ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 20

അമേരിക്കയിലെ പ്രശസ്ത കാറോട്ട മത്സരമായ ഇൻഡികാർ സീരീസിൽ ഒരു വനിത ആദ്യമായി വിജയിയാകുന്നത് 2008 ഏപ്രിൽ 20 നാണ്. ഡാനിക്ക പാട്രിക്കാണ് ആ നേട്ടം സ്വന്തമാക്കിയ വനിത. ചെറുപ്പത്തിലേ കാറോട്ടത്തിൽ താൽപര്യമുണ്ടായിരുന്ന അവർ പതിനാറാം വയസിൽ ഗോ-കാർട്ട്സ് മത്സരത്തിൽ ദേശീയ ചാമ്പ്യനായി. 2005 ലാണ് ഇൻഡി കാർ റേസിൽ ആദ്യമായി പങ്കെടുക്കുന്നത്. അന്ന് പക്ഷേ നാലാമതായാണ് ഫിനിഷ് ചെയ്തത്. 2008 ഏപ്രിൽ 20 നു നടന്ന റേസിലാണ് ഡാനിക്ക ഒന്നാമതെത്തുന്നത്. മുൻവർഷത്തെ ചാമ്പ്യനെക്കാൾ 5.86 സെക്കന്റ് മുൻപ് ഫിനിഷ് ചെയ്താണ് അവർ വിജയിയായത്.

2010 ഏപ്രിൽ 20 നാണ് ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്ഫോടനവും എണ്ണച്ചോർച്ചയുമുണ്ടായത്. കടൽജലത്തിൽ എണ്ണ കലർന്നുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു അത്. ട്രാൻസോഷ്യൻ കമ്പനിയുടെ ഡീപ്പ് വാട്ടർ ഹൊറൈസൺ എന്ന ‘സെമി സബ്മേഴ്സിബിൾ ഓഫ്ഷോർ ഡ്രില്ലിങ് റിഗ്ഗ’ ഗൾഫ് ഓഫ് മെക്സിക്കോ ബേസിനിലെ മക്കോണ്ടോ റിസർവോയറിൽ ഇരുപതിനായിരം അടി ആഴത്തിലുള്ള ഒരു എണ്ണക്കിണർ കുഴിക്കുന്നതിനിടെയായിരുന്നു അപകടം. ഏപ്രിൽ 20 ന് അതിരാവിലെ പൈപ്പിറക്കി ക്യാപ്പ് ചെയ്യുന്ന പ്രക്രിയയുടെ നിർണ്ണായക ഘട്ടമായ ‘സിമന്റിങ്’ കൃത്യമായി പൂർത്തിയായിരുന്നില്ല എന്നത് പരിശോധനകളിൽ ഏർപ്പെട്ടിരുന്ന എഞ്ചിനീയർമാർക്ക് തിരിച്ചറിയാനായില്ല. ഇത് മനസ്സിലാക്കാതെ കൈക്കൊണ്ട തുടർ തീരുമാനങ്ങളാണ് സ്ഫോടനത്തിലേക്ക് വഴിവച്ചത്. സിമന്റിങ് കൃത്യമായി നടക്കാതിരുന്നതുകൊണ്ട് ഭൗമാന്തർഭാഗത്തു നിന്നുള്ള അതിമർദത്തിലുള്ള ദ്രാവകം വളരെ വേഗത്തിൽ എണ്ണക്കിണറിലൂടെ മുകളിലേക്കു പൊട്ടിപ്പുറപ്പെട്ടു വരാൻ തുടങ്ങി. അതിലേക്ക് പടർന്ന തീ ആളിക്കത്തി, റിഗ്ഗിനെ ആകെ വിഴുങ്ങി. പലയിടത്തു നിന്നുമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അഗ്നിശമന സംവിധാനങ്ങൾ കൊണ്ടെത്തിച്ച് രണ്ടുദിവസം ശ്രമിച്ചിട്ടും തീ കെട്ടില്ല. ഡീപ്പ് വാട്ടർ ഹൊറൈസൺ എന്ന ആ ഭീമാകാര സെമി സബ്മേഴ്സിബിൾ റിഗ്ഗ് പൂർണ്ണമായും കത്തിനശിച്ചു. രണ്ടാം ദിവസത്തേക്ക് അതിന്റെ ഭാഗങ്ങൾ അടർന്ന്  കടലിലേക്കു വീഴാൻ തുടങ്ങി. ഒടുവിൽ ആ എണ്ണക്കിണറിന്മേൽ ഉണ്ടായിരുന്ന അവസാനത്തെ ബന്ധമായ റൈസർ പൊട്ടി കടലിലേക്കു പതിച്ചു. അതോടെ ഭൗമാന്തർഭാഗത്തു നിന്ന് കുത്തിയൊഴുകിക്കൊണ്ടിരുന്ന എണ്ണയെ തടയാൻ ഒരു പ്രതിബന്ധവും ഇല്ലാതെയായായി. അതോടെ ഇത്,  11 പേരുടെ ജീവൻ അപഹരിച്ച ഒരു റിഗ്ഗപകടം എന്ന നിലയിൽ നിന്ന്, പര്യവേഷണങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോർച്ച എന്ന നിലയിലേക്ക് കാര്യങ്ങൾ വഴിമാറി. അത് ഗൾഫ് ഓഫ് മെക്സിക്കോയുടെ തീരപ്രദേശങ്ങളിലെ സമുദ്രജീവികളെ കൊന്നൊടുക്കുകയും കടലിലെ സസ്യജാലത്തെ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. മത്സ്യങ്ങൾ, കടൽപക്ഷികൾ, കടലാമകൾ എന്നിങ്ങനെ ജീവജാലങ്ങളിൽ പലതും ചത്തൊടുങ്ങി. പ്രദേശവാസികളുടെ ഉപജീവനമാർഗവും അതോടെ നിലച്ചുപോയി.

2021 ഏപ്രിൽ 20 നാണ് ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെടുന്നത്. മൂന്നു പതിറ്റാണ്ട് ചാഡിനെ ഭരിച്ച അദ്ദേഹം വിമതരുമായുള്ള പോരാട്ടത്തിലാണ് കൊല്ലപ്പെട്ടത്. ആറാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപനം വന്നതിന് മണിക്കൂറുകൾക്കു ശേഷമാണ് മരണവാർത്ത ലോകം അറിയുന്നത്. രാജ്യത്തിന്റെ വടക്ക് ലിബിയൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർശിക്കുകയായിരുന്ന ഡെബി യുദ്ധഭൂമിയിൽ കൊല്ലപ്പെടുകയായിരുന്നു. 1990 ൽ പ്രസിഡന്റ് ഹിസൈ്സൻ ഹാബ്രെയെ വിമതർ പുറത്താക്കിയപ്പോൾ സൈനിക അട്ടിമറിയിലൂടെയാണ് സായുധ കമാൻഡറായിരുന്ന ഡെബി ചാഡിന്റെ അധികാരത്തിലെത്തിയത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.