തങ്ങളുടെ മക്കൾ എപ്പോഴും മികച്ചവരായിരിക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എല്ലാ മേഖലകളിലും മികച്ചവരായിരിക്കുന്നതിനൊപ്പം മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും അവർ മുൻപന്തിയിലായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാൽ, ഈ ആഗ്രഹങ്ങൾ ഫലവത്താകണമെങ്കിൽ അതിന് രക്ഷിതാക്കൾത്തന്നെ മാതൃക കാണിക്കണം എന്ന വസ്തുത പലപ്പോഴും നാം മറന്നുപോകുന്നു. മക്കളുടെ സ്വഭാവരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത് വീട്ടിലെ അംഗങ്ങളുടെ ഇടപെടലുകളും രീതികളും ശീലങ്ങളും തന്നെയാണ്. നമ്മുടെ മക്കൾ മികച്ചവരായി വളരണോ? എങ്കിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.
1. പരസ്പര ബഹുമാനം
മക്കളെ അനുസരണമുള്ളവരാക്കി വളർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത്, മാതാപിതാക്കൾതമ്മിൽ അനുസരണത്തിന്റേതായ മാതൃക നൽകുക എന്നതാണ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിധേയപ്പെട്ടുജീവിക്കുന്ന മാതാപിതാക്കളുടെ മക്കളും അതേ അനുസരണത്തിന്റെയും ആദരവിന്റെയും മാതൃക പിന്തുടരും. മറ്റൊരാളെ മനസിലാക്കുക, വിലമതിക്കുക, മറ്റുള്ളവരുടെ താല്പര്യങ്ങളെ പരിഗണിക്കുക, ചുറ്റുമുള്ളവരുടെ ആശങ്കകളും അവസ്ഥകളും മനസിലാക്കുക തുടങ്ങിയ ഗുണങ്ങൾ മാതാപിതാക്കൾ മക്കളിലേക്കു പകരണം. അതിനുതകുന്ന മാതൃകകളായി മാറാൻ മാതാപിതാക്കൾ ശ്രമിക്കുക എന്നത് പ്രധാനമാണ്.
2. കൃത്യമായ ടൈം ടേബിൾ
എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടാകുക എന്നത് കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ഏറ്റവും നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നാണ്. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടും കൂടി ചെയ്യുന്ന ആളുകൾക്ക് ജീവിതത്തിൽ എന്നും വിജയിക്കാൻ കഴിയും. അതിനാൽ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കൃത്യസമയം ഏർപ്പെടുത്താം. ഇനി ഈ ടൈം ടേബിൾ കുട്ടികൾക്കായി മാത്രമാകരുത്; മാതാപിതാക്കളും അത് പിന്തുടരുമ്പോൾ മക്കളും അതിന്റെ ബാക്കി ചെയ്തുകൊള്ളും. അപ്പോൾ കുടുംബം ഒന്നിച്ചുവളരുന്ന അനുഭവം ഉണ്ടാകും.
3. ഒന്നിച്ചു പ്രാർഥിക്കാം
‘ഒന്നിച്ചു പ്രാർഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും’ എന്നാണ് പറയാറ്. അതിനാൽ ഒരുമിച്ചിരുന്നു പ്രാർഥിക്കുന്ന ശീലം കുടുംബത്തിൽ വളർത്തിയെടുക്കാം. കുട്ടികളും മാതാപിതാക്കളും ഒരുമിച്ചിരുന്നു പ്രാർഥിക്കുമ്പോൾ ഒരു ദൈവികസാന്നിധ്യം കുടുംബത്തിൽ നിറയും. അത് കുട്ടികളിലെ ആത്മീയതയെ ശക്തിപ്പെടുത്തും. ഒപ്പം കൂദാശകളിലും വിശുദ്ധ കുർബാനയിലും പതിവായി കുടുംബം ഒന്നിച്ചു പങ്കെടുക്കുമ്പോൾ അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തികൂടി പകരുന്നു.
4. ക്ഷമയുടെ പാഠം പകരാം
നാം മനുഷ്യരാണെന്നും നമുക്ക് എപ്പോൾ വേണമെങ്കിലും തെറ്റുപറ്റാം എന്നുമുള്ള ബോധ്യം കുട്ടികളിൽ പകരാൻ മാതാപിതാക്കൾക്കു കഴിയണം. പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും കുട്ടികയുടെ മുൻപിൽവച്ചു പറയാതെ, അവരെ അവരുടെ കുറവുകളോടുകൂടി അംഗീകരിക്കുമ്പോൾ അത് കുട്ടികൾക്ക് നല്ല മാതൃക പകരും. ഒപ്പം ചെറിയ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ചു മുന്നോട്ടുപോകുമ്പോൾ കുട്ടികളും ക്ഷമയുള്ളവരായി വളരും.