ക്രിസ്മസ് ദ്വീപിന് ആ പേര് ലഭിച്ചത് 1643 ഡിസംബർ 25 നായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ജാവയ്ക്ക് തൊട്ട് തെക്കായി ഓസ്ട്രേലിയൻ പ്രദേശത്തുള്ള ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1600 കളുടെ ആരംഭം മുതൽ ഇംഗ്ലീഷ്, ഡച്ച് നാവികരുടെ ചാർട്ടുകളിൽ ഈ ദ്വീപിന്റെ സാന്നിധ്യം കാണാമെങ്കിലും, 1643 ലെ ക്രിസ്മസ് ദിനത്തിൽ തങ്ങളുടെ ശ്രദ്ധയിൽപെട്ട ദ്വീപിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവികനായിരുന്ന, ക്യാപ്റ്റൻ വില്യം മൈനേഴ്സാണ് ആ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം. ക്രിസ്മസ് ദ്വീപിൽ ഏകദേശം 80 കിലോമീറ്റർ നീളത്തിൽ തീരപ്രദേശമുണ്ടെങ്കിലും കുറച്ചുഭാഗങ്ങളിൽ മാത്രമേ എളുപ്പത്തിൽ എത്തിച്ചേരാനാവൂ. ചുറ്റുമുള്ള മലഞ്ചെരിവുകളാണ് ഇതിനു കാരണം. ആദ്യമായി ഒരു കപ്പൽ ദ്വീപിലടുത്തത് 1688 ലാണ്. സിഗ്നെറ്റ് എന്ന ഇംഗ്ലീഷ് കപ്പലായിരുന്നു അത്.
1741 ഡിസംബർ 25 നാണ് താപനില അളക്കുന്ന ഏകകമായ സെൽഷ്യസ് സ്കെയിൽ കണ്ടെത്തിയത്. സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനായ ആന്റേഴ്സ് സെൽഷ്യസാണ് ഇത് കണ്ടെത്തിയത്. കണ്ടെത്തിയ സമയത്ത് സെന്റിഗ്രേഡ് സ്കെയിൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ സ്കെയിൽ കണ്ടെത്തിയ ശാസ്ത്രജ്ഞന്റെ സ്മരണാർഥം സെൽഷ്യസ് സ്കെയിൽ എന്ന പേര് മാറ്റുകയായിരുന്നു. സാധാരണ അന്തരീക്ഷ മർദത്തിൽ ഐസ് ഉരുകുന്ന താപനിലയ്ക്കും വെള്ളം തിളയ്ക്കുന്ന താപനിലയ്ക്കും ഇടയിലുള്ള താപനില വ്യത്യാസത്തിന്റെ നൂറിലൊന്നിനെയാണ് ഒരു സെൽഷ്യസായി കണക്കാക്കുന്നത്. ഇതിനുമുമ്പ് ഫാരൻഹീറ്റ് തെർമോമീറ്ററായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഡിഗ്രി സെൽഷ്യസിനെക്കാൾ ചെറിയ തോതാണിത്. ഫാരൻഹീറ്റ് സ്കെയിൽ അനുസരിച്ച് ഐസ് ഉരുകുന്ന താപനില 32 ഡിഗ്രിയും ജലം തിളയ്ക്കുന്ന താപനില 22 ഡിഗ്രിയുമാണ്.
വാനനിരീക്ഷണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിർമിച്ച ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിച്ചത് 2021 ഡിസംബർ 25 നായിരുന്നു. ഫ്രഞ്ച് ഗയാനയിൽനിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാന റോക്കറ്റിലായിരുന്നു വിക്ഷേപണം. യൂറോപ്യൻ, കനേഡിയൻ ബഹിരാകാശ ഏജൻസികളും നാസയും ചേർന്നു നിർമിച്ച ഇതിന് ആയിരം കോടി ഡോളറാണ് ചെലവ്. ആയുസ്സടുത്ത ഹബിൾ സ്പേസ് ടെലിസ്കോപ്പിനു പകരമായാണ് ജെസിംസ് വെബ് നിർമിച്ചത്. മറ്റ് ഏതൊരു ദൂരദർശിനികളെക്കാളും കൃത്യതയും സംവേദനക്ഷമതയുമാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയെ വേറിട്ടുനിർത്തുന്നത്. ബെറിലിയം ലോഹത്തിൽ നിർമിച്ച് സ്വർണ്ണം പൂശിയ 6.5 മീറ്റർ വ്യാസമുള്ള കോൺകേവ് കണ്ണാടിയാണ് ഇതിലുള്ളത്. ഹബിളിലെ കണ്ണാടിക്ക് 2.4 മീറ്ററാണ് വ്യാസം. മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ മൂൺ ലാൻഡിംഗ് ദൗത്യത്തിന് ചുക്കാൻ പിടിച്ച മുൻ നാസ ഡയറക്ടർ ജെയിംസ് ഇ. വെബിന്റെ സ്മരണാർഥമാണ് ടെലിസ്കോപ്പിന് ജെയിംസ് വെബ് എന്ന് പേര് നൽകിയത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.