ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 13

അമേരിക്കയിൽ ആദ്യമായി ഒരു ആനയെത്തുന്നത് 1796 ഏപ്രിൽ 13 നാണ്; അതും ഇന്ത്യയിൽ നിന്ന്. അമേരിക്കയിലേക്കുള്ള ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് ക്രൗണിഷീൽഡ് കൽക്കട്ടയിൽ നിന്നു വാങ്ങിയതായിരുന്നു ആനയെ. രണ്ടുവയസ്സു മാത്രം പ്രായമുണ്ടായിരുന്ന അതിനെ കപ്പൽമാർഗം തന്നെയാണ് അമേരിക്കയിലെത്തിച്ചത്. ക്യാപ്റ്റൻ ഇന്ത്യയിൽ നിന്ന് 450 ഡോളറിനു വാങ്ങിയ ആ ആനയെ 1000 ഡോളറിനു സ്വന്തമാക്കിയ ഹച്ചില ബെയ്ലി എന്ന സർക്കസ് കമ്പനി മുതലാളി അതിന് ഓൾഡ് ബെറ്റ് എന്ന് പേരിട്ടു. 1816 ൽ കൊല്ലപ്പെടുന്നതുവരെ വർഷങ്ങളോളം ഓൾഡ് ബെറ്റ് ബെയ്ലിയുടെ കൂടെയായിരുന്നു.

ഇന്ത്യയുടെ ഹൃദയത്തിൽ ഇന്നും നൊമ്പരമായി നിലനിൽക്കുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് 1919 ഏപ്രിൽ 13 നായിരുന്നു. ബ്രിട്ടീഷ് സർക്കാർ ഫെബ്രുവരിയിൽ പാസ്സാക്കിയ റൗലറ്റ് നിയമം അനിശ്ചിതകാലത്തേക്കു നീട്ടാൻ തീരുമാനിച്ചതിനെതിരെ സമാധാനപൂർണ്ണമായി സമരം ചെയ്യാൻ ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടത്. മൂന്നുവശത്തും ചുമരുകളുള്ളതും ഒരു വഴി മാത്രമുള്ളതുമായ പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയൻ വാലാബാഗ് മൈതാനത്തായിരുന്നു അവർ ഒത്തുകൂടിയിരുന്നത്. ബ്രിട്ടീഷുകാർക്കെതിരെയുണ്ടാകുന്ന സമരങ്ങൾ നിയന്ത്രിക്കാൻ ചുമതലയുണ്ടായിരുന്ന ജനറൽ റെജിനാൾഡ് ഡയർ ഒരുപറ്റം പട്ടാളക്കാരുമായെത്തി, പ്രതിഷേധക്കാർക്ക് പുറത്തേക്കു പോകാനുള്ള വഴി അടയ്ക്കുകയും, നിരായുധരായ അവരെ കൊന്നൊടുക്കുകയായിരുന്നു. 379 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ആയിരത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇന്ത്യ ആദ്യമായി ഏഷ്യാകപ്പിൽ വിജയം നേടുന്നത് 1984 ഏപ്രിൽ 13 നാണ്. ഏഷ്യാകപ്പിന്റെ ആദ്യ എഡിഷനായിരുന്നു അത്. റോത്ത്മാൻസ് ഏഷ്യ കപ്പ് എന്നായിരുന്നു ആദ്യ എഡിഷന് പേരിട്ടിരുന്നത്. ഏപ്രിൽ ആറു മുതൽ 13 വരെ യു എ ഇ യിലെ ഷാർജയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ  ടീമുകളാണ് മാറ്റുരച്ചത്. റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം. ഇതുപ്രകാരം ഓരോ ടീമിനും ടൂർണമെന്റിലെ മറ്റ് ടീമുകളുമായി ഓരോ മത്സരം വീതം ഉണ്ടാകും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമാണ് വിജയിയാവുക. ശ്രീലങ്കയ്ക്കും പാക്കികിസ്ഥാനുമെതിരെയുള്ള രണ്ടു മത്സരങ്ങളും വിജയിച്ചതോടെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഏപ്രിൽ 13 നായിരുന്ന പ്രഥമ ഏഷ്യാകപ്പ് വിജയിയെ നിർണ്ണയിക്കുന്ന മത്സരം. പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.