ചരിത്രത്തിൽ ഈ ദിനം – നവംബർ 24

ശാസ്ത്രപഠനരംഗത്ത് നിർണായകമായ വഴിത്തിരിവിന് കാരണമായ ഗ്രന്ഥമായ ചാൾസ് ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1859 നവംബർ 24നാണ്. പ്രകൃതി നിർദ്ധാരണം, അനുയോജ്യരുടെ അതിജീവിക്കൽ, ജീവിവർഗങ്ങളുടെ ഉത്ഭവം തുടങ്ങിയ സിദ്ധാന്തങ്ങൾ ഈ ഗ്രന്ഥത്തിലൂടെയാണ് ഡാർവിൻ ലോകത്തിന് പരിചയപ്പെടുത്തിയത്. എച്ച്. എം. എസ്. ബീഗിൾ എന്ന കപ്പലിലെ പഠനസംഘത്തോടൊപ്പം നടത്തിയ സർവേയിൽ നിന്നും കണ്ടെത്തിയ വിവരങ്ങളാണ് ഈ പുസ്തകരചനയിലേക്ക് നയിച്ചത്. സൗത്ത് അമേരിക്കയിലും, ബ്രസീലിലും അർജന്റീനയുടെ തീരങ്ങളിലും നടത്തിയ പഠനങ്ങളിൽ ശാസ്ത്രം അന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത നിരവധി ഫോസിലുകൾ ഡാർവിനുൾപ്പെട്ട സംഘം കണ്ടെത്തി. കേവലം ഭൗമശാസ്ത്രപരമായ വിവരങ്ങൾ മാത്രമല്ല, സാമൂഹ്യ പഠനങ്ങൾക്കും, നരവംശശാസ്ത്ര പഠനങ്ങൾക്കും ആവശ്യമായ വിവരങ്ങളുടെ അപഗ്രഥനഫലമാണ് ഈ പുസ്തകം.

പ്രശസ്തമായ മനുഷ്യപൂർവ ഫോസിൽ 1974 നവംബർ 24നായിരുന്നു. എത്യോപ്യയിലെ ഹഡാർ എന്ന സ്ഥലത്തുനിന്നും ക്ലീവ്ലാന്റ് മ്യൂസിയം ഓഫ് നാചുറൽ ഹിസ്റ്ററിയിലെ പാലിയോ ആന്ത്രോപോളജിസ്റ്റായിരുന്ന ഡൊണാൾഡ് ജൊഹാൻസൺ എന്ന ശാസ്ത്രജ്ഞനാണ് ലൂസി എന്ന പേരിൽ പിന്നീട് അറിയപ്പെട്ട ഫോസിൽ കണ്ടെടുത്തത്. മനുഷ്യനോട് സാദൃശ്യമുള്ള, താരതമ്യേന ചെറിയ കാലുകളും, നീളമുള്ള കൈകളുമുണ്ടായിരുന്ന പെൺ കുരങ്ങിന്റേതാണ് ഫോസിൽ. മൂന്നടി ഏഴിഞ്ച് ഉയരവും, 27 കിലോഗ്രാം ഭാരവും ലൂസിക്ക് ഉണ്ടായിരുന്നിരിക്കാം എന്നാണ് അനുമാനം. 3.2 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഫോസിലിന് ഡിൻകിനേഷ് എന്നാണ് എത്യോപ്യക്കാർ നൽകിയിരിക്കുന്ന പേര്. ആസ്ട്രലോപിത്തേക്കസ് അഫാറെൻസിസ് എന്നതാണ് ലൂസിയുടെ ശാസ്ത്രീയനാമം. ‘ലൂസി ഇൻ ദി സ്കൈ വിത്ത് ഡയമണ്ട്സ്’ എന്ന ബീറ്റിൽസിന്റെ പാട്ടിൽനിന്നാണ് ലൂസി എന്ന പേര് ഈ ഫോസിലിന് ലഭിച്ചത്. ആൾക്കുരങ്ങുകളിൽ നിന്ന് ആധുനിക മനുഷ്യനിലേക്കുള്ള മാറ്റത്തിന്റെ നിർണായക ഘട്ടത്തിലാണ് ലൂസി ജീവിച്ചിരുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാൻ എന്ന നേട്ടം സച്ചിൻ ടെണ്ടുൽക്കർ സ്വന്തമാക്കിയത് 1989 നവംബർ 24നായിരുന്നു. 16 വയസ്സും 214 ദിവസങ്ങളുമായിരുന്നു അന്ന് സച്ചിന്റെ പ്രായം. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ്മാച്ചിലായിരുന്നു സച്ചിൻ ഈ നേട്ടം കരസ്ഥമാക്കിയത്. ഫൈസലാബാദിൽ വച്ച് നടന്ന മത്സരത്തിൽ 59 റൺസാണ് അദ്ദേഹം നേടിയത്. ബാറ്റിംഗ് നിരയിൽ ആറാമനായാണ് സച്ചിൻ ക്രീസിലിറങ്ങിയത്. 254 മിനിറ്റുകൾ ക്രീസിലുണ്ടായിരുന്ന അദ്ദേഹം 172 ബോളുകളാണ് ഫേസ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.