പുരോഹിതശാസ്ത്രജ്ഞർ 95: റെനേ-ഫ്രാങ്കോയിസ് ദെ സ്ലൂസെ (1622-1685)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ബെൽജിയത്ത് നിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും പുരോഹിതനുമാണ് റെനേ-ഫ്രാങ്കോയിസ് ദെ സ്ലൂസെ. ഗണിതശാസ്ത്രത്തിലെ ‘മൂല്യം തുടരെത്തുടരെ മാറുന്ന ഉയർന്ന നിലവാരമുള്ള പഠനമേഖലയിൽ’ (calculus) വലിയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ദൈവശാസ്ത്രമേഖലയിലും ശാസ്ത്രമേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച പണ്ഡിതനാണ് റെനേ-ഫ്രാങ്കോയിസ്. ജീവിച്ചിരുന്ന കാലത്ത് വളരെയധികം അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പുരാതന ഗണിതശാസ്ത്ര അറിവുകളിൽനിന്നും ആധുനികതയിലേക്കുള്ള പരിണാമവിടവ് നികത്തിയ ഗണിതശാസ്ത്രജ്ഞരിൽ ഒരാളായ റെനേ-ഫ്രാങ്കോയിസിന്റെ ജീവിതവും ശാസ്ത്രസംഭാവനകളും പിന്നീടുവന്ന പല ഗണിതശാസ്ത്രജ്ഞരെയും വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്.

സ്പാനിഷ് നെതർലന്റിലെ (ഇന്നത്തെ ബെൽജിയം) വീസെ എന്ന ചെറുപട്ടണത്തിൽ 1622 ജൂലൈ രണ്ടിനാണ് റെനേ-ഫ്രാങ്കോയിസ് ജനിച്ചത്. ഒരു സമ്പന്നകുടുബത്തിൽ പിറന്ന അദ്ദേഹത്തിന് ചെറുപ്പത്തിൽ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരമുണ്ടായി. മാനവിക വിഷയങ്ങളും തത്വശാസ്ത്രവും ലീഗ് നഗരത്തിലും തുടർന്ന് ലൂവെൻ സർവകലാശാലയിൽ നിയമവും പഠിക്കുകയും ചെയ്തു. ബൗദ്ധികജിജ്ഞാസ അദ്ദേഹത്തെ പാരീസ് സർവകലാശാലയിൽ എത്തിക്കുകയും അവിടെ ഗണിതത്തിലും വാനശാസ്ത്രത്തിലും അദ്ദേഹം ആകൃഷ്ടനാവുകയും ചെയ്തു. ഈ പഠനം അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ അദ്ദേഹം വൈദികപഠനം ആരംഭിക്കുകയും ലീഗിലെ വി. ലാംബെർട്ട് കത്തീഡ്രലിലെ കാനൻ ആയി നിയമിതനാവുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ശാസ്ത്രപഠനം തുടരുന്നതിന് ആവശ്യമായ സാമ്പത്തിക വരുമാനം ഉറപ്പുവരുത്തി.

റെനേ-ഫ്രാങ്കോയിസ് പ്രസിദ്ധനായിരിക്കുന്നത് ‘വളവിന്റെ തത്വ’ത്തിന്റെ (theory of curves) പേരിലാണ്. ഗണിതപ്രശ്നങ്ങൾ പലതും പെട്ടെന്ന് പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സമകാലീന ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെടുകയും അവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിന് ഇത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. പിന്നീടും ഇവരുമായെല്ലാം അദ്ദേഹം കത്തിലൂടെ ബന്ധം തുടരുകയും ശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

വക്രങ്ങളിലേക്കുള്ള സ്പർശരേഖ (tangents to curves) കണ്ടെത്തുന്നതിനുള്ള നിർദേശങ്ങൾ അദ്ദേഹത്തെ ശാസ്ത്രലോകത്ത് പ്രശസ്തനാക്കി. ന്യൂട്ടണും ലെയ്ബ്നിസും പിന്നീട് വികസിപ്പിച്ചെടുത്ത ഡിഫറൻഷ്യൽ കാൽക്കുലസിന്റെ മുന്നോടിയാണിത്. ‘സ്ലൂസിന്റെ രീതി’ എന്നറിയപ്പെടുന്ന ഈ സാങ്കേതികതയിൽ ബീജഗണിത കൃത്രിമത്വം (algebraic manipulation) ഉപയോഗിച്ച് ഒരു നിശ്ചിത വക്രത്തിലേക്കുള്ള സ്പർശരേഖയുടെ ചരിവ് നിർണ്ണയിക്കാൻ സാധിക്കും. ഈ വക്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ വിശകലനംവഴി റെനേ-ഫ്രാങ്കോയിസിനു വിശകലന ജ്യാമിതിയുടെ (analytic geometry) തുടക്കകാരിൽ പ്രമുഖസ്ഥാനമാണുള്ളത്. ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ സംഭവാനകൾക്കുള്ള അംഗീകാരമാണ് ‘പിയർ ആകൃതിയിലുള്ള വക്രം’ (pear-shaped curve) അല്ലെങ്കിൽ ‘പോമെ ഡി സ്ലൂസ്’ അദ്ദേഹത്തിന്റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബീജഗണിത-ജ്യാമിതീയശാസ്ത്രത്തിന് നൽകിയ സംഭാവനകൾ കൂടാതെ ബഹുപദ സമവാക്യങ്ങളുടെ (polynomial equations) അടിസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം നിരവധി പഠനങ്ങൾ നടത്തി. ക്ലാസിക്കൽ മെക്കാനിക്സിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വികസനത്തിന് അത്യാവശ്യമായ കോണിക് വിഭാഗങ്ങളെയും ഉയർന്ന ക്രമവക്രങ്ങളെയും കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ഇക്കാര്യങ്ങൾ സംബന്ധിച്ച് സമകാലീന ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം നടത്തിയ എഴുത്തുകൾ പതിനേഴാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രമേഖലയിലെ ഗവേഷണങ്ങളെ മനസ്സിലാക്കാൻ പിൻതലമുറയെ സഹായിച്ചു.

ഈ ശാസ്ത്രീയപരീക്ഷണങ്ങളിൽ ഏർപ്പെട്ടപ്പോഴും ഒരു പുരോഹിതന്റെ ശുശ്രൂഷയും അദ്ദേഹം വിജയകരമായി നിർവഹിച്ചിരുന്നു. ഇക്കാലത്ത് നിലവിലിരുന്ന സഭയിലെ സാഹചര്യം ശാസ്ത്രവളർച്ചയെയും മതചിന്തകളെയും ഒരുപോലെ വളർത്തി. ലീഗ് നഗരത്തിലെ പല കെട്ടിടങ്ങളുടെയും രൂപരേഖ തയ്യാറാക്കുന്നതിന് റെനേ-ഫ്രാങ്കോയിസസിന്റെ ഗണിതശാസ്ത്ര അറിവുകൾ അധികാരികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1685 മാർച്ച് 19 ന് ബെൽജിയത്തെ ലീഗ് നഗരത്തിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.