ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 27

പോർച്ചുഗീസ് – സ്പാനിഷ് സഞ്ചാരിയായിരുന്ന ഫെർഡിനാന്റ് മഗല്ലൻ കൊല്ലപ്പെട്ടത് 1521 ഏപ്രിൽ 27 നാണ്. ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ പോർച്ചുഗീസ് ഇന്ത്യൻ വൈസ്രോയിയുടെ കപ്പൽസേനയിൽ അംഗമായ മഗല്ലൻ, ഇന്ത്യയിലും കേരളത്തിലും വന്നിട്ടുണ്ട്. വൈസ്രോയിയോടൊപ്പമുള്ള യാത്രകളിൽ നിന്നാണ് കടൽമാർഗമുള്ള യാത്രയെക്കുറിച്ച് അദ്ദേഹം കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. തുടർന്ന് ഭൂമിശാസ്ത്ര വിദഗ്ധൻ റൂയി ഫലേറിയയോടു ചേർന്ന് ഏറ്റവും പുതിയ ഭൂപടങ്ങൾ പഠിച്ച് അറ്റ്ലാന്റിക്കിൽ നിന്ന് തെക്കൻ ശാന്തസമുദ്രത്തിലേക്ക് ഒരു വഴി കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. 280 പേരുമായി അഞ്ചു കപ്പലുകളിലാണ് യാത്ര ആരംഭിച്ചത്. ആ യാത്രയിലാണ് അദ്ദേഹം ‘മഗല്ലൻ കടലിടുക്ക്’ എന്നറിയപ്പെടുന്ന കടൽപാത കണ്ടെത്തിയത്. തെക്കേ അമേരിക്ക മുറിച്ച് ശാന്തസമുദ്രത്തിലേക്കുള്ള ഭൂഖണ്ഡാന്തര ജലമാർഗമായിരുന്നു അത്. തുടർന്നുള്ള യാത്രയ്ക്കിടെ ഫിലിപ്പീൻസിൽ വച്ചുണ്ടായ യുദ്ധത്തിൽ മഗല്ലൻ കൊല്ലപ്പെടുകയായിരുന്നു.

നാഷണൽ ഡിഫൻസ് കോളേജ് പ്രവർത്തനം ആരംഭിച്ചത് 1960 ഏപ്രിൽ 27 നാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച പഠനവും പരിശീലനവും നടത്താൻ ദേശീയ തലത്തിലുള്ള ഉന്നതതല സ്ഥാപനമാണിത്. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ രാജ്യത്തിനകത്തുതന്നെ പരിശീലനം നേടേണ്ടതിന്റെ ആവശ്യകത പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത് 1958 ജൂലൈയിലാണ്. 1959 മെയ് മാസത്തിൽ നാഷണൽ ഡിഫൻസ് കോളേജ് സ്ഥാപിക്കാനുള്ള നിർദേശം ക്യാബിനറ്റ് ഡിഫൻസ് കമ്മിറ്റി അംഗീകരിച്ചു. അതുപ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കോളേജിന്റെ ഉദ്ഘാടനം 1960 ഏപ്രിൽ 27 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു നിർവഹിക്കുകയും ആദ്യ കോഴ്സ് ആരംഭിക്കുകയും ചെയ്തു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിന്റെ സ്പീക്കർ സ്ഥാനത്ത് ആദ്യമായി ഒരു വനിത എത്തുന്നത് 1992 ഏപ്രിൽ 27 നാണ്. ലേബർ പാർട്ടി അംഗമായിരുന്ന ബെറ്റി ബൂത്ത്റോയ്ഡിനായിരുന്നു ആ ചരിത്രനിയോഗം. ചെറുപ്പത്തിൽ നർത്തകിയാകണമെന്ന് ആഗ്രഹിച്ചിരുന്ന അവർ പക്ഷേ രാഷ്ട്രീയത്തിൽ എത്തുകയായിരുന്നു. 1987 ൽ ഡെപ്യൂട്ടി സ്പീക്കറായി നിയമിതയായ അവർ 1992 ൽ അന്നത്തെ സ്പീക്കറായിരുന്ന ബെർണാർഡ് വെതറിൽ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടത്. അവരുടെ നിയമനത്തെ എം പി ആയിരുന്ന ജോൺ ബ്രൂക്ക് ചോദ്യം ചെയ്തതിനാൽ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനമെടുത്തു. വോട്ടിംഗിൽ ഭൂരിപക്ഷം നേടി വിജയിച്ചാണ് അവർ ആദ്യ വനിതാ സ്പീക്കറായി മാറിയത്. രണ്ടായിരത്തിൽ വിരമിക്കുന്നതുവരെ അവർ സ്പീക്കറായി തുടർന്നു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.