ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഫെബ്രുവരി 12

വാസ്കോ ഡി ഗാമ ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ആരംഭിച്ചത് 1502 ഫെബ്രുവരി 12 നായിരുന്നു. ഗാമയുടെ കീഴിൽ പത്തു കപ്പലുകളുടെ ഒരു വലിയ സംഘവും അഞ്ചു കപ്പലുകൾ വീതമുള്ള രണ്ട് ചെറുസംഘങ്ങളുമാണ് അന്ന് യാത്ര പുറപ്പെട്ടത്. ലിസ്ബണിൽ നിന്നായിരുന്നു യാത്രയുടെ ആരംഭം. ആഫ്രിക്കയിലെ വിവിധ ഇടങ്ങളിലൂടെ ഒടുവിൽ ഗോവയിൽ എത്തിച്ചേർന്ന സംഘം പിന്നീട് കണ്ണൂർ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സാമൂതിരിയുടെ ശത്രുവായിരുന്ന കണ്ണൂരിലെ ഭരണാധികാരിയോട് സഖ്യം സ്ഥാപിക്കുകയും കോഴിക്കോട് തുറമുഖം ആക്രമിക്കുകയും ചെയ്തു. പിന്നീട് കൊച്ചിയിലെത്തിയ അവർ അവിടുത്തെ ഭരണാധികാരിയുമായും സഖ്യം സ്ഥാപിച്ചു. തിരിച്ചുള്ള യാത്രയിലും കോഴിക്കോട്  വച്ച് അറേബ്യൻ കപ്പലുകളുമായി ഏറ്റുമുട്ടലുണ്ടായി. 1503 ഫെബ്രുവരി 20 ന് കണ്ണൂർ തുറമുഖത്തുനിന്നും ഗാമയുടെ സംഘം മൊസാംബിക് വഴി പോർച്ചുഗീസിലേക്ക് തിരികെപ്പോയി.

ഇടുക്കി ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമർപ്പിച്ചത് 1976 ഫെബ്രുവരി 12 നായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഈ ആർച്ച് ഡാം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. 1919 ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദേശിച്ചത്. എന്നാൽ തിരുവിതാംകൂർ സർക്കാർ നിർദേശം തള്ളി. വർഷങ്ങൾക്കുശേഷം 1932 ൽ, മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു. ജെ. ജോൺ, ഇവിടെ അണക്കെട്ട് നിർമ്മിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് തിരുവിതാംകൂർ സർക്കാറിനെ അറിയിച്ചു. അതേത്തുടർന്ന് 1937 ൽ എൻജിനീയർമാർ ഇടുക്കിയിലെത്തി പഠനം നടത്തി. 1947 ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന ജോസഫ് ജോൺ സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാൻ തീരുമാനിച്ചു. 1966 ൽ കാനഡ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്യുകയും തൊട്ടടുത്ത വർഷം ഇരുരാജ്യങ്ങളും കരാറിൽ ഏർപ്പെടുകയും ചെയ്തു. അങ്ങനെ പദ്ധതി യാഥാർഥ്യമാവുകയായിരുന്നു.

ഇന്ത്യാഗേറ്റ് ഉദ്ഘാടനം ചെയ്തത് 1931 ഫെബ്രുവരി 12 നായിരുന്നു. ഇർവിൻ പ്രഭുവാണ് ഇന്ത്യാഗേറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡൽഹി മെമ്മോറിയൽ എന്നറിയപ്പെടുന്ന ഈ സ്മാരകം ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിനൽകിയ സൈനികരെ ആദരിക്കാനായി നിർമ്മിച്ചതാണ്. സർ എഡ്വിൻ ലൂട്ടിയൻസാണ് ഇത് രൂപകൽപന ചെയ്തത്. ഇംപീരിയൽ വാർ ഗ്രേവ്സ് കമ്മീഷന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. 1921 ൽ വിക്ടോറിയ രാജ്ഞിയുടെ മൂന്നാമത്തെ മകനായ കൊണാട്ട് ഡ്യൂക്കാണ് ഇതിന് തറക്കല്ലിട്ടത്. മണൽക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന് 42 മീറ്ററാണ് ഉയരം. 1972 ൽ ഇന്ത്യാഗേറ്റിന്റെ ഭാഗമായി അമർജവാൻ ജ്യോതി സ്ഥാപിച്ചു. 1971 ലെ ഇന്ത്യ-പാക്ക്  യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികരെ ആദരിക്കുന്നതിനായി സ്ഥാപിച്ച കെടാവിളക്കാണ് അമർജവാൻ ജ്യോതി. 2022 ൽ ഇത് ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.