ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 07

1927 ഏപ്രിൽ ഏഴിനാണ് വൺവേ വീഡിയോഫോണിന്റെ ആദ്യ പൊതുപ്രദർശനം നടന്നത്. വാഷിംഗ്ടൺ ഡി സി യിൽ വച്ചായിരുന്നു പ്രദർശനം. അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് കൊമേഴ്സ് ആയിരുന്ന ഹെർബർട്ട് ഹൂവറും അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനിയുടെ ഉദ്യോഗസ്ഥരും തമ്മിലാണ് ആദ്യ വൺവേ വീഡിയോഫോൺ സന്ദേശം കൈമാറിയത്. ന്യൂയോർക്കിലുള്ള ബെൽ ലാബ്സ് ഓഫീസിൽ അമേരിക്കൻ ടെലിഫോൺ ആന്റ് ടെലഗ്രാഫ് കമ്പനിയുടെ പ്രസിഡന്റ്  വാൾട്ടർ ജിഫോർഡാണ് ഹൂവറുടെ കോൾ സ്വീകരിച്ചത്. ഇരുകൂട്ടർക്കും ശബ്ദസന്ദേശങ്ങൾ കൈമാറാൻ കഴിയുമായിരുന്നെങ്കിലും വീഡിയോ ഒരു വശത്തുള്ളവർക്കുമാത്രമേ സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരു സെക്കന്റിൽ 18 ഫ്രെയിമുകളുള്ള വീഡിയോയാണ് ആദ്യ വീഡിയോഫോണിൽ ഉപയോഗിച്ചിരുന്നത്.

1940 ഏപ്രിൽ ഏഴിനാണ് ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കക്കാരന്റെ ചിത്രം പോസ്റ്റൽ സ്റ്റാമ്പിൽ അച്ചടിച്ചുവന്നത്. ആഫ്രിക്കൻ അമേരിക്കൻ അധ്യാപകനായ ബുക്കർ ടി. വാഷിംഗ്ടണിന്റേതായിരുന്നു ചിത്രം. കറുത്തവർഗക്കാരനായ ഒരാളെ ആദരിച്ചുകൊണ്ടുള്ള അമേരിക്കയുടെ ആദ്യത്തെ സ്റ്റാമ്പായിരുന്നു ഇത്. ആഫ്രിക്കൻ അമേരിക്കൻ അനുകൂലികളായവരുടെ നിരന്തരമായ പരാതികൾ പരിഗണിക്കവെ പ്രസിഡന്റ ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റാണ് ഇങ്ങനെയൊരു സ്റ്റാമ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. വാഷിംഗ്ടണിന്റെ ചിത്രം ഇതിനായി നിർദേശിച്ചതും അദ്ദേഹം തന്നെയായിരുന്നു.

ലോകാരോഗ്യ സംഘടന നിലവിൽ വന്നത് 1948 ഏപ്രിൽ ഏഴിനാണ്. ഐക്യരാഷ്ട്ര സഭയുടെ ഒരു പ്രത്യേക ഏജൻസിയായി സ്ഥാപിതമായതാണ് ഈ സംഘടന. ഇത് അന്താരാഷ്ട്ര ആരോഗ്യകാര്യങ്ങൾക്കും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള സംവിധാനവും ഏകോപന അതോറിറ്റിയും ആയി പ്രവർത്തിക്കുന്നു. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനും ദുർബലരെ സേവിക്കുന്നതിനുമായി രാജ്യങ്ങളെയും ആളുകളെയും ബന്ധിപ്പിക്കുന്ന ഐക്യരാഷ്ട്ര ഏജൻസിയാണിത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപനദിനം ലോകാരോഗ്യ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.