ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 22

1915 ഏപ്രിൽ 22 യുദ്ധചരിത്രത്തിലെ ഒരു ഇരുണ്ട ദിനമാണ്. അന്നാണ് ജർമ്മനി ആദ്യമായി ക്ലോറിൻ വാതകം ആയുധമായി ഉപയോഗിച്ചത്. ഫ്രഞ്ച് സേനയ്ക്കു  നേരെയായിരുന്നു ആക്രമണം. കാറ്റ് തങ്ങൾക്കനുകൂലമായ സമയത്ത് പ്രത്യേക പരിശീലനം ലഭിച്ച ജർമ്മൻ സൈനികർ ട്രെഞ്ചുകളിലിരുന്ന് ക്ലോറിൻ വാതകം നിറച്ച 5700 കാനിസ്റ്ററുകളുടെ വാൽവുകൾ തുറന്നുവിട്ടു. 50 അടി ഉയരത്തിലും നാലു മൈൽ ദൂരത്തിലും ഒരു പച്ച മേഘം ഫ്രഞ്ച് സൈനികരെ മൂടി. ശ്വാസതടസ്സം നേരിട്ട ആയിരക്കണക്കിനു സൈനികർ മരിച്ചുവീണു.

ദേശിയപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സുഭാഷ് ചന്ദ്രബോസ് സിവിൽ സർവീസിൽ നിന്ന് രാജിവച്ചത് 1921 ഏപ്രിൽ 22 നാണ്. സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന എഡ്വിൻ മൊണ്ടാഗ്യുവിനാണ് അദ്ദേഹം തന്റെ രാജി സമർപ്പിച്ചത്. 1920 ൽ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ നാലാമനായാണ് സുഭാഷ് ചന്ദ്രബോസ് സിവിൽ സർവീസിന്റെ ഭാഗമായത്. രാജി വയ്ക്കുമ്പോൾ വെറും 24 വയസ്സു മാത്രമായിരുന്നു ചന്ദ്രബോസിന്റെ പ്രായം. രാജി സ്വീകരിച്ചാൽ അതുവരെ അലവൻസായി ലഭിച്ച നൂറ് പൗണ്ട് തിരികെ നൽകുമെന്നും രാജിക്കത്തിൽ അദ്ദേഹം എഴുതിയിരുന്നു. രാജിക്കുശേഷമാണ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കുന്നതും ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആരംഭിക്കുന്നതും. ‘നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനങ്ങളിലൊന്നാണ്.

ആദ്യ അന്താരാഷ്ട്ര ഭൗമദിനം ആചരിച്ചത് 1970 ഏപ്രിൽ 22 നാണ്. അമേരിക്കയായിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. 1962 ൽ റേച്ചൽ കാർസൺന്റെ സൈലന്റ് സ്പ്രിങ് എന്ന പുസ്തകം പുറത്തിറങ്ങിയതോടെ മലിനീകരണം എങ്ങനെ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങൾ ബോധവാൻമാരായി. വിസ്കോൻസിനിൽ നിന്നുള്ള യു എസ് സെനറ്റർ ഗേ ലോർഡ് നെൽസൺ പരിസ്ഥിതി സംരക്ഷണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആശയത്തിനും രൂപം നൽകി. അന്താരാഷ്ട്രതലത്തിലേക്ക് ഈ ആശയമെത്തിക്കാൻ 1970 ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കാൻ തീരുമാനിച്ചു. 20 ദശലക്ഷം അമേരിക്കൻ പൗരന്മാരാണ് ഭൗമദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തത്. 1990 ലെത്തിയപ്പോൾ 141 രാജ്യങ്ങളിലായി 200 ദശലക്ഷം പേർ ഭൗമദിനാചരണത്തിൽ പങ്കാളികളായി. ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങളും ഭൗമദിനം ആചരിക്കുന്നുണ്ട്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.