ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഡിസംബർ 15

1970 ഡിസംബർ 15 നായിരുന്നു ആദ്യമായി ഒരു ബഹിരാകാശ പേടകം മറ്റൊരു ഗ്രഹത്തിൽ സോഫ്റ്റ് ലാന്റ് ചെയ്തത്. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വെനേറ 7 എന്ന പേടകമാണ് അന്ന് ശുക്രന്റെ ഉപരിതലത്തിലിറങ്ങിയത്. നാസയുടെ റിപ്പോർട്ടുകളനുസരിച്ച് മറ്റൊരു ഗ്രഹത്തിലിറങ്ങിയശേഷം ഭൂമിയിലേക്ക് സന്ദേശങ്ങളയയ്ക്കുന്ന ആദ്യ ഉപഗ്രഹവും വെനേറ 7 തന്നെയാണ്. 1970 ഓഗസ്റ്റ് 17 നാണ് കസാഖിസ്ഥാനിലെ ബെക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് വേനേരാ വിക്ഷേപിച്ചത്. പാരച്യൂട്ട് തകരാറിലായതിനെത്തുടർന്ന് ഉദ്ദേശിച്ച രീതിയിൽ ശുക്രനിൽ ഇറങ്ങാൻ കഴിയാതിരുന്നതിനാൽ ലാന്റ് ചെയ്ത് 23 മിനിറ്റുകൾക്കുശേഷം സിഗ്നലുകൾ ലഭിക്കാതായി. ആന്റിന ഭൂമിക്ക് അഭിമുഖമല്ലാത്തതാവാം കാരണമെന്നാണ് അനുമാനം. വെനേറ അവസാനം അയച്ച സന്ദേശങ്ങളിൽനിന്ന് ശുക്രന്റെ താപനില, അന്തരീക്ഷമർദം, കാറ്റിന്റെ വേഗം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്.

11 വർഷം നീണ്ട അറ്റകുറ്റപ്പണികൾക്കുശേഷം പിസായിലെ ചെരിഞ്ഞ ഗോപുരം വീണ്ടും തുറന്നത് 2001 ഡിസംബർ 15 നാണ്. ഗോപുരത്തിന്റെ ചെരിവ് കുറയ്ക്കുകയായിരുന്നു അറ്റകുറ്റപ്പണികളുടെ ലക്ഷ്യം. ഇംഗ്ലണ്ടിൽനിന്നുള്ള വിദഗ്ദ്ധസംഘമാണ് പണികൾക്ക് നേതൃത്വം നൽകിയത്. ഗോപുരത്തിന്റെ കുത്തനെയുള്ള ചെരിവ് 5.5 ഡിഗ്രിയിൽനിന്ന് 5 ഡിഗ്രിയായി കുറയ്ക്കുകയാണ് അവർ ചെയതത്. അടുത്ത മുന്നൂറു വർഷത്തേക്ക് അപകടമൊന്നും ഉണ്ടാകില്ലെന്ന് അവർ നൽകിയ ഉറപ്പിലാണ് ഗോപുരം വീണ്ടും തുറന്നത്. 1173 ലാണ് പിസായിലെ ഗോപുരത്തിന്റെ പണികൾ ആരംഭിച്ചത്. മൂന്നാം നിലയുടെ പണിക്കിടെയാണ് ചെരിവ് ശ്രദ്ധയിൽപെട്ടത്. ഏഴാം നിലയുടെ പണികൾ നടക്കുമ്പോൾ ചെരിവ് 81 സെ. മീ. വരെയായി എന്നു കണ്ടെത്തി. അതോടെ ഗോപുരം പ്രധാന വിനോദസഞ്ചാരകേന്ദ്രമായും മാറി.

എട്ടു വർഷങ്ങളും എട്ടു മാസങ്ങളും 26 ദിവസങ്ങളും നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കൻസേന ഇറാഖിൽനിന്ന് പിൻവാങ്ങിയത് 2011 ഡിസംബർ 15 നായിരുന്നു. ജനറൽ ലോയിഡ് ജെ. ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള അവസാന ട്രൂപ്പും അമേരിക്കയിലേക്ക് തിരിച്ചതോടെ ന്യൂ ഡോൺ എന്ന പേരിൽ ഇറാഖിൽ അമേരിക്ക നടത്തിയ സൈനിക നടപടിക്കാണ് അവസാനമായത്. 2003 മാർച്ച് 19 നാണ് അമേരിക്കൻ സേന ഇറാഖിലെത്തിയത്. ഇറാഖിന്റെ കൈവശമുള്ള വിനാശകരമായ ആയുധശേഖരം ഇല്ലാതാക്കുക, ഭരണാധികാരിയായ സദ്ദാം ഹുസൈൻ തീവ്രവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ എന്നാണ് അമേരിക്ക അവകാശപ്പെട്ടത്. 2003 മെയ് ഒന്നിന് യുദ്ധം ഔദ്യോഗികമായി അവസാനിച്ചെങ്കിലും 2011 വരെ സേന വീണ്ടും ഇറാഖിൽ തന്നെ തുടരുകയായിരുന്നു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.