

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു ഗണിത-വാന ശാസ്ത്രജ്ഞനാണ് ജെസ്വിട്ട് പുരോഹിതനായിരുന്ന വാലന്റീൻ സ്റ്റാൻസെൽ. ക്ലാസ്സിക്കൽ പഠനവും ശാസ്ത്രീയ അറിവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ഇദ്ദേഹത്തിന്റെ പഠനങ്ങൾ വഴി സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ അധികാരികൾ അയച്ചത് ബ്രസീലിലേക്കാണ്. അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ വഴി തന്റേതായ വ്യക്തിമുദ്ര പഠിപ്പിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.
ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ഒളോമോക്ക് നഗരത്തിൽ 1621-ലാണ് വാലന്റീൻ സ്റ്റാൻസെൽ ജനിച്ചത്. യൂറോപ്പിൽ വലിയ നാശം വിതച്ച ‘മുപ്പതു വർഷ യുദ്ധം’ നടക്കുന്ന സമയമായിരുന്നു ഇത്. ചെറുപ്പത്തിൽ തന്നെ നല്ല വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചു എന്ന് കരുതപ്പെടുന്നു. 1637-ലാണ് അദ്ദേഹം ജെസ്വിട്ട് സന്യാസ സമൂഹത്തിൽ ചേർന്നത്. അവിടെ ദൈവശാസ്ത്രത്തിന് പുറമെ ഗണിതത്തിലും വാനശാസ്ത്രത്തിലും അദ്ദേഹം ഉപരി പഠനം നടത്തി. പ്രാഗിലെ ചാൾസ് സർവ്വകലാശാലയിൽ ക്രിസ്റ്റഫർ ക്ലവിയൂസിനെപ്പോലെയുള്ള ശാസ്ത്രജ്ഞന്മാരുടെ ശിഷ്യനായി പഠിച്ചത് ശാസ്ത്രമേഖലയിൽ മുന്നേറുന്നതിന് അദ്ദേഹത്തെ സഹായിച്ചു.
ആകാശത്തെ പ്രതിഭാസങ്ങളെ നിരീക്ഷിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. വാലന്റീൻ സ്റ്റാൻസെലിന്റെ കാലമായപ്പോഴേക്കും കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും ആശയങ്ങൾക്ക് എല്ലാ മേഖലയിലും സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യകാലങ്ങളിൽ ഗ്രഹങ്ങളുടെ ചലനങ്ങളും ചന്ദ്രഗ്രഹണവുമൊക്കെ അദ്ദേഹം പഠനവിധേയമാക്കി. ഇന്ത്യയിൽ സേവനം അനുഷ്ടിക്കാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും 1656-ൽ അധികാരികൾ ബ്രസീലിലെ ജെസ്വിട്ട് മിഷന്റെ ഭാഗമായി അദ്ദേഹത്തെ അവിടേക്ക് അയച്ചു. ഇത് തെക്കൻ അർദ്ധഗോളത്തെക്കുറിച്ചു (hemisphere) കൂടുതൽ പഠിക്കുന്നതിന് അദ്ദേഹത്തിന് അവസരം ഒരുക്കി. യൂറോപ്പിൽ നിന്ന് കാണാൻ സാധിക്കാത്ത പല നക്ഷത്രവ്യൂഹങ്ങളും ഇവിടെ ദൃശ്യമായിരുന്നു. അദ്ദേഹം ബ്രസീലിലെ ബഹിയ പട്ടണത്തിൽ ജീവിച്ചുകൊണ്ട് വിദ്യാഭ്യാസ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതോടൊപ്പം ശാസ്ത്രനിരീക്ഷണങ്ങൾക്ക് സമയം കണ്ടെത്തുകയും ചെയ്തു. അതീവ ശ്രദ്ധയോടെ അദ്ദേഹം വാനനിരീക്ഷണം നടത്തുകയും അവിടെയുള്ള നക്ഷത്ര സമൂഹങ്ങളെക്കുറിച്ചു എഴുതുകയും ചെയ്തു.
ധൂമകേതുക്കളെയും വാൽനക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനങ്ങൾ അദ്ദേഹത്തെ ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ വളരെ പ്രശസ്തനാക്കി. ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസപരമായ വിവരണങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയും അതിനൊക്കെയും ശാസ്ത്രീയ വിശകലനം നൽകാൻ പരിശ്രമിക്കുകയും ചെയ്തു. വാലന്റീൻ സ്റ്റാൻസെലിന്റെ കാലാവസ്ഥാപഠനങ്ങൾ കൃഷിക്കും ജലഗതാഗതത്തിനും വളരെയധികം പ്രയോജനം ചെയ്തു. ഉഷ്ണമേഖല പ്രദേശത്തു താമസിച്ചുകൊണ്ട് അവിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങളെയും മറ്റും പഠന വിധേയമാക്കുക വഴി അദ്ദേഹം അമേരിക്കയിലെ കാലാവസ്ഥാവിജ്ഞാനീയത്തിന് നിർണ്ണായക സംഭാവനകൾ നൽകി. ബ്രസീലിലെ ജെസ്വിട്ട് കോളേജിൽ അദ്ദേഹം ഗണിതവും വാനശാസ്ത്രവും പഠിപ്പിച്ചു. അദ്ദേഹത്തിൻ്റെ അധ്യാപന രീതികൾ സൈദ്ധാന്തിക പ്രമാണങ്ങളെ പരീക്ഷണ-നിരീക്ഷണത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്തു വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിന് സഹായിക്കുന്നതായിരുന്നു. അവിടുത്തെ പ്രാദേശിക ഭാഷകൾ അദ്ദേഹം പഠിച്ചെടുക്കുകയും ഈ അറിവ് ശാസ്ത്രവളർച്ചക്കായി ഉപയോഗിക്കുകയും ചെയ്തു.
ജ്യോതിശാസ്ത്രം സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങൾ ആണ് അദ്ദേഹം രചിച്ചിട്ടുള്ളത്. പ്രപഞ്ച ചലനം, വാൽനക്ഷത്രങ്ങൾ, ആകാശത്തിലെ നക്ഷത്രങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ അദ്ദേഹം എഴുതി. ദൈവശാസ്ത്രം നന്നായി പഠിച്ചിരുന്ന വാലന്റീൻ സ്റ്റാൻസെൽ പ്രപഞ്ച രഹസ്യങ്ങൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ ആണെന്ന് വിശ്വസിച്ചിരുന്നു. ബ്രസീലിൽ ആയിരുന്ന സമയത്തും അദ്ദേഹം യൂറോപ്പിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ കത്തുകൾ വഴി ആശയ സംവേദനം നടത്തിയിരുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്ന ജെസ്വിട്ട് ശാസ്ത്രജ്ഞന്മാരുമായി സംവദിക്കുന്നതിനുള്ള വേദി സമൂഹം തന്നെ ഒരുക്കിയിരുന്നു. ഇതുവഴിയായി യൂറോപ്പിലെ ശാസ്ത്രജ്ഞർക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രീയ അറിവുകൾ ലഭ്യമാകുന്നതിനും സാധിച്ചു. 1705 ഡിസംബർ 18-ന് ബ്രസീലിലെ ബാഹിയ നഗരത്തിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ