ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 01

1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് ബാങ്ക് നിലവിൽ വന്നത്. കൊൽക്കത്തയായിരുന്നു ആദ്യത്തെ ആസ്ഥാനം. 1937 ൽ ആസ്ഥാനം സ്ഥിരമായി മുംബൈയിലേക്കു മാറി. ഇവിടെ വച്ചാണ് എല്ലാ നയപരമായ തിരുമാനങ്ങളും എടുക്കുന്നത്. സ്വകാര്യ ബാങ്കായാണ് ആരംഭിച്ചതെങ്കിലും 1949 ലെ ദേശസാൽക്കരണത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലായി.

1963 ഏപ്രിൽ ഒന്നിനാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി ബി ഐ നിലവിൽ വന്നത്. ഡി പി കോഹ്ലിയായിരുന്നു പ്രഥമ മേധാവി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ് സി ബി ഐ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. 1941 ൽ സ്ഥാപിതമായ സ്പെഷ്യൽ പൊലീസിൽ നിന്നാണ് സി ബി ഐ യുടെ തുടക്കം. അന്താരാഷ്ട്ര പൊലീസ് കൂട്ടായ്മയായ ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി ബി ഐ ആണ്. കേന്ദ്ര പേഴ്സണൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിലാണ് ഇപ്പോൾ സി ബി ഐ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. കുറ്റാന്വേഷണ വിഭാഗത്തിനുപുറമെ അഴിമതിവിരുദ്ധ വിഭാഗവും സി ബി ഐ യുടെ ഭാഗമാണ്.

1976 ഏപ്രിൽ ഒന്നിനാണ് സാങ്കേതികരംഗത്തെ അതികായന്മാരായ ആപ്പിൾ കമ്പ്യൂട്ടേഴ്സ് സ്ഥാപിക്കപ്പെട്ടത്. സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കുമായിരുന്നു സ്ഥാപകർ. വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന വലിപ്പം കുറഞ്ഞ കമ്പ്യൂട്ടറുകൾ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. ജോബ്സിന്റെ പണിശാലയിലാണ് ആദ്യത്തെ ആപ്പിൾ കമ്പ്യൂട്ടർ നിർമ്മിച്ചത്. രണ്ടാമത്തെ ആപ്പിൾ കമ്പ്യൂട്ടറിലാണ് ആദ്യമായി കളർ ഗ്രാഫിക്സ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് ലോകത്ത് ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനികളിലൊന്നാണ് ആപ്പിൾ. ആപ്പിളിന്റെ എല്ലാ ഉൽപന്നങ്ങളും ജനപ്രിയ ഉൽപന്നങ്ങളാണ്.

ഗൂഗിളിന്റെ ഇ-മെയിൽ സർവീസായ ജി-മെയിൽ ആരംഭിച്ചത് 2004 ഏപ്രിൽ ഒന്നിനാണ്. 2007 വരെ ജി-മെയിൽ ഒരു ഇൻവൈറ്റ് ഓൺലി സേവനമായിരുന്നു. ഉപയോഗിക്കുന്നവരാരെങ്കിലും ക്ഷണിച്ചാലേ പുതുതായി ഒരാൾക്ക് ജി-മെയിലിൽ ലോഗിൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. തുടക്കത്തിൽ ഒരു ജി ബി സൗജന്യ സ്റ്റോറേജും ലഭ്യമാക്കിയിരുന്നു. അന്ന് മൈക്രോസോഫ്റ്റിന്റെ ഹോട്ട്മെയിലും യാഹൂ മെയിലും നൽകിയിരുന്നതിനെക്കാളും അധികമായിരുന്നു അത്. ഇപ്പോൾ ജി-മെയിലിൽ 15 ജി ബി സൗജന്യ സ്റ്റോറേജും 25 എം ബി വരെയുള്ള അറ്റാച്ച്മെന്റുകൾ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.