സിന്തറ്റിക് പ്ലാസ്റ്റിക് ആദ്യമായി കണ്ടെത്തിയത് 1909 ഫെബ്രുവരി അഞ്ചിനായിരുന്നു. ന്യൂയോർക്ക് സ്വദേശിയായിരുന്ന ലിയോ ബേക്ക്ലാന്റായിരുന്നു കണ്ടെത്തലിനുപിന്നിൽ. ബേക്കലൈറ്റ് എന്നാണ് അന്നത് അറിയപ്പെട്ടിരുന്നത്. അതുവരെ ഉപയോഗിക്കപ്പെട്ടിരുന്ന ഷെല്ലാക്ക് എന്ന പദാർഥത്തിനു പകരം ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ വസ്തു കണ്ടെത്താനുള്ള ബേക്ക്ലാന്റിന്റെ ശ്രമമാണ് ബേക്കലൈറ്റിന്റെ കണ്ടെത്തലിലേക്കു നയിച്ചത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റിക്കു മുമ്പാകെയാണ് തന്റെ കണ്ടെത്തൽ അദ്ദേഹം അവതരിപ്പിച്ചത്. പേറ്റന്റ് ലഭിച്ചതോടെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങി. രൂപമാറ്റം വരുത്താവുന്നതും ചൂടിനെ തടയുന്നതുമായ ഈ പദാർഥം വൈദ്യുതോപകരണങ്ങൾ, ടെലിഫോണുകൾ, കളിപ്പാട്ടങ്ങൾ, വാഹനഭാഗങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.
1924 ഫെബ്രുവരി അഞ്ചിനാണ് ഗാന്ധിജി ഏർവാഡ ജയിലിൽനിന്ന് മോചിതനായത്. ആരോഗ്യകാരണങ്ങളായിരുന്നു മോചനത്തിലേക്കു നയിച്ചത്. 1922 മാർച്ചിലാണ് അദ്ദേഹം ആറുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. ചൗരി ചൗര സംഭവത്തിനുശേഷമായിരുന്നു അത്. നിസ്സഹകരണപ്രസ്ഥാനം ചൗരി ചൗര സംഭവത്തോടെ ഗാന്ധി അവസാനിപ്പിച്ചെങ്കിലും യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് അദ്ദേഹത്തിന് കോടതി തടവുശിക്ഷ വിധിച്ചത്. പൂനെയിലെ സസൂൺ ആശുപത്രിയിൽ അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയ നടത്തേണ്ടതിനാലാണ് അദ്ദേഹത്തെ നിരുപാധികം ജയിൽമോചിതനാക്കിയത്. ജയിലിൽനിന്ന് തിരികെയെത്തിയ ഗാന്ധി ഹിന്ദു മുസ്ലീം ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുഴുകി.
1971 ഫെബ്രുവരി അഞ്ചിനാണ് അപ്പോളോ 14 മനുഷ്യനെ വിജയകരമായി ചന്ദ്രനിലിറക്കിയത്. ജനുവരി 31 ന് വിക്ഷേപിച്ച അപ്പോളോ 14 മനുഷ്യനെ ചന്ദ്രനിലിറക്കിയ മൂന്നാമത്തെ ദൗത്യമായിരുന്നു. അലൻ ഷെപ്പാർഡ്, എഡ്ഗാർ ഡി. മെറ്റ്ച്ചെൽ എന്നിവരാണ് അന്ന് ചന്ദ്രനിലിറങ്ങിയത്. പേടകം ലാന്റ് ചെയ്യിക്കാൻ ഉദ്ദേശിച്ചിരുന്ന ലക്ഷ്യത്തിന്റെ 87 അടി അകലത്തിൽ ഇറങ്ങാനായത് അപ്പോളോ 14 ന്റെ നേട്ടങ്ങളിലൊന്നാണ്. മുപ്പത്തിമൂന്നര മണിക്കൂറാണ് ഇരുവരും ചന്ദ്രനിൽ ചെലവഴിച്ചത്. അതിൽ ഒൻപതു മണിക്കൂറും 23 മിനിറ്റും പേടകത്തിനു പുറത്തും ചെലവിട്ടു. അതിനിടെ അലൻ ഷെപ്പേർഡ് ചന്ദ്രനിൽ ഗോൾഫ് കളിയും പരീക്ഷിച്ചു. അന്ന് അലൻ തൊടുത്തുവിട്ട ഗോൾഫ് ബോൾ ഭൂമിയിലെ റെക്കോർഡും മറികടന്നാണ് പറപറന്നത്. 731.5 മീറ്റർ ദൂരത്തായിരുന്നു ഗോൾഫ് എത്തിയത്. പരീക്ഷണങ്ങൾക്കുശേഷം ഫെബ്രുവരി ഒൻപതിന് പേടകം സുരക്ഷിതമായി പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങി.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.