ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജനുവരി 18

കടലിൽ നങ്കൂരമിട്ടിരുന്ന ഒരു യുദ്ധക്കപ്പലിൽ ആദ്യമായി ഒരു വിമാനം വിജയകരമായി ലാന്റ് ചെയ്യിച്ചത് 1911 ജനുവരി 18 നായിരുന്നു. എവുജിൻ ബ്രുട്ടൺ ഏലി എന്ന വൈമാനികനാണ് അതിസാഹസികമായ ഈ ദൗത്യം നിർവഹിച്ച് ചരിത്രം കുറിച്ചത്. സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന യു. എസ്. എസ്. പെൻസിൽവാനിയ എന്ന നാവികസേനയുടെ കപ്പലിലാണ് ആദ്യമായി വിമാനം പറന്നിറങ്ങിയത്. നേവൽ ഏവിയേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ സംഭവം തുടക്കം കുറിച്ചത്. 1910 നവംബർ 14 ന് കപ്പലിൽനിന്നുള്ള ആദ്യ ടേക് ഓഫ് നടത്തിയതും എവുജിൻ ഏലി തന്നെയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാനം പുനഃസ്ഥാപിക്കാനുള്ള നിബന്ധനകൾ തയ്യാറാക്കാനായി പാരീസ് സമാധാന സമ്മേളനം ആരംഭിച്ചത് 1919 ജനുവരി 18 നായിരുന്നു. ബ്രിട്ടൺ, ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ, ഇറ്റലി എന്നീ രാജ്യങ്ങൾ പ്രബലസാന്നിദ്ധ്യമായിരുന്ന ഉച്ചകോടി അഞ്ച് ഉടമ്പടികൾ ഒപ്പുവച്ചു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വെഴ്സായ് ഉടമ്പടി. ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യം കുറിച്ചത് ഈ ഉടമ്പടിയിലൂടെയാണ്. പാരീസ് സമ്മേളനത്തിന്റെ ഫലമായി രൂപംകൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്. ഒന്നാം ലോകമഹായുദ്ധം പോലെ ഒരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം. എന്നാൽ ലീഗ് ഓഫ് നേഷൻസിനെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പിരിച്ചുവിടുകയും ഐക്യരാഷ്ട്ര സഭ രൂപീകരിക്കപ്പെടുകയും ചെയ്തു.

ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽനിന്ന് മാറ്റാനുള്ള തീരുമാനത്തിന് പാർലമെന്റ് അംഗീകാരം നൽകിയത് 2022 ജനുവരി 18 നായിരുന്നു. ബോർണോ ദ്വീപിലെ വനമേഖലയിലാണ് നുസാന്തര എന്ന് പേരിട്ടിരിക്കുന്ന പുതിയ തലസ്ഥാനം. എൺപതോളം പേരുകളിൽനിന്നാണ് നുസാന്തര തെരഞ്ഞെടുക്കപ്പെട്ടത്. ജക്കാർത്ത നേരിടുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തലസ്ഥാന നഗരി നിർമിക്കപ്പെടുന്നത്. ജാവൻ തീരത്ത് സ്ഥിതിചെയ്യുന്ന ജക്കാർത്ത പ്രതിവർഷം 25 സെ. മി വച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമിതമായ അളവിൽ ഭൂഗർഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 2050 ആകുമ്പോഴേക്കും ജക്കാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 3250 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന പുതിയ തലസ്ഥാനം പ്രസിഡണ്ട് ജോക്കോ വിഡോഡോയുടെ സ്വപ്നപദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.