ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജനുവരി 09

രണ്ട് പതിറ്റാണ്ടുകൾ നീണ്ട സൗത്താഫ്രിക്കൻ പ്രവാസത്തിനുശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി ഒമ്പതിനായിരുന്നു. 1893 ഏപ്രിൽ മാസത്തിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ആ സമയത്ത് ആഫ്രിക്കയും ബ്രിട്ടന്റെ കോളനിയായിരുന്നു. അഭിഭാഷകനായിരുന്നെങ്കിലും ബ്രിട്ടീഷുകാരിൽനിന്ന് അദ്ദേഹത്തിന് വംശീയമായ വേർതിരിവുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. സൗത്ത് ആഫ്രിക്കയിൽ ഇന്ത്യക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് ഗാന്ധിയുടെ ഇടപെടൽ മൂലമായിരുന്നു. അക്രമത്തിനുപകരം നിയമത്തോട് നിസ്സഹകരിക്കാനും ശിക്ഷ ഏറ്റുവാങ്ങാനുമാണ് അദ്ദേഹം അന്നും അനുയായികളോട് നിർദേശിച്ചത്. ഇതേ സമരമാർഗമാണ് പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും അദ്ദേഹം അനുവർത്തിക്കുന്നത്. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു നേതാവായി ഗാന്ധി ഉയർന്നുവന്നതും ആഫ്രിക്കയിൽവച്ചു തന്നെയാണ്. പിന്നീട് ഗോപാലകൃഷ്ണ ഗോഖലെയുടെ അഭ്യർഥന മാനിച്ചാണ് അദ്ദേഹം ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയത്. 2003 മുതൽ ഈ ദിവസം പ്രവാസിഭാരതീയ ദിവസമായി ആചരിക്കുന്നു.

ഈജിപ്തിലുള്ള ആസ്വാൾ ഡാമിന്റെ നിർമാണം ആരംഭിച്ചത് 1960 ജനുവരി ഒമ്പതിനായിരുന്നു. വടക്കുഭാഗത്ത് സുഡാന്റെ അതിർത്തിയോടുചേർന്ന് നൈൽ നദിക്കു കുറുകെയാണ് ഡാം പണിതിരിക്കുന്നത്. 1968 ൽ പണികൾ പൂർത്തിയായെങ്കിലും പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1971 ലായിരുന്നു. 132 ക്യുബിക് കിലോമീറ്ററാണ് റിസർവോയറിന്റെ സംഭരണശേഷി. റഷ്യയിലെ ഹൈഡ്രോ പ്രൊജക്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരും ഈജിപ്തിലെ എഞ്ചിനീയർമാരും ചേർന്നാണ് ഡാം രൂപകൽപന ചെയ്തത്. വലിയ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു പുറമെ, നൈൽ നദിയിൽ പതിവായി ഉണ്ടായിരുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ഈ ഡാമിന്റെ നിർമാണം സഹായിച്ചു.

മൊബൈൽ ഫോൺ രംഗത്തെ അതികായന്മാരായ ആപ്പിൾ ആദ്യത്തെ ഐ ഫോൺ അവതരിപ്പിച്ചത് 2007 ജനുവരി ഒമ്പതിനായിരുന്നു. സാൻ ഫ്രാൻസിസ്കോയിൽ വച്ച് നടന്ന മാക് വേൾഡ് കൺവെൻഷനിൽ ആപ്പിൾ സ്ഥാപകനും സി. ഇ. ഒ. യുമായിരുന്ന സ്റ്റീവ് ജോബ്സാണ് ഐ ഫോൺ ആദ്യമായി അവതരിപ്പിച്ചത്. അതുവരെ ആപ്പിളിന്റേതായി വിപണിയിലെത്തിയിരുന്ന മൂന്ന് ഉപകരണങ്ങളെ സംയോജിപ്പിച്ച് നിർമിച്ചതായിരുന്നു ഐ ഫോൺ. മൊബൈൽ ഫോൺ, ടച്ച് സ്ക്രീനോടു കൂടിയ ഐപോഡ്, വെബ് ബ്രൗസിംഗ് സംവിധാനമുള്ള ഇന്റർനെറ്റ് ഡിവൈസ് എന്നീ ഉപകരണങ്ങളുടെ സ്ഥാനത്ത് അവയുടെ എല്ലാം സേവനങ്ങൾ നൽകുന്ന ഒറ്റ ഉപകരണമായാണ് ആദ്യ ഐ ഫോൺ അവതരിപ്പിക്കപ്പെട്ടത്. ആറു മാസങ്ങൾക്കുശേഷം ജൂൺ 29 നാണ് ഇത് വിപണിയിലെത്തിയത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.