ജനുവരി 24 -ന് തിരുസഭ, വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസിസ് ഡീ സാലസിന്റെ ഓർമത്തിരുനാൾ ആഘോഷിക്കുന്നു. ‘ദയയുടെ വിശുദ്ധൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. എഴുത്തുകാരുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ. 1665 ഏപ്രിൽ 19 -നാണ് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ഈ വിശുദ്ധനെപ്പറ്റി കൂടുതൽ വായിച്ചറിയാം.
വളരെ ചെറുപ്പത്തിൽ തന്നെ നരകത്തിലേക്ക് പോകുമെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഈ ചിന്ത ക്രമേണ അദ്ദേഹത്തെ വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിച്ചു. ഒരിക്കൽ അവൻ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയെ സ്നേഹിക്കുന്നത് തുടരണമെങ്കിൽ അങ്ങ് ആഗ്രഹിക്കുന്ന എല്ലാ സഹനങ്ങളും എന്റെ മേൽ അയയ്ക്കരുത്.” പിന്നീട് ഫ്രാൻസിസ്, പാരീസിലെ സാൻ എസ്റ്റെബാനിലെ ദൈവാലയത്തിൽ, മാതാവിന്റെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി, ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർഥന ചൊല്ലി. അതിനുശേഷം അദ്ഭുതകരമായി സമാധാനം വീണ്ടെടുക്കാൻ ഫ്രാൻസിസിനു കഴിഞ്ഞു.
കുടുബജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവനപ്രസിദ്ധമാണ്. ഫ്രാൻസിസിന്റെ അഭിപ്രായത്തിൽ, വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ച് തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരുപോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗങ്ങളിൽ ഒന്നുമാണ്.
പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന പണ്ഡിതനായ ഒരു മെത്രാനായിരുന്നു വി. ഫ്രാൻസിസ് സാലസ്. വിവാഹിതനല്ലായിരുന്നെങ്കിലും അജഗണത്തിന്റെ ഹൃദയസ്പന്ദനങ്ങൾ അറിഞ്ഞിരുന്ന ഇടയനെന്ന നിലയിൽ ദാമ്പത്യജീവിതത്തിന്റെ വിളിയും വെല്ലുവിളിയും ഫ്രാൻസിസ് മെത്രാൻ മനസിലാക്കിയിരുന്നു. ‘ഭക്തജീവിതത്തിനുള്ള ആമുഖം’ എന്ന ഗ്രന്ഥത്തിലെ (Introduction to the Devout Life) ഒരു അധ്യായം മുഴുവൻ വിവാഹിതർക്കുള്ള ഉപദേശങ്ങളാണ്.
ഭാര്യ എങ്ങനെ ഒരു അമൂല്യരത്നമാകുന്നു. ദമ്പതികൾ എങ്ങനെ ഒരു ശരീരവും ആത്മാവുമാകുന്നു, ഭാര്യാഭർത്തൃബന്ധം എപ്പോഴും ഒന്നിച്ചുള്ള മത്സരമാണ്; ഒന്നുകിൽ ഒരു ടീമായി വിജയം വരിക്കും അല്ലെങ്കിൽ പരാജയപ്പെടും, ജീവിതപങ്കാളികൾ തങ്ങളെത്തന്നെ മറന്ന് മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ രണ്ടുപേരും സന്തോഷം അനുഭവിക്കുന്നു, സ്നേഹത്തോടെയുള്ള ഓരോ വിട്ടുവീഴ്ചകളും സംതൃപ്തിയുടെ ഉറവിടമാകുന്നതും ഫ്രാൻസിസ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
ദാമ്പത്യസ്നേഹത്തെക്കുറിച്ചും അതിന്റെ ഫലങ്ങളെക്കുറിച്ചുമുള്ള ഫ്രാൻസിസിന്റെ മൂന്ന് ഉപദേശങ്ങൾ ചുവടെ ചേർക്കുന്നു.
1. നിങ്ങളുടെ ഹൃദയങ്ങളെ ഒട്ടിച്ചുചേർക്കുക
മരപ്പണിയിൽ ആശാരിമാർ രണ്ടു പലകകൾ ഒന്നിച്ചു ചേർക്കാനായി ശക്തിയേറിയ പശ ഉപയോഗിക്കുന്നു. ഒരിക്കലും വേർതിരിക്കാതിരിക്കുന്നതിനാണ് അവർ ഇപ്രകാരം ചെയ്യുന്നത്. ഒരു ജീവിതപങ്കാളി മറ്റേയാളോട് എപ്രകാരം ഒത്തുചേർന്നു ജീവിക്കണം എന്നു പഠിപ്പിക്കാനാണ് ഫ്രാൻസിസ് ഈ താരതമ്യം നടത്തുന്നത്. അവർ രണ്ടുപേരും ഒരു ശരീരമായിത്തീരുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധം മരണത്തെപ്പോലും അതിലംഘിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധമാണ്. വിവാഹജീവിതത്തിൽ ജീവിതപങ്കാളിക്ക് പ്രഥമസ്ഥാനം നൽകണം. മറ്റൊരു ബന്ധത്തിനും സൗഹൃദത്തിനും ജോലിക്കും കടമകൾക്കും ജീവിതപങ്കാളിയേക്കാൾ പ്രാധാന്യം നൽകരുത്.
2. നിങ്ങളുടെ ഹൃദയങ്ങളിൽ ജീവിതപങ്കാളികളുടെ ചിത്രം പരസ്പരം ആലേഖനം ചെയ്യുക
ഫ്രാൻസിസിന്റെ അഭിപ്രായത്തിൽ, വിവാഹമോതിരം ദമ്പതിമാർ പരസ്പരം ഹൃദയത്തിൽ അണിയേണ്ട മുദ്രയെയാണ് സൂചിപ്പിക്കുക. പരസ്പരം മറ്റുള്ളവർക്ക് പൂർണ്ണമായി നൽകിയിരിക്കുന്നു എന്നതിന്റെ അടയാളം. പണ്ടുകാലങ്ങളിൽ വിവാഹമോതിരത്തിൽ അക്ഷരങ്ങൾ പതിപ്പിക്കുമ്പോൾ അതിനു മുകളിൽ ചൂടുള്ള മെഴുക് ഒഴിച്ച് അവ ഭദ്രമായി മുദ്ര ചെയ്തിരുന്നു. വിവാഹത്തിലൂടെ ദമ്പതികളുടെ ഹൃദയങ്ങൾക്ക് രൂപാന്തരീകരണം സംഭവിക്കുന്നു. ജീവിതപങ്കാളികളുടെ ഹൃദയം പരസ്പരം തുറക്കാനുള്ള താക്കോൽ ഇവരും വിവാഹമോതിരം അണിയുന്നതിലൂടെ കൈമാറുന്നു. വിവാഹജീവിതത്തിൽ പുലർത്തേണ്ട വിശ്വസ്തതയും പരസ്പരം ഹൃദയങ്ങൾ കീഴടക്കേണ്ടതിന്റെ ആവശ്യകതയും വിവാഹമോതിരം ഓർമപ്പെടുത്തുന്നു. ദാമ്പത്യജീവിതത്തിൽ ദമ്പതികൾ തമ്മിലല്ലാതെ മറ്റാർക്കെങ്കിലും ഹൃദയം കൈമാറിയാൽ കുടുംബജീവിതത്തിൽ പാളിച്ചകൾ ഉയർന്നുവരും.
3. നിങ്ങളുടെ ഹൃദയത്തെ വിശാലമാക്കുക
ഫ്രാൻസിസ് സാലസിന്റെ അഭിപ്രായത്തിൽ കുടുംബത്തിന്റെ സ്നേഹത്തിലേക്ക് കുട്ടികൾ കടന്നുവരുമ്പോൾ കുടുംബം വികസിക്കുന്നു. സ്നേഹമാണ് ഹൃദയങ്ങളെ വിശാലമാക്കുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം വികസിക്കുന്നതാണ് മക്കൾ. കുടുംബജീവിതം മുമ്പോട്ടു നീങ്ങുമ്പോൾ ഹൃദയം വിശാലമാക്കിയില്ലങ്കിൽ കുടുംബജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടും. ജിവിതപങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബജീവിതം ദൃഢമാക്കുന്നത്.
ഫ്രാൻസിസിന്റെ അഭിപ്രായത്തിൽ വിവാഹം മാധുര്യമുള്ളതാണ്. അത് ശരിയായ രീതിയിൽ പരിരക്ഷിച്ചില്ലെങ്കിൽ കയ്പു നിറഞ്ഞതാകും. അതിനാൽ ദമ്പതികൾ ഓരോ നിമിഷവും വിവാഹദിനത്തിലെ വാഗ്ദാനവും അനുദിവസവും കാത്തുസൂക്ഷിക്കേണ്ട ബലിദാന സ്നേഹവും ഓർമയിൽ നിലനിർത്തണം. ജിവിതപങ്കാളികൾ പരസ്പരം, ഇതാണ് എന്റെ പ്രിയതമൻ/ പ്രിയതമ, എന്റെ ഹൃദയം സ്വന്തമാക്കിയ ഹൃദയം എന്നു മന്ത്രിക്കണം.
ഫാ. ജയ്സൺ കുന്നേൽ MCBS