ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഫെബ്രുവരി 11

വത്തിക്കാൻ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കു നയിച്ച ലാറ്ററൻ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1929 ഫെബ്രുവരി 11 നായിരുന്നു. ജൂൺ ഏഴിനാണ് ഇത് പ്രാബല്യത്തിൽവന്നത്. ഇറ്റലിയുടെ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയും വത്തിക്കാന്റെ കാർഡിനൽ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന പിയെത്രോ ഗാസ്പാരിയുമാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. അതോടെ വത്തിക്കാൻ സിറ്റി എന്ന 44 ഹെക്ടറോളം മാത്രം വലിപ്പമുള്ള രാജ്യം പോപ്പിന്റെ സമ്പൂർണ്ണ  അധികാരത്തിൻകീഴിലായി. ഇതേ ഉടമ്പടിപ്രകാരം റോമാ നഗരത്തിന് കത്തോലിക്കാ സഭയുടെ കേന്ദ്രവും തീർഥാടനസ്ഥലവും എന്ന പ്രത്യേക പദവി നൽകി. 1870 ൽ ഇറ്റാലിയൻ സൈന്യം റോം പിടിച്ചെടുത്തതു മുതൽ ആരംഭിച്ച തർക്കങ്ങൾക്കാണ് അതോടെ പരിഹാരമായത്.

ഗാന്ധിജി പ്രസിദ്ധീകരിച്ചിരുന്ന ഹരിജൻ ആഴ്ചപ്പതിപ്പിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത് 1933 ഫെബ്രുവരി 11 നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ഏർവാഡാ ജയിലിൽ കഴിയുന്ന സമയത്താണ് അദ്ദേഹം ഈ ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു ആദ്യകാലത്ത് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് ഹരിജൻ ബന്ധു എന്ന പേരിൽ ഗുജറാത്തിയിലും ഹരിജൻ സേവക് എന്ന പേരിൽ ഹിന്ദിയിലും പ്രസിദ്ധീകരിച്ചുതുടങ്ങി. സാമൂഹികവും സമ്പത്തികവുമായ പ്രശ്നങ്ങൾക്കാണ് ഹരിജൻ പ്രാധാന്യം നൽകിയിരുന്നത്. അഹമ്മദാബാദിൽ രൂപീകരിച്ചിരുന്ന നവജീവൻ ട്രസ്റ്റിനു കീഴിലായിരുന്നു പ്രസിദ്ധീകരണം. 1948 ൽ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.

27 വർഷത്തെ ജയിൽവാസത്തിനുശേഷം നെൽസൺ മണ്ടേല മോചിതനായത് 1990 ഫെബ്രുവരി 11 നായിരുന്നു. വർണ്ണവിവേചനത്തിനും പാരതന്ത്ര്യത്തിനുമെതിരെ ജീവിതാവസാനംവരെ സന്ധിയില്ലാപോരാട്ടം നടത്തിയ മഹാനായ നേതാവായിരുന്നു അദ്ദേഹം. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായിരിക്കെ സർക്കാരിനെതിരെ സായുധാക്രമണം ആസൂത്രണം ചെയ്തു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും, അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലിൽ കഴിയവെ 1964 ജൂൺ 12 നു നടന്ന ചരിത്രപ്രസിദ്ധമായ റിവോണിയ വിചാരണയിൽ രാജ്യദ്രോഹകുറ്റം ഉൾപ്പെടെ ചുമത്തി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1985 ൽ ഉപാധികളോടെ ജയിൽമോചനം വാഗ്ദാനം ചെയ്തെങ്കിലും മണ്ടേല അത് നിഷേധിച്ചു. പിന്നീട് ഫ്രെഡറിക് വില്യം ക്ലാർക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായപ്പോൾ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനുണ്ടായിരുന്ന നിരോധനം നീക്കി. അതോടെയാണ് മണ്ടേലയുടെ ജയിൽമോചനത്തിനുള്ള വഴിയൊരുങ്ങിയത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.