ജപമാല ചൊല്ലുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ച്, ജപമാല മാസമായ ഒക്ടോബറില്‍ ധാരാളം ജപമണികള്‍ മാതാവിന്റെ സന്നിധിയില്‍ നാം അര്‍പ്പിക്കാറുമുണ്ട്. എന്നാല്‍, ജപമാല ചൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല. അതുവഴിയായി ചില അബദ്ധങ്ങളും നമ്മുടെ പ്രാര്‍ത്ഥനയിലുടനീളം സംഭവിക്കാറുമുണ്ട്. ഈ ജപമാല മാസത്തില്‍ അതേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒന്നാമതായി, വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പഠിപ്പിക്കുന്ന ഒരു കാര്യം ചെയ്യണം. ‘നന്നായി പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിച്ചതിനു ശേഷം ഒരു നിമിഷ നേരത്തേയ്ക്ക് ദൈവസാന്നിധ്യത്തില്‍ ആയിരിക്കുക. പിന്നീട്, ഓരോ ദശകവും ആരംഭിക്കുന്നതിനു മുമ്പ് സമയമനുസരിച്ച് ഒന്നോ രണ്ടോ നിമിഷ നേരത്തേക്കു നിറുത്തി വരുംദശകത്തില്‍ ആരംഭിക്കുന്ന രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുക.’
രണ്ടാമതായി, നാം വരുത്തുന്ന അബദ്ധം, ജപമാല ചൊല്ലുമ്പോള്‍ യാതൊരു വിധ കൃപകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുക എന്നുള്ളതാണ്. ചിലരോട് അവരുടെ ജപമാല നിയോഗം എന്താണെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ജപമാല ചൊല്ലുമ്പോഴെല്ലാം എന്തെങ്കിലും പ്രത്യേക കൃപക്കു വേണ്ടി തീര്‍ച്ചയായും പ്രാര്‍ത്ഥിക്കണം.
മൂന്നാമത്തെ അബദ്ധം, സാധിക്കുന്നിടത്തോളം വേഗത്തില്‍ ജപമാല ചൊല്ലിത്തീര്‍ക്കുക എന്നതല്ലാതെ മറ്റൊരു നിയോഗം ചൊല്ലുന്നവര്‍ക്കില്ല എന്നതാണ്. ജപമാല ചൊല്ലുന്നതിനെ ഒരു ഭാരമായി കാണുന്നതു കൊണ്ടാണിത്. പകരം, പരമാവധി വേഗം കുറച്ച്, നിര്‍ത്തി നിര്‍ത്തി, അര്‍ത്ഥം മനസിലാക്കി ഈശോയേയും മാതാവിനേയും മുന്നില്‍ കണ്ടുകൊണ്ട് വേണം ജപമാല ചൊല്ലാന്‍. ഈ ലോകത്തിലും നിത്യജീവിതത്തിനും മുതല്‍ക്കൂട്ടാവുന്ന ഈ പ്രാര്‍ത്ഥന ഭക്തിയോടും ശ്രദ്ധയോടും വിശ്വസ്തതയോടും കൂടെ ചൊല്ലാന്‍ പരിശ്രമിക്കാം.