

ഓസ്ട്രിയയിൽ നിന്നുള്ള ഒരു പര്യവേഷകനും ശാസ്ത്രജ്ഞനും ആയിരുന്നു ജെസ്വിട്ട് വൈദികനായിരുന്ന യൊഹാൻ ഗ്രൂബർ. റ്റിബറ്റ്, ചൈന, മധ്യേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകളും അവിടെക്കണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും യൂറോപ്യൻ ശാസ്ത്ര-ഭൂപടവിജ്ഞാനത്തിന് അമൂല്യ സംഭാവനകൾ നൽകി. പത്തൊൻപതാം നൂറ്റാണ്ടുവരെ റ്റിബറ്റിനെക്കുറിച്ച് പാശ്ചാത്യലോകത്തിനുണ്ടായിരുന്ന ഏറ്റവും വിശ്വസനീയമായ അറിവുകൾ യൊഹാൻ ഗ്രൂബറിന്റെ എഴുത്തിലൂടെ ലഭിച്ചവ ആയിരുന്നു. മതവിശ്വാസവും ശാസ്ത്രാന്വേഷണവും ചേർന്നുപോകുന്നതാണെന്നത്തിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
ഓസ്ട്രിയയിലെ ലിൻസ് നഗരത്തിൽ 1623 ഒക്ടോബർ 28 നാണ് യൊഹാൻ ഗ്രൂബർ ജനിച്ചത്. 1641 ൽ ജെസ്വിട്ട് സമൂഹത്തിൽ ചേർന്നു. അക്കാലത്ത് ഈ സന്യാസ സമൂഹം വിദ്യാഭ്യാസം, ശാസ്ത്രാന്വേഷണം, മിഷൻ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമായിരുന്നു. യൊഹാൻ തത്വശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ചശേഷം ദൈവശാസ്ത്ര പഠനത്തിലേക്കു നീങ്ങിയപ്പോൾതന്നെ ഭൂപട നിർമ്മാണത്തിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിനുള്ള കഴിവ് തെളിയിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജെസ്വിട്ട് സന്യാസിമാർ ധാരാളമായി മിഷൻ പ്രവർത്തനത്തിനായി ചൈനയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന കാലമായിരുന്നു.
1656 ൽ യോഹാൻ ചൈനയിലെത്തുകയും ജെസ്വിട്ട് സഭയിലെ ശാസ്ത്രജ്ഞരുമായി ചേർന്ന് ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ജലമാർഗ യാത്രകളിൽ വലിയ അപകടങ്ങൾ സംഭവിച്ചപ്പോൾ കരയിലൂടെ യാത്രചെയ്യുന്നതിന് പുതിയ റോഡ് മാർഗങ്ങൾ കണ്ടെത്താൻ യോഹാനും സഹപ്രവർത്തകനായ ആൽബർട്ട് ഡൊർവില്ലും പരിശ്രമിച്ചു. ഇതിനായി തിബത്ത്, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെ അവർ സാഹസികയാത്രകൾ ചെയ്തു. ടിബറ്റിലെ ഏറ്റം ഉയർന്ന പ്രദേശവും തലസ്ഥാനവുമായ ലാസ (Lhasa – 3650 m.) സന്ദർശിച്ച ആദ്യയൂറോപ്യൻ പര്യവേഷകരിൽ ഒരാളായി യൊഹാൻ അറിയപ്പെടുന്നു. ഇവിടെ ആയിരുന്ന സമയത്ത് തിബത്തിന്റെ ഭൂപ്രകൃതിയും ബുദ്ധമതത്തിന്റെ തത്വങ്ങളും ആചാരങ്ങളും അദ്ദേഹം പഠിച്ചു. റ്റിബറ്റിലെ ബുദ്ധമത ആശ്രമങ്ങൾ, ദലൈ ലാമയുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയത് വളരെ പ്രാധാന്യത്തോടെ പാശ്ചാത്യർ വായിച്ചു.
യൊഹാൻ ഗ്രൂബറിന്റെ യാത്രകൾ ഏഷ്യൻ ഭൂമിശാസ്ത്രത്തെക്കുറിച്ചു വലിയ അറിവുകൾ ലോകത്തിനു പ്രദാനം ചെയ്തു. അദ്ദേഹം നിരീക്ഷിച്ച അക്ഷാംശ-രേഖാംശ വ്യത്യാസങ്ങൾ ഭൂപട നിർമ്മാണത്തിന് വലിയ സഹായകമായി മാറി. റ്റിബറ്റിന്റെ ഉയരവും അവിടെ അനുഭപ്പെടുന്ന തണുപ്പ് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയത് അതുവരെയുണ്ടായിരുന്ന പല തെറ്റിധാരണകളും മാറ്റുന്നതിനു സഹായകമായി. വായുവിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗത്തെക്കുറിച്ചുള്ള (Altitude Sickness) പ്രാരംഭ പഠനങ്ങളിലൊന്നായി ഇദ്ദേഹത്തിന്റെ എഴുത്തുകൾ മാറി. ബുദ്ധമതവും ക്രിസ്തുമതവും തമ്മിലുള്ള സാംസ്കാരിക സാമ്യതകളെക്കുറിച്ച് അദ്ദേഹം നടത്തിനയ നിരീക്ഷണങ്ങൾ പിന്നീട് യൂറോപ്യൻ ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ചർച്ചാവിഷയമാവുകയും ചെയ്തു.
ഇന്ത്യയിലെ ആഗ്രയിൽ കുറേനാൾ താമസിച്ചതിനുശേഷം യൊഹാൻ ഗ്രൂബർ 1664 ൽ റോമിലെത്തി തന്റെ ജ്യോതിശാസ്ത്ര, ഭൂമിശാസ്ത്ര അറിവുകൾ ശാസ്ത്രജ്ഞരുമായി പങ്കുവച്ചു. ഇത് യൂറോപ്പിൽ പ്രചാരത്തിലിരുന്ന പല ഏഷ്യൻ ഭൂപടങ്ങളെയും നവീകരിക്കുന്നതിനു സഹായിച്ചു. തുടർച്ചയായ യാത്രകൾമൂലം അദ്ദേഹം രോഗിയാവുകയും അത് ചൈനയിലേക്കു തിരികെപ്പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസ്സമാവുകയും ചെയ്തു. 1680 ൽ അദ്ദേഹം മരിക്കുന്നതുവരെ റോമിലെയും ജർമ്മനിയിലെയും ജെസ്വിട്ട് ആശ്രമങ്ങളിലെ വിവിധ ദൗത്യങ്ങൾ നിർവഹിച്ചു.
യൊഹാൻ ഗ്രൂബറിന്റെ ജീവിതം വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും സമന്വയമായിരുന്നുവെന്ന് പല ജീവചരിത്രകാരന്മാരും പറയുന്നു. ഒരു മിഷനറി എന്ന നിലയിൽ ക്രിസ്തുവിനെ സാക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചപ്പോഴും ശാസ്ത്രാന്വേഷണം അതിന് ഒരിക്കലും തടസ്സമല്ലെന്നും അദ്ദേഹത്തെ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. ഏഷ്യയിലെ വൈവിധ്യവും, സാംസ്‌കാരിക സങ്കീർണ്ണതയും യൊഹാൻ ഗ്രൂബറിന്റെ രചനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് യൂറോപ്പിലെ പല ശാസ്ത്രജ്ഞന്മാരും അറിഞ്ഞത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ