ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 03

1971 ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധകാലത്ത് ഇന്ത്യൻ കരസേനയുടെ മേധാവിയും ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനുമായ സാം മനേക്ഷാ ജനിച്ചത് 1914 ഏപ്രിൽ മൂന്നിനാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചതോടെ ആരംഭിച്ച അദ്ദേഹത്തിന്റെ സൈനികജീവിതം നാല് പതിറ്റാണ്ടുകളും അഞ്ച് യുദ്ധങ്ങളും നീണ്ടുനിന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ അമൃത്സറിലാണ് അദ്ദേഹം ജനിച്ചത്.

1948 ഏപ്രിൽ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ, മേഖലയിലെ ജനാധിപത്യം വളർത്തുന്നതിനായി പടിഞ്ഞാറൻ, തെക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജോർജ് സി മാർഷലിന്റെ രണ്ടാം ലോകമഹായുദ്ധാനന്തര പദ്ധതിയിൽ ഒപ്പുവച്ചത്.

മോട്ടറോള ജീവനക്കാരനായ മാർട്ടിൻ കൂപ്പർ, ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ ഡൗണ്ടൗണിൽവച്ച് ന്യൂജേഴ്‌സിയിലെ ബെൽ ലാബ്‌സ് ആസ്ഥാനത്തേക്ക് ആദ്യത്തെ മൊബൈൽ ഫോൺ കോൾ നടത്തിയത് 1973 ഏപ്രിൽ മൂന്നിനായിരുന്നു. മോട്ടറോളയിലെ എഞ്ചിനീയറായ കൂപ്പർ, AT & T യുടെ ഉടമസ്ഥതയിലുള്ള ബെൽ ലാബ്‌സിന്റെ തലവൻ ജോയൽ ഏംഗലിനെ ഒരു ഇഷ്ടികയുടെ വലിപ്പമുള്ള ഉപകരണം ഉപയോഗിച്ചാണ് ഫോൺ വിളിച്ചത്. 50 വർഷങ്ങൾക്കുശേഷം, കൂപ്പറിന്റെ ഈ കണ്ടുപിടുത്തം കനം കുറഞ്ഞതും വേഗതയേറിയതുമായ ഫോണുകളായി പരിണമിച്ചു. അത് സർവവ്യാപിയായി മാറിയതും വ്യവസായങ്ങളെയും സംസ്കാരത്തെയും മനുഷ്യബന്ധങ്ങളെയും മാറ്റിമറിക്കുകയും ചെയ്തു. ഇപ്പോൾ 94 വയസ്സുള്ള കൂപ്പർ പറയുന്നത്, സെൽഫോണുകൾ വ്യാപകമായതിൽ താൻ ആശ്ചര്യപ്പെട്ടിട്ടില്ലെന്നും അവ ഒരു ദിവസം മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമാകുമെന്നു പ്രവചിച്ചിരുന്നു എന്നുമാണ്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.