങ്ങളും ഈ മുന്നേറ്റത്തെ അടിച്ചമർത്താൻ ചെക്കോസ്ലോവാക്യയിലേക്ക് കടന്നുകയറിയതോടെ 1968 ആഗസ്റ്റ് 21 ന് പ്രാഗ് വസന്തം എന്നറിയപ്പെട്ട നവീകരണ മുന്നേറ്റം അവസാനിച്ചു.
1971 ജനുവരി അഞ്ചിനാണ് നാസി അധിനിവേശ കാലത്ത് ഫ്രാൻസിലെ ജൂതന്മാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയ നവീകരണസഭയിലെ ആന്ദ്രേ ട്രോക്മിയെ നീതിമാനായി യാദ് വാഷെം എന്ന ജൂതസംഘടന അംഗീകരിച്ചത്. ജൂലൈ 19 ന് എപ്പിസ്‌കോപ്പൽ ചർച്ച് കലണ്ടറിൽ അദ്ദേഹവും ഭാര്യ മഗ്ദയും മറ്റ് നീതിമാനായ വിജാതീയർക്കൊപ്പം ഓർമിക്കപ്പെടുന്നു.
സൗരയൂഥത്തിലെ ഏറ്റവും വലിയ കുള്ളൻ ഗ്രഹങ്ങളിലൊന്നായ ഈറിസ് കണ്ടെത്തിയത് 2005 ജനുവരി അഞ്ചിനാണ്. പ്ലൂട്ടോയുടെ അതേ വലിപ്പമാണ് ഈറിസിനെങ്കിലും അത് സൂര്യനിൽനിന്ന് മൂന്നു മടങ്ങ് അകലെയാണ് സ്ഥിതിചെയ്യുന്നത്. ആദ്യം പ്ലൂട്ടോയെക്കാൾ വലിപ്പമുണ്ട് ഈറിസിന് എന്നാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് 2006 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഗ്രഹങ്ങളുടെ നിർവചനം പുനരാലോചനയ്ക്ക് വിധേയമാക്കിയത്. ഈറിസിനോട് സാദൃശ്യമുള്ള പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പദവിയിൽനിന്ന് ഒഴിവാക്കാൻ കാരണമായതും ഈ കുള്ളൻ ഗ്രഹത്തിന്റെ കണ്ടെത്തലാണ്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്ലാനറ്ററി അസ്ട്രോണമി പ്രൊഫസറായ മൈക്ക് ബ്രൗണാണ് ഈ കുള്ളൻ ഗ്രഹത്തെ കണ്ടെത്തിയത്. 2003 ഒക്ടോബർ 21 ന് പാൽമോർ ഒബ്സർവേറ്ററി സർവേയിൽനിന്നു ലഭിച്ച വിവരങ്ങളാണ് ഈറിസിനെ തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിച്ചത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.