ആമുഖം
‘ഉപവിയുടെ വേദപാരംഗതൻ’ (Doctor caritatis) എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് ഡി സാലസ് ഫ്രാൻസിലെ പേരുകേട്ട പ്രഭുകുടുബത്തിലെ അംഗമായിരുന്നുവെങ്കിലും ഭൗതികമായ നേട്ടങ്ങളെക്കാൾ തന്റെ ആത്മാവിന്റെ നിത്യത ഗൗരവമായെടുത്ത് സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരുക്കൂട്ടിയവനായിരുന്നു. തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ക്രൈസ്തവ ആധ്യാത്മികതയുടെ ബാലപാഠങ്ങൾ വിശ്വാസിഗണത്തിന് ‘ഭക്തിമാർഗ പ്രവേശിക’ (An Introduction to the Devout Life) എന്ന വിഖ്യാതകൃതിയിലൂടെ അദ്ദേഹം പകർന്നുനൽകി. സഭയിലെ അനേകം സമർപ്പിതർക്ക് ആധ്യാത്മികജീവിതത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ പകർന്നുനൽകിയ ഈ ഗ്രന്ഥം ഇന്നും നമ്മെ ക്രിസ്‌തുബന്ധത്തിൽ ആഴപ്പെടുന്നതിന് സഹായിക്കുന്നു.
സ്വിറ്റ്സർലന്റിനോട് ചേർന്നുകിടക്കുന്ന ഫ്രാൻസിന്റെ നഗരങ്ങളിലും ജനീവയിലും പ്രോട്ടസ്റ്റന്റ് നവീകരണം വേരുറപ്പിക്കാൻ ശ്രമിച്ചപ്പോൾ സത്യവിശ്വാസ സംരക്ഷകനായി അദ്ദേഹം അവതരിച്ചു. തന്റെ രചനകളിലൂടെയും വ്യക്തിപരമായ സംസർഗത്തിലൂടെയും മാർഗഭ്രംശം സംഭവിച്ചവരെയും തെറ്റിധരിപ്പിക്കപ്പെട്ടവരെയും മാനസാന്തരത്തിലേക്കും അനുരഞ്ജനത്തിലേക്കും അദ്ദേഹം ആനയിച്ചു. കാൽവനിസ്റ്റ് സിദ്ധാന്തങ്ങളെ പ്രതിരോധിക്കുന്നതിനായി 40 മണിക്കൂർ ആരാധന ആരംഭിക്കുകയും പാവങ്ങളെ സേവിക്കുന്നതിനായി വി. ജെയിൻ ഷന്താളിനോടുചേർന്ന് വിസിറ്റേഷൻ സന്യാസ സമൂഹം (The Order of the Visitation of Holy Mary) സ്ഥാപിക്കുകയും ചെയ്തു.
ഫ്രാൻസിസ് സാലസിന്റെ വിശുദ്ധനെന്നുള്ള ഔദ്യോഗിക നാമകരണ നടപടികളെ പിന്തുണച്ച് മുമ്പോട്ടുവന്നത് സഭയിലെ പ്രശസ്തരായ രണ്ടു വിശുദ്ധർ തന്നെയാണ് – വി. വിൻസെന്റ് ഡി പോളും വി. ജെയിൻ ഫ്രാൻസിസ് ദെ ഷന്താളും. വി. ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സമൂഹം ഉൾപ്പെടെ സഭയിലെ പല സന്യാസ പ്രസ്ഥാനങ്ങളും ഈ വിശുദ്ധന്റെ ചൈതന്യം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ നാമത്തിൽ സ്ഥാപിക്കപെട്ടവയാണ്. വി. ഫ്രാൻസിസ് സാലസിന്റെ ജീവിതത്തെയും രചനകളെയും അടുത്തറിയുന്നത് നമ്മുടെ ആത്മീയജീവിതത്തെയും പരിപോഷിപ്പിക്കും.
ജനനം, ബാല്യകാലം, വിദ്യാഭ്യാസം
ഫ്രാൻസിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന അന്നേസി നഗരത്തിനടുത്തുള്ള സവോയി കുടുംബകൊട്ടാരത്തിൽ എ. ഡി. 1567 ഓഗസ്റ്റ് 21 നാണ് വി. ഫ്രാൻസിസ് ഡി സാലസ് ജനിച്ചത്. ഏഴാം മാസത്തിൽ, പ്രായപൂർത്തിയാകുന്നതിന് രണ്ടുമാസം മുൻപേ ജനിച്ചതിനാൽ ആദ്യകാലങ്ങളിൽ വളരെയധികം ശ്രദ്ധയോടെയാണ് മാതാപിതാക്കൾ ഫ്രാൻസിസിനെ വളർത്തിയത്. ഫ്രാൻസിനോടും വി. ഫ്രാൻസിസ് അസീസിയോടും വളരെയധികം വൈകാരിക സ്നേഹം വച്ചുപുലർത്തിയിരുന്ന ഫ്രാൻസിസ് സാലസിന്റെ പിതാവിന്റെ പേര് ഫ്രാൻസിസ് എന്നും മാതാവിന്റെ പേര് ഫ്രാൻസെസ് എന്നുമായിരുന്നു. ആദ്യമകനായ ഫ്രാൻസിസ് ജനിക്കുമ്പോൾ പിതാവിന് 44 വയസ്സും മാതാവിന് 15 വയസ്സും ആയിരുന്നു പ്രായം. പിന്നീട് 11 മക്കൾ കൂടി അവർക്ക് ജനിച്ചെങ്കിലും അഞ്ചുപേർ ജനനസമയത്തുതന്നെ മരിച്ചുപോയി. തന്റെ സഹോദരങ്ങളായ ലൂയിസിനോടും ജീനിനോടും ഫ്രാൻസിസ് സാലസിന് ചെറുപ്പം മുതൽ വളരെ അടുപ്പം തോന്നിയിരുന്നു. സഹോദരൻ ജീൻ പിന്നീട് ഫ്രാൻസിസിന്റെ പിൻഗാമിയായി ജനീവയിലെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ മകനെ ഒരു ന്യായാധിപനാക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസിനെ അവിടുത്തെ ഏറ്റം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയച്ചു പഠിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചു. ഫ്രാൻസിസിന്റെ ആദ്യകാല പഠനം അടുത്ത പട്ടണമായ റോഷെ സുർ ഫൊറോണിൽ ആയിരുന്നു. അതിനുശേഷം അദ്ദേഹം അന്നെസി നഗരത്തിലുള്ള കപ്പൂച്യൻ സന്യാസിമാരുടെ കോളേജിൽ ചേർത്തു. ഇക്കാലയളവിലാണ് സന്യാസ ജീവിതചര്യകളോടും ലളിതജീവിതത്തോടും അദ്ദേഹത്തിന് ആകർഷണം തോന്നിയത്. ഫ്രാൻസിസിന്റെ ജീവിതത്തെ ഏറ്റം സ്വാധീനിച്ചത് പാരിസിലെ ജെസ്വിട്ട് കോളേജിലെ പഠനമാണ്. ഇവിടുത്തെ പഠനാനന്തരം ഫ്രാൻസിസ് രാജ്യഭരണത്തിൽ സ്വാധീനമുള്ള നയതന്ത്രജ്ഞനായി ജോലി ചെയ്യണമെന്നതായിരുന്നു ഫ്രാൻസിസിസ്ന്റെ പിതാവിന്റെ ആഗ്രഹം.
പാരിസ് സർവകലാശാലയിലെ ഏഴുവർഷക്കാലത്തെ പഠനകാലയളവിൽ പാഠ്യവിഷയങ്ങൾ കൂടാതെ നൃത്തം, കുതിരസവാരി, വാൾപ്പയറ്റ് തുടങ്ങിയ കലകളിലും അദ്ദേഹം പ്രാവീണ്യം സമ്പാദിച്ചു. ഇവിടുത്തെ പഠനകാലത്തെക്കുറിച്ച് വി. ഫ്രാൻസിസ് സാലസ് ഇപ്രകാരം എഴുതിയിട്ടുണ്ട്: “തന്റെ പിതാവിനെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങൾ പഠിക്കുകയും തന്നെ പ്രീതിപ്പെടുത്താൻ ദൈവശാസ്ത്രം പഠിക്കുകയും ചെയ്തു.”
ഇവിടെവച്ചാണ് തന്റെ ദൈവവിളി അദ്ദേഹം തിരിച്ചറിയുന്നതും ഒരു വൈദികൻ ആകണമെന്ന് ആഗ്രഹിക്കുകയും ചെയ്തത്. എന്നാൽ പിതാവിന് ഈ ആശയത്തോട് യോജിപ്പില്ലാത്തതിനാൽ അക്കാര്യം അദ്ദേഹം വീട്ടുകാരോട് വെളിപ്പെടുത്തിയില്ല. ഫ്രാൻസിസ് സാലസ് പാരീസിൽനിന്നും ഇറ്റലിയിലെ പാദുവായിൽ ചെന്ന് അവിടുത്തെ പ്രശസ്ത സർവകലാശാലയിൽ നിന്നും കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദം സമ്പാദിച്ചു. ഇവിടെ അന്തോണിയോ പൊസ്സെവീനോ എന്ന ജെസ്വിട്ട് വൈദികനെ പരിചയപ്പെടുകയും അദ്ദേഹത്തെ തന്റെ ആത്മീയപിതാവായി സ്വീകരിക്കുകയും ചെയ്തു. പാദുവായിലെ ഫ്രാൻസിസ്‌ക്കൻ കപ്പൂച്യൻ വൈദികരുടെ സാന്നിധ്യം ഫ്രാൻസിസിന്റെ വൈദികനാകാനുള്ള ആഗ്രഹത്തെ കൂടുതൽ ആഴപ്പെടുത്തുന്നതായിരുന്നു.
ഉന്നതചിന്തയും എളിയ ജീവിതവും
ഫ്രാൻസിസ് സാലസ് ഒരു വിദ്യാർഥി ആയിരിക്കുമ്പോൾ വളരെ ബുദ്ധിമാനും സുന്ദരനും ശാന്തനും മിതഭാഷിയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ താൻ പഠിച്ച സ്ഥലങ്ങളിലെല്ലാം സന്നദ്ധസംഘടനകളിൽ സജീവമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. എന്നാൽ ഉയർന്ന ധാർമികബോധവും ദൈവഭയവും ഉണ്ടായിരുന്നതിനാൽ കൂട്ടുകാരുടെ പല അതിരുവിട്ട ആഘോഷങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു. ഇത് മിക്കപ്പോഴും അവരുടെ രോഷം ക്ഷണിച്ചുവരുത്തുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ ആരുടെയും ഭീഷണിക്കു വഴങ്ങുന്ന പ്രകൃതവുമായിരുന്നില്ല ഫ്രാൻസിസിന്റേത്. ഒരിക്കൽ അദ്ദേഹത്തെ കായികമായി നേരിട്ടവരെ അതേ രീതിയിൽ കൈകാര്യം ചെയ്തപ്പോൾ അവർ പരാജയം സമ്മതിച്ച് ക്ഷമ പറഞ്ഞ് തടിതപ്പുകയും ചെയ്തു.
1586 ൽ ഒരു ദൈവശാസ്ത്ര ചർച്ചയിൽ സംബന്ധിച്ചപ്പോൾ മനുഷ്യജീവിത്തിലെ മുൻകൂട്ടിയുള്ള വിധിയെക്കുറിച്ചുള്ള (predestination) അനേകം വിശകലനങ്ങൾ ഫ്രാൻസിസ് സാലസ് കേൾക്കാനിടയായി. അതേത്തുടർന്ന് നീണ്ട കാലത്തേക്ക് അദ്ദേഹത്തെ നരകഭയം അസ്വസ്ഥതപ്പെടുത്തിയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടിട്ടുണ്ട്. ഈകാലയളവിൽ നൈരാശ്യത്താൽ രോഗങ്ങൾ ബാധിച്ച് അദ്ദേഹം ശയ്യാവലംബനായി. തന്റെ ജീവിതത്തെ ക്രമപ്പെടുത്തി ദൈവാശ്രയത്തോടെ പ്രത്യാശയിൽ മുന്നേറുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം അടുത്തുള്ള ദൈവാലയത്തിൽ നിത്യവും സന്ദർശനം നടത്തി. അവിടെയുള്ള മാതാവിന്റെ രൂപത്തിനു മുൻപിൽചെന്ന് ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർഥന നിരന്തരം ചൊല്ലി പ്രാർഥിച്ചു. തുടർന്ന് മാതാവിന്റെ സാമീപ്യത്തിൽ ദൈവത്തിനായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ബ്രഹ്മചര്യവ്രതം ജീവിതം മുഴുവൻ പാലിക്കുന്നതാണെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഈ കാലയളവിൽതന്നെ മിനിമ്സ് സന്യാസ സമൂഹത്തിലേക്ക് (Ordo Minimorum) അദ്ദേഹത്തിന് ആകർഷണം തോന്നുകയും അതിന്റെ അൽമായർക്കുള്ള മൂന്നാം സഭയിൽ ചേരുകയും ചെയ്തു. ഏറ്റം ലളിതമായി ജീവിച്ചുകൊണ്ട് വിശുദ്ധി പ്രാപിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വി. ഫ്രാൻസിസ് പവോള പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ സ്ഥാപിച്ച ഒരു സന്യാസ സമൂഹമാണിത്. സന്യാസവ്രതങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയുടെ കൂടെ ‘നോമ്പുകാല ജീവിതം’ നിത്യമായി നയിക്കാനുള്ള വ്രതം കൂടെ ഇവർ എടുക്കുന്നു. മാസം, മുട്ട, പാലുൽപന്നങ്ങൾ എന്നിവ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് നിഷ്പാദുകരായി മിനിമ്സ് സന്യാസികൾ ജീവിക്കുന്നു. സമൂഹത്തിലെ ഒരാൾ രോഗിയാകുമ്പോൾ ഡോക്ടറിന്റെ നിർദേശാനുസരണം ഈ ജീവിതചര്യയ്ക്ക് ഇളവ് നൽകുന്നതാണ്. ഒരു സാധാരണ അൽമായനായി ജീവിച്ചുകൊണ്ട് മിനിമ്സ് സന്യാസ സമൂഹത്തിന്റെ ചൈതന്യത്തിൽ മുന്നോട്ടുപോകാൻ വിശ്വാസികളെ സഹായിക്കുക എന്നതാണ് ഈ മൂന്നാം ഓർഡറിന്റെ ലക്ഷ്യം.
പൗരോഹിത്യവിളി
എ. ഡി. 1592 ലാണ് വി. ഫ്രാൻസിസ് സാലസിന് ഒരു പുരോഹിതനാകാനുള്ള അഭിവാഞ്ജ തീക്ഷ്ണമായി ഉണ്ടായത്. അപ്പോൾ തന്റെ ദൈവവിളിയുടെ അർഥവും ആഴവും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ഇറ്റലിയിലെ ലൊറേത്തോയിലേക്ക് അദ്ദേഹം ഒരു തീർഥാടനം നടത്തി. അവിടുത്തെ ബസിലിക്കയിൽ പ്രത്യേകമായി തന്റെ നിയോഗം വച്ച് പ്രാർഥിക്കുകയും ഇത് ദൈവഹിതമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം തന്റെ ജന്മനാടായ സവോയിലേക്ക് അദ്ദേഹം മടങ്ങി. പഠനം പൂർത്തിയാക്കി വീട്ടിൽ തിരികെയെത്തിയ ഫ്രാൻസിസ് സാലസിനെക്കുറിച്ച് വീട്ടുകാർക്ക് വലിയ പ്രതീക്ഷയായിരുന്നു. കൂടാതെ, കുടുംബത്തിലെ മൂത്ത മകനെന്ന നിലയിൽ അദ്ദേഹത്തിന് പല അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു.
വീടിനടുത്തുള്ള ചാംമ്പേറിയിലെ സെനറ്റ് അദ്ദേഹത്തെ ഒരു വക്കീലായി നിയമിച്ചു. ഫ്രാൻസിസിന്റെ പിതാവിന്റെ സ്വാധീനത്താൽ സെനറ്റർ ഉൾപ്പെടെയുള്ള നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഭരണമേഖലയിൽ മകന് സ്വാധീനം ലഭിക്കുന്നതിനായി സമ്പന്ന പ്രഭുകുടുംബത്തിൽനിന്നും പിതാവ് ഒരു വിവാഹാലോചന കൊണ്ടുവന്നു. എന്നാൽ താൻ ഇപ്പോൾ തിരഞ്ഞെടുത്ത ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം വിവാഹത്തിന് വിസമ്മതിച്ചു.
ഫ്രാൻസിസ് ഒരു വൈദികനാകുന്നതിനുവേണ്ടിയാണ് തന്റെ നിർദേശങ്ങൾ തള്ളിക്കളയുന്നതെന്ന് പിതാവ് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ അനിഷ്ടമുണ്ടായി. ഇവരുടെ അടുത്ത ബന്ധുവും ജനീവയിലെ കത്തീഡ്രൽ കാനനുമായിരുന്ന ലൂയി ഡി സാലസ് ഇക്കാര്യത്തിൽ ഇടപെടുകയും ജനീവയിലെ ബിഷപ്പിനെ സമീപിച്ച് ഫ്രാൻസിസിനെ കത്തീഡ്രൽ ചാപ്റ്ററിന്റെ ചുമതലക്കാരനായി നിയമിക്കുകയും ചെയ്തു. ബിഷപ്പിന്റെ സ്ഥാനത്തിനു തൊട്ടുതാഴെയുള്ള ഈ പദവി പലരും അഭിലഷിക്കുന്നതായിരുന്നു. മാത്രമല്ല മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന ചാപ്റ്റർ ആയിരുന്നു ഇവിടുത്തേത്. ഈ നിയമനരേഖകളുമായി കുതിരപ്പുറത്ത് വീട്ടിലേക്ക് യാത്രചെയ്യുന്ന സമയത്ത് മൂന്നുപ്രാവശ്യം ഫ്രാൻസിസ് താഴെവീഴുകയും ഈ മൂന്നുപ്രാവശ്യവും അദ്ദേഹത്തിന്റെ വാളും ഉറയും താഴെവീണ് കുരിശുരൂപത്തിൽ കാണപ്പെടുകയും ചെയ്തു. ഈ അദ്ഭുതവും മാർപാപ്പയുടെ അംഗീകാരമുള്ള ഈ നിയമനവും വലിയ അടയാളവും അംഗീകാരവുമായി പിതാവ് കാണുകയും ഈ സ്ഥാനം ഏറ്റെടുക്കുന്നതിന് ഫ്രാൻസിസിനെ അനുവദിക്കുകയും ചെയ്തു. ഇതിന്റെ പൂർത്തീകരണമെന്നോണം 1593 ഡിസംബർ 18 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. ഫ്രാൻസിസ് നടത്തിയ ആദ്യത്തെ മാമോദീസ തന്റെ ഇളയ സഹോദരിയും വീട്ടിലെ പതിമൂന്നാമത്തെ കുട്ടിയുമായ ജിയാനയുടേതായിരുന്നു.
മിഷൻമേഖലയിലെ വെല്ലുവിളികൾ
1594 ൽ സവോയിലെ പ്രഭു ജനീവയിലെ ബിഷപ്പിനോട് ചബ്ലായ്സ് എന്ന സ്ഥലത്തേക്ക് മിഷനറിമാരെ അയയ്ക്കണമെന്ന് അഭ്യർഥിച്ചു. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതിന്റെ പ്രധാന കാരണം ഈ പ്രദേശങ്ങൾ പ്രൊട്ടസ്റ്റന്റ് ആധിപത്യത്തിൽ വന്നതിനുശേഷം അവിടെയുള്ള ന്യൂനപക്ഷ കത്തോലിക്കർ നിരവധി പീഢനങ്ങൾ നേരിട്ടതായിരുന്നു. ഈ സമയത്ത് ഇവിടേക്ക് വിശ്വാസികളെ സഹായിക്കാൻപോകുന്നത് ദുഷ്ക്കരവും ആപൽക്കരവുമായ ദൗത്യമായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിൽ ഈ നിയോഗം ബിഷപ്പ് ഫ്രാൻസിസ് സാലസിനെ ഏൽപിക്കുന്നു. ഫ്രാൻസിസ് തന്റെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുത്തു.
മൂവായിരം ആളുകൾ വസിക്കുന്ന ഈ പ്രദേശത്ത് ഇക്കാലത്ത് ഇരുപത് കത്തോലിക്കാ വിശ്വാസികൾ മാത്രമാണുണ്ടായിരുന്നത്. അതിന്റെ കാരണം വളരെ ചുരുങ്ങിയ കാലം കൊണ്ട് കാൽവിനും മറ്റ് പ്രൊട്ടസ്റ്റന്റ് അനുഭാവികളും ബലപ്രയോഗത്തിലൂടെ കത്തോലിക്കരെ തങ്ങളുടെ ആശയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കി എന്നതാണ്. ഫ്രാൻസിസിന്റെ അടുത്ത ബന്ധുവായ ലൂയിസിന്റെ സഹായത്തോടെ കാൽവനിസ്റ്റ് ആശയഗതിക്കാരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു.
ഫ്രാൻസിസിനെ ആശയപരമായും കായികമായും നേരിടാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു മന്ത്രവാദിയാണെന്ന് ശത്രുക്കൾ പറഞ്ഞുപരത്തുകയും അങ്ങനെ സമൂലം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. ഒന്നിൽ കൂടുതൽ തവണ അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും അതിൽനിന്നും അദ്ദേഹം അദ്ഭുതകരമായി രക്ഷപെട്ടു എന്നും ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഫ്രാൻസിസിന്റെ അമ്മ രഹസ്യമായി കൊടുത്തുവിട്ട പണവും വസ്ത്രങ്ങളും അദ്ദേഹം പാവങ്ങൾക്ക് വിതരണം ചെയ്തു. ആളുകളെ വ്യക്തിപരമായും രഹസ്യമായും കണ്ട് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കൂടാതെ, വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനായി ചെറിയ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കാനും തുടങ്ങി. സാവധാനം ഇത്തരം പരിശ്രമങ്ങൾ വിജയം കാണുകയും അനേകർ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെവരികയും ചെയ്തു.
ജനീവ രൂപതയുടെ ബിഷപ്പ്
എ. ഡി. 1599 ൽ ക്ലമന്റ് VIII മാർപാപ്പ ഫ്രാൻസിസ് സാലസിനെ റോമിലേക്കു വിളിപ്പിക്കുകയും വി. റോബർട്ട് ബെല്ലാർമിൻ അധ്യക്ഷനായുള്ള ഒരു സംഘത്തിന്റെ അഭിമുഖത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ ആയിരിക്കുമ്പോൾ അദ്ദേഹം മാർപാപ്പയെ നേരിൽകണ്ട് സംസാരിക്കുകയും തന്റെ പ്രദേശത്തെ അജപാലനപരമായ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് സാലസിന്റെ അറിവിലും സ്വഭാവവൈശിഷ്ട്യത്തിലും ആകൃഷ്ടനായ മാർപാപ്പ അദ്ദേഹത്തെ ജനീവ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായും നിയമിച്ചു. 1602 ൽ രൂപതയുടെ ബിഷപ്പ് ഗ്രാനിയർ മരിച്ചപ്പോൾ അദ്ദേഹം മെത്രാനായി വാഴിക്കപ്പെടുകയും രൂപതാഭരണം ഏറ്റെടുക്കുകയും ചെയ്തു.
ഇക്കാലയളവിൽതന്നെ അദ്ദേഹത്തെ ഒരു നയതന്ത്രദൗത്യവുമായി ഫ്രാൻസിലെ ഹെൻഡ്രി നാലാമൻ രാജാവിന്റെ രാജസദസ്സിലേക്ക് അധികാരികൾ അയച്ചു. ജനീവ രൂപതയുടെ ഭാഗമായിരുന്ന ഫ്രാൻസിലെ ജേക്സ് എന്ന സ്ഥലത്തെ കത്തോലിക്കാ ആരാധനാരീതികൾ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ആയിരുന്നു ഇത്. കൊട്ടാരത്തിൽ ആ വർഷത്തെ നോമ്പുകാലധ്യാനം നടത്തുന്നതിന് രാജാവ് അദ്ദേഹത്തെ ക്ഷണിച്ചു. ധാർമിക അധഃപതനത്തിലായിരുന്ന കൊട്ടാരത്തിന്റെ അവസ്ഥ തന്റെ പ്രസംഗത്തിലൂടെ ഫ്രാൻസിസ് സാലസ് തുറന്നുകാട്ടി.
മറ്റുപലരും ചിന്തിച്ചതുപോലെ ഇത് രാജാവിനെ രോഷം കൊള്ളിക്കുന്നതിനു പകരം തന്റെയും കൂടെയുള്ളവരുടെയും നവീകരണത്തിനുള്ള അവസരമാക്കി അദ്ദേഹം മാറ്റി. മാത്രമല്ല, ഫ്രാൻസിസിന്റെ അറിവിനെയും ആത്മാർഥതയെയും രാജാവ് അകമഴിഞ്ഞ് പ്രശംസിക്കുകയും ചെയ്തു. പിന്നീട് സഭയുടെ പ്രബോധനങ്ങൾ മറ്റുള്ളവർക്ക് ലളിതമായി പറഞ്ഞുകൊടുക്കുന്നതിനായി രാജാവിന്റെ അഭ്യർഥന മാനിച്ച് ഫ്രാൻസിസ് സാലസ് പുസ്തകങ്ങൾ എഴുതുകയും ചെയ്തു. കൂടാതെ, പാരീസിലായിരുന്ന സമയത്ത് അദ്ദേഹം കർദിനാൾ ബെറുല്ലയെ കാണുകയും സന്യാസ സമൂഹനവീകരണത്തെക്കുറിച്ചും മറ്റും ചർച്ച ചെയ്യുകയും ചെയ്തു.
1602 ൽ ജനീവ രൂപതയുടെ ബിഷപ്പായെങ്കിലും അദ്ദേഹം ഫ്രാൻസിലെ അന്നേസി നഗരത്തിലാണ് താമസിച്ചത്. കാരണം ജനീവ ഇക്കാലയളവിൽ കാൽവനിസ്‌റ്റ് വിശ്വാസികളുടെ നിയന്ത്രണത്തിലായിരുന്നു. അധികം താമസിയാതെ ചിട്ടയായതും മാതൃകാപരവുമായ പ്രവർത്തനങ്ങൾകൊണ്ട് ഫ്രാൻസിസ് സാലസ് തന്റെ രൂപയെ വലിയ വളർച്ചയിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ പേരും പെരുമയും യൂറോപ്പിൽ മുഴുവൻ വ്യാപിക്കാനും തുടങ്ങിയിരുന്നു. പ്രതികൂലസാഹചര്യങ്ങൾ തുടർന്നുവെങ്കിലും തീക്ഷ്ണമതികളായ വൈദികരുടെ സേവനവും ഫ്രാൻസിസിന്റെ വലിയ നേതൃത്വവും ജനീവ രൂപതയുടെ വളർച്ചയെ വളരെയധികം സഹായിച്ചു.
ഫ്രാൻസിസ് സാലസ് കപ്പൂച്യൻ സന്യാസിനിമാരുടെ സഹായത്തോടെ തന്റെ രൂപതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ സന്യാസ സഭയ്ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. 1617 ൽ അവർ തങ്ങളുടെ സഭയുടെ ഒരു സഹകാരിയായി അദ്ദേഹത്തെ ഉയർത്തി. കപ്പൂച്യൻ സഭാംഗം അല്ലാത്ത ഒരാൾക്ക് നൽകുന്ന ഏറ്റം വലിയ അംഗീകാരമായിരുന്നു അത്. ഇക്കാലയളവിൽ ജനീവയിലെ ഏവിയൻ എന്ന സ്ഥലത്തുവച്ച് വി. ഫ്രാൻസിസ് അസീസി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. “എന്നെപ്പോലെ നീയും രക്തസാക്ഷിത്വം അഭിലഷിക്കുന്നു. എന്നാൽ എന്നെപ്പോലെ തന്നെ നിനക്കും അത് ലഭിക്കില്ല. നിന്നെ രക്തസാക്ഷിത്വത്തിന്റെ ഒരു ഉപകരണമായി മാറ്റിയെടുക്കുക.” ജനീവ രൂപതയുടെ ബിഷപ്പ് എന്ന നിലയിൽ ഒരുപ്രാവശ്യം മാത്രമാണ് ഫ്രാൻസിസ് ജനീവ സന്ദർശിച്ചത്. കൽവനിസ്റ്റ് അനുയായികൾ കത്തോലിക്കാ സഭാ നേതൃത്വം ഇവിടേക്ക് വരുന്നത് തടസ്സപ്പെടുത്തിയിരുന്നു.
വിസിറ്റേഷൻ സന്യാസ സമൂഹം
വി. ജെയ്ൻ ഡി ഷന്താളിനോടുചേർന്ന് വിസിറ്റേഷൻ സന്യാസ സമൂഹം സ്ഥാപിച്ചത് വി. ഫ്രാൻസിസ് സാലസാണ്. 1604 ൽ വി. ഷന്താളിന്റെ പിതാവ് ദിയോൺ എന്ന നഗരത്തിൽ വന്ന് ജനീവയിലെ ബിഷപ്പിന്റെ പ്രസംഗം കേൾക്കാൻ മകളെ ക്ഷണിച്ചു. ഫ്രാൻസിസ് സാലസിന്റെ ആത്മാർഥതയും തീക്ഷണതയും ഷന്താളിനെ വലുതായി ആകർഷിക്കുകയും അവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു. ഇതേ തുടർന്ന് ഷന്താളിന്റെ അഭ്യർഥന മാനിച്ച് അവരുടെ ആത്മീയപിതാവെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. ഇക്കാലയളവിൽ ഒരേസമയം തന്റെ പിതാവിനെയും ഭർതൃപിതാവിനെയും പരിപാലിച്ചുകൊണ്ട് വി. ഷന്താൾ രണ്ടു നഗരങ്ങളിലായി ജീവിക്കുകയായിരുന്നു.
പ്രാർഥനയിലും പരിത്യാഗപ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു കഴിഞ്ഞിരുന്ന സന്യാസ സമൂഹങ്ങങ്ങളിൽനിന്നും വ്യത്യസ്തമായി സമൂഹത്തിൽ ഇറങ്ങിപ്രവർത്തിക്കുന്ന ഒരു സന്യാസ സമൂഹം തുടങ്ങുകയെന്നത് വി. ഫ്രാൻസിസ് സാലസിന്റെ ലക്ഷ്യമായിരുന്നു. ദൈവത്തിന്റെ പദ്ധതിക്ക് ഉപകരണമാകാനായി തന്നെ വിട്ടുകൊടുക്കാൻ ഫ്രാൻസിസ് സാലസ് തീരുമാനിച്ചപ്പോൾ ദൈവം തന്നെ മറ്റൊരു വിശുദ്ധയെ അദ്ദേഹത്തിന് സഹായിയായി നൽകി. ഫ്രാൻസിസ് ഈ ആശയം വി. ഷന്താളുമായി പങ്കുവച്ചപ്പോൾ അവൾ ഒരു വിധവയും നാലു കുട്ടികളുടെ അമ്മയുമായിരുന്നു. കൂടാതെ, ഭർത്താവിന്റെ മരണശേഷം കുടുംബസ്വത്തുക്കൾ പരിപാലിക്കുന്നതിനുള്ള ചുമതലയും അവർക്കായിരുന്നു. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ വി. ഫ്രാൻസിസ് സാലസും വി. ജെയ്ൻ ഷന്താളും ചേർന്ന് വിസിറ്റേഷൻ സന്യാസ സമൂഹം സ്ഥാപിക്കാൻ ദൈവം വഴിയൊരുക്കി.
കുടുംബത്തിന്റെ സ്വത്തെല്ലാം മക്കൾക്ക് വീതിച്ചുനൽകി ശിഷ്ടകാലം ദൈവത്തിനുവേണ്ടി ജീവിക്കാൻ ഷന്താൾ തീരുമാനിച്ചു. 1610 ജൂൺ ആറിന് അന്നേസി നഗരത്തിൽവച്ച് ഈ സന്യാസ സമൂഹം ഔദ്യാഗികമായി നിലവിൽവന്നു. പാവപ്പെട്ടവരെയും രോഗികളെയും സംരക്ഷിക്കുക എന്നതായിരുന്നു ഈ സന്യാസ സമൂഹ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സന്യാസിനികൾ പ്രാർഥനയിലും ധ്യാനത്തിലും മാത്രമായി കഴിഞ്ഞിരുന്ന അക്കാലഘട്ടത്തിൽ ഇത് വിപ്ലവാത്മകമായ തീരുമാനമായിരുന്നു. വി. ഫ്രാൻസിസ് സാലസ് മരിക്കുമ്പോൾ ഈ സന്യാസ സമൂഹത്തിന് 13 ഭവനങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷം ഈ സന്യാസ സമൂഹത്തിന്റെ ആത്മീയ ഉപദേഷ്ടാവായി വർത്തിച്ചത് വി. വിൻസെന്റ് ഡി പോൾ ആയിരുന്നു.
മരണം, വിശുദ്ധൻ, വേദപാരംഗതൻ
വി. ഫ്രാൻസിസ് സാലസിന്റെ ആഗ്രഹം ബിഷപ്പിന്റെ തിരക്കേറിയ ജോലിയിൽ നിന്നൊക്കെ വിരമിച്ച് അവസാന നാളുകൾ ഏതെങ്കിലും ഒരു ആശ്രമത്തിൽ പ്രാർഥനയിലും ധ്യാനത്തിലും കഴിയണമെന്നതായിരുന്നു. ഫ്രാൻസിസ്‌ക്കൻ – കപ്പൂച്ചിൻ സന്യാസജീവിതത്തോട് വൈദികൻ ആകുന്നതിനുമുൻപു തന്നെ അദ്ദേഹത്തിന് അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ വി. ഫ്രാൻസിസ് സാലസ് കർമനിരതനായിരിക്കുമ്പോൾ തന്നെ ദൈവം അദ്ദേഹത്തെ തന്റെ സന്നിധിയിലേക്കു വിളിക്കുന്നു. 1622 ഡിസംബർ മാസത്തിൽ സാവോയിയിലെ ഡ്യൂക്കായിരുന്ന ചാൾസ് ഇമ്മാനുവൽ ഒന്നാമന്റെ ഔദ്യോഗിക ദൗത്യസംഘത്തിന്റെ ഭാഗമായി ഫ്രാൻസിസ് സാലസ് ലയോൺ നഗരം സന്ദർശിച്ചു.
ലയോൺ പട്ടണത്തിലെ വിസിറ്റേഷൻ സന്യാസ ആശ്രമത്തിൽ താമസിച്ചുകൊണ്ടാണ് അദ്ദേഹം ക്രിസ്തുമസ് ശുശ്രൂഷ നിർവഹിച്ചത്. ക്രിസ്തുമസ് തിരക്കിലായിരിക്കുന്ന സമയത്ത് ഡിസംബർ 27 ന് അദ്ദേഹം രോഗബാധിതനായി മയങ്ങിവീണു. അന്ത്യകൂദാശയൊക്കെ സ്വീകരിച്ച് മരണത്തിനായി ഒരുങ്ങിയ അദ്ദേഹത്തോട് തന്റെ ഈ ലോകജീവിതം നീട്ടിക്കിട്ടുന്നതിനായി പ്രാർഥിക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ദൈവം തന്നെ ഭരമേൽപിച്ച ഈ ലോകദൗത്യങ്ങൾ അവസാനിച്ചതിനാൽ ഇനിയും അത്തരത്തിൽ പ്രാർഥിക്കേണ്ടതില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. പിറ്റേദിവസം 1622 ഡിസംബർ 28 ന് അദ്ദേഹം തന്റെ സ്വർഗസമ്മാനത്തിനായി വിടവാങ്ങി.
വളരെ ശാന്തനും ദയാലുവുമായിരുന്ന ബിഷപ്പിനെ ജീവിച്ചിരുന്നപ്പോൾതന്നെ വിശുദ്ധനായി പലരും കരുതിയിരുന്നു. വി. ഫ്രാൻസിസ് സാലസിന്റെ ഭൗതികശരീരം തങ്ങളുടെ നഗരത്തിൽനിന്നും കൊണ്ടുപോകുന്നത് ലയോണിലെ ആളുകൾ എതിർത്തെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനമേഖല ആയിരുന്ന അന്നേസിയിലെ വിസിറ്റേഷൻ സിസ്റ്റേർസിന്റെ ആശ്രമ ചാപ്പലിലാണ് ഫ്രാൻസിസ് സാലസിനെ അടക്കിയിരിക്കുന്നത്. ഈ സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകയായിരുന്ന വി. ജെയ്ൻ ഷന്താൾ മരിച്ചപ്പോൾ ഭൗതികശരീരം ഇവിടെത്തന്നെയാണ് അടക്കിയത്. ഈ രണ്ടു വിശുദ്ധരുടെയും അടുത്തുവന്ന് പ്രാർഥിച്ച് അനേകർ ആത്മീയ – ശാരീരികസൗഖ്യം പ്രാപിക്കുകയും അദ്ഭുതങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എ. ഡി. 1661 ജനുവരി എട്ടിന് അലക്‌സാണ്ടർ എട്ടാമൻ മാർപാപ്പ ഫ്രാൻസിസ് സാലസിനെ വാഴ്ത്തപ്പെട്ടവനായും നാല് വർഷങ്ങൾക്കുശേഷം വിശുദ്ധനായും പ്രഖ്യാപിച്ചു. 1877 നവംബർ 16 ന് പിയൂസ് ഒൻപതാമൻ മാർപാപ്പ ‘ദീവസ് മിസരിക്കോർദിയ ദേവൂസ്’ എന്ന തിരുവെഴുത്തിലൂടെ ഫ്രാൻസിസ് സാലസിനെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു. വി. ഫ്രാൻസിസിനെ അന്നേസി ആശ്രമത്തിൽ അടക്കിയ ജനുവരി 24 നാണ് സഭ അദ്ദേഹത്തിന്റ തിരുനാൾ ആഘോഷിക്കുന്നത്.
1923 ൽ ഫ്രാൻസിസ് സാലസിനെ പിയൂസ് പതിനൊന്നാമൻ മാർപാപ്പ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും മധ്യസ്ഥനായി പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ തൂലിക ഉപയോഗിച്ച് കാൽവനിസ്റ്റ് ചിന്തകളെയും ആശയങ്ങളെയും നേരിടുകയും അതിനായി നിരവധി കത്തുകളും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തതിനുള്ള ഒരു അംഗീകാരം കൂടിയായിരുന്നു ഇത്. കൂടാതെ, കേൾവിശക്തി നഷ്ടപ്പെട്ടവർക്ക് ദൈവത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിന് അദ്ദേഹം ആംഗ്യഭാഷയും വികസിപ്പിച്ചെടുത്തിരുന്നതിനാൽ അദ്ദേഹത്തെ ഇവരുടെ മധ്യസ്ഥനായും വണങ്ങുന്നു.
വി. ഫ്രാൻസിസ് സാലസിന്റെ മരണത്തിന്റെ മൂന്നൂറാം വാർഷികം ആഘോഷിച്ചപ്പോൾ 1923 ജനുവരി 26 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ ‘റേറും ഓമ്നിയും പെർതൂർബാസിയോനം’ എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹത്തിന്റെ ജീവചരിത്രം ചുരുക്കി വിവരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ദൈവസ്നേഹവും പരസ്നേഹവും മാതൃകയാക്കാൻ മാർപാപ്പ ആഹ്വാഹം ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പ 2022 ൽ വി. ഫ്രാൻസിസ് സാലസിന്റെ മരണത്തിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ‘തോത്തുസ് അമോറിസ് എസ്ത്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച തിരുവെഴുത്തിൽ വി. ഫ്രാൻസിസ് സാലസിനെ “അതിവേഗം മാറിക്കൊണ്ടിരുന്ന ഒരു യുഗത്തിൽ ദൈവത്തെ അന്വേഷിച്ച ആത്മാക്കളുടെ മാർഗദർശിയായി വർത്തിച്ചവൻ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വി. ഫ്രാൻസിസ് സാലസിന്റെ ചൈതന്യവും ആത്മീയതയും പിന്നീട് വന്ന പല വിശുദ്ധരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ പരിണിതഫലമായി അദ്ദേഹത്തിന്റെ ആധ്യാത്മികത ഉൾക്കൊണ്ട് ധാരാളം സന്യാസ സമൂഹങ്ങൾ സഭയിൽ നിലവിൽവന്നു. 1650 ൽ ഫ്രാൻസിലെ ലെ പ്യൂ നഗരത്തിൽ സ്ഥാപിതമായ വി. യൗസേപ്പിന്റെ സന്യാസിനികൾ തങ്ങളുടെ സ്വർഗീയമധ്യസ്ഥരിൽ ഒരാളായി എടുത്തിരിക്കുന്നത് വി. ഫ്രാൻസിസ് സാലസിനെയാണ്. ഇന്ന് ലോകത്തെല്ലായിടത്തുമായി ഇവർക്ക് പതിനാലായിരത്തിലധികം സിസ്റ്റേഴ്സ് ഉണ്ട്. 1838 ൽ ആബെ പിയറി മെർമിയർ സ്ഥാപിച്ച വി. ഫ്രാൻസിസ് സാലസിന്റെ മിഷനറിമാർ, വി. ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യൻ സഭ, സന്യാസികൾക്കും സന്യാസിനികൾക്കുമായുള്ള ഒബ്ളേറ്റ്സ് സഭകൾ, വി. ഫിലിപ് നേരി ഓറട്ടറി, അമേരിക്കയിലെ പൗളിസ്റ്റ് വൈദികർ തുടങ്ങിയ സന്യാസ സമൂഹങ്ങൾ ഫ്രാൻസിസ് സാലസിന്റെ ആധ്യാത്മികത പിന്തുടരുന്നവരാണ്. കൂടാതെ, അദ്ദേഹത്തിന്റെ നാമത്തിൽ നിരവധി ദൈവാലയങ്ങൾ, ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസിസ് സാലസിന്റെ ദൈവീകചൈതന്യത്തിന്റെ അടയാളമായി നിലകൊള്ളുന്നു.
ക്രിസ്തീയ സാഹിത്യസംഭാവനകൾ
കത്തുകളെഴുതി ചരിത്രം സൃഷ്ടിച്ച ഒരു വിശുദ്ധനായിട്ടാണ് വി. ഫ്രാൻസിസ് സാലസ് അറിയപ്പെടുന്നത്. ഒരു ദിവസം അദ്ദേഹം ഇരുപതിനും മുപ്പതിനുമിടയിൽ കത്തുകളെഴുതിയിരുന്നു. ഏഴായിരം വാക്കുകൾവരെ ഉണ്ടായിരുന്ന ഇത്തരം എഴുത്തുകൾ പലരെയും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെയെത്തിക്കുക എന്നെ ലക്ഷ്യത്തോടെ ആയിരുന്നു. കാൽവനിസ്റ്റ് ചിന്താഗതിയുടെ സ്വാധീനത്തിലകപ്പെട്ട വിശ്വാസികളെ ഇങ്ങനെയുള്ള വ്യക്തിബന്ധത്തിലൂടെയാണ് അദ്ദേഹം നേടിയെടുത്തത്. എന്നിരുന്നാലും താൻ ഒരു വലിയ എഴുത്തുകാരനാണെന്ന ചിന്ത ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഫ്രഞ്ച് സാഹിത്യത്തിൽ തന്റേതായ സംഭാവനകൾ നൽകിയ ഒരു വിശേഷപ്പെട്ട എഴുത്തുകാരനാണ് ഫ്രാൻസിസ് സാലസ്. വളരെ ലളിതവും കൃത്യവും ആസ്വാദ്യകരവുമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. എഴുതുന്ന ശൈലിയെക്കാൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് തന്റെ വാക്കുകൾകൊണ്ട് വായനക്കാരനെ എങ്ങനെ ദൈവത്തിലേക്ക് ആനയിക്കാൻ സാധിക്കുമെന്നതായിരുന്നു. ദൈവത്തെയും തന്റെ സഹജീവികളെയും അദ്ദേഹം എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഓരോ വാക്കുകളും വെളിവാക്കുന്നു. വി. ഫ്രാൻസിസ് സാലസിന്റെ പ്രാർഥനയും എഴുത്തും വേർപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. താൻ എഴുതിയത് വായിച്ചിട്ട് അതിലെ ആശയങ്ങളിലെ വൈകാരികതകൊണ്ട് കരയുമായിരുന്നു എന്ന് വി. ഫ്രാൻസിസ് തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണം തന്റെ കഴിവിനെക്കാൾ ഈ വാക്കുകൾ പിറക്കുന്നതിന് ദൈവം എത്രമാത്രം പ്രവർത്തിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതാണ്. തന്റെ സംസാരത്തിലും എഴുത്തിലും പ്രവർത്തിയിലും ദൈവത്തിന്റെ മഹത്വം മാത്രമായിരുന്നു ഫ്രാൻസിസ് സാലസിന്റെ ലക്ഷ്യം.
‘ഭക്തിമാർഗ പ്രവേശിക’ (An Introduction to the Devout Life)
തോമസ് അക്കമ്പിസിന്റെ പ്രസിദ്ധ ആത്മീയകൃതിയായ ‘ക്രിസ്താനുകരണം’ പോലെ അനേകം ക്രൈസ്തവരെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥമാണ് വി. ഫ്രാൻസിസ് സാലസിന്റെ ‘ഭക്തിമാർഗ പ്രവേശിക’. 1609 ൽ ഇത് പ്രസിദ്ധീകരിച്ചതു മുതൽ ലോകത്തിലെ മിക്കഭാഷകളിലും ഈ പുസ്തകത്തിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാ സഭയിൽ മാത്രമല്ല പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെ ഇടയിലും ഇതിന് വലിയ പ്രചാരം ലഭിച്ചു. ‘വേദവായന’ (lectio divina) യുടെ ഭാഗമായി കത്തോലിക്കാ സമർപ്പിതരുടെ ഇടയിൽ വ്യാപകമായി ഉപയോഗിക്കുന്ന ആത്മീയഗ്രന്ഥം കൂടിയാണിത്.
ഈ പുസ്തകത്തിന്റെ രചനയ്ക്ക് അടിസ്ഥാനമായി ഭവിച്ചിരിക്കുന്നത് വി. ഫ്രാൻസിസ് സാലസ് സേവനം ചെയ്ത മേഖലയിലെ അജപാലന ആവശ്യങ്ങളാണ്. ഒരു പുരോഹിതനെന്ന നിലയിൽ അനേകരുടെ ആത്മീയപിതാവായി അദ്ദേഹം വർത്തിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായിരുന്ന മരീ ഡി ചർമോയ്‌സിക്ക് ആത്മീയ ഉപദേശരൂപത്തിൽ എഴുതിയതാണ് മുഖ്യമായും ഈ ഗ്രന്ഥത്തിലെ ആശയങ്ങൾ. അവരുടെ ഭർത്താവ് സാവോയിലെ ഡ്യൂക്കിന്റെ സ്ഥാനപതി ആയി ജോലിചെയ്യുകയായിരുന്നു. രാജസദസ്സിലെ വെല്ലുവിളികൾ നിറഞ്ഞതും തിരക്കേറിയതുമായ ദൗത്യങ്ങൾ നിർവഹിക്കുമ്പോൾ ഒരാൾക്ക് എങ്ങനെ ഭക്തജീവിതം നയിക്കാൻ സാധിക്കും എന്നതായിരുന്നു അവരുടെ ചോദ്യം. മരീ ഡി ചർമോ പാരീസിൽ എത്തിയപ്പോൾ ഈ എഴുത്തുകൾ ജീൻ ഫോറിയർ എന്ന ജെസ്വിട്ട് വൈദികനെ കാണിച്ചു. അദ്ദേഹമാണ് വി. ഫ്രാൻസിസ് സാലസിനോട് ഇത് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. മാത്രമല്ല, ജീൻ ഫോറിയർ ഒരു ആത്മീയപിതാവെന്ന രീതിയിൽ ഫ്രാൻസിസ് സാലസ് കണ്ടിരുന്ന പുരോഹിതനാണ്.
അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിലെ ഓരോ ഭാഗവും ഒരു ക്രൈസ്തവ വിശ്വാസിയുടെ ആത്മീയ യാത്രയിലെ ഓരോ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ഈ തത്വങ്ങൾ ശ്രദ്ധയോടെ പ്രാവർത്തികമാക്കുന്നതുവഴി ദൈവബന്ധത്തിൽ ആഴപ്പെടുന്നതിന് ഒരു വിശ്വാസിക്കു സാധിക്കും. ഒന്നാം ഭാഗത്ത് ഒരു ഭക്തജീവിതം കൈവരിക്കുന്നതിനുള്ള ഉറച്ച തീരുമാനം എടുക്കുന്നതിനെക്കുറിച്ചാണ്. രണ്ടാം ഭാഗം പ്രാർഥന, കൂദാശകൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നു. മൂന്നാം ഭാഗം ക്ഷമ, ശാന്തത, എളിമ, അനുസരണം, ചാരിത്ര്യശുദ്ധി, ദാരിദ്ര്യം തുടങ്ങിയ പുണ്യങ്ങളുടെ അനുഷ്ടാനത്തെക്കുറിച്ചാണ്. നാലാം ഭാഗത്ത് ചില പ്രലോഭനങ്ങളെക്കുറിച്ചും അവയെ എങ്ങനെ അതിജീവിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചുമാണ്. ഭക്തിയിൽ ഒരു ആത്മാവിനെ എങ്ങനെ നവീകരിച്ചു നിലനിർത്താം എന്നാണ് അഞ്ചാം ഭാഗത്ത് പറയുന്നത്.
വിശുദ്ധി എല്ലാ ക്രൈസ്തവ വിശ്വാസിയുടെയും ജീവിതലക്ഷ്യമായിരിക്കണം. ശ്രദ്ധയോടെ അത് നേടിയെടുക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും വേണം. ഏതു ജീവിത തുറയിലുള്ളവർക്കും സ്വഭാവരീതികൾ ലഭിച്ചവർക്കും ദൈവത്തിലാശ്രയിച്ചുള്ള തങ്ങളുടെ പരിശ്രമം കൊണ്ട് വിശുദ്ധരാകാം. ഈ ഗ്രന്ഥത്തിൽ വി. ഫ്രാൻസിസ് സാലസ് നമ്മെ പഠിപ്പിക്കുന്നു: എങ്ങനെ പ്രാർഥിക്കണം, സുഹൃത്തക്കളെ തിരഞ്ഞെടുക്കണം, നിരാശയെ കൈകാര്യം ചെയ്യണം, പരീക്ഷണങ്ങളെ അതിജീവിക്കണം. മനുഷ്യജീവിതത്തിലെ നിത്യപ്രശ്നങ്ങളെ കൃത്യതയോടെയും വ്യക്തിപരമായും ക്രിസ്തീയവീക്ഷണത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന ഒരു ഗ്രന്ഥമാണ് ‘ഭക്തിമാർഗ പ്രവേശിക’.
‘ദൈവസ്‌നേഹ വർണ്ണന’ (Treatise on the Love of God)
ദൈവഭക്തി വർധിപ്പിക്കാൻ ഒരു വിശ്വാസിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് സാലസ് എഴുതിയ ഗ്രന്ഥമാണ് ‘ദൈവസ്‌നേഹ വർണ്ണന’ എന്നത്. ഈ ഗ്രന്ഥരചനയുടെ ഉദ്ദേശത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു: “എന്റെ യഥാർഥ ലക്ഷ്യം തെറ്റായ ചായം ചാലിക്കാതെ ലളിതമായി ദൈവസ്നേഹത്തിന്റെ ഉദ്ഭവം, വളർച്ച, പ്രവർത്തനങ്ങൾ, ഗുണവിശേഷങ്ങൾ തുടങ്ങിയവ വിവരിക്കുകയാണ്”. ഈ ഗ്രന്ഥത്തിന് പന്ത്രണ്ട് ഭാഗങ്ങളാണുള്ളത്.
ഒന്നുമുതൽ നാലുവരെയുള്ള ഭാഗത്ത് മനുഷ്യാത്മാവിന്റെ സ്വഭാവത്തെക്കുറിച്ചും ദൈവസ്നേഹാനുഭവത്തിന്റെ നാൾവഴികളെക്കുറിച്ചും പ്രതിപാദിക്കുന്നു. അഞ്ചാം ഭാഗത്ത് സ്നേഹപ്രകടനങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ദൈവീകമായ ആത്മസംതൃപ്തിയും ദീനദയാലുതയും വിവരിക്കുന്നു. ആറും ഏഴും ഭാഗങ്ങളിൽ പ്രാർഥനയിലൂടെ സ്നേഹം പരിശീലിക്കേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എട്ടും ഒൻപതും ഭാഗങ്ങളിൽ പറയുന്നു. അവസാന ഭാഗങ്ങളിൽ ദൈവത്തിന്റെ ദിവ്യസ്നേഹത്തിന്റെ പ്രായോഗിക പ്രാധാന്യം നമ്മുടെ ജീവിതത്തിൽ കണ്ടെത്തേണ്ടത് എങ്ങനെ എന്ന് വിവരിക്കുന്നു.
എഴുതിയ കാലത്തു തന്നെ വി. വിൻസെന്റ് ഡി പോളിന്റെയും വി. ജെയ്ൻ ഡി ഷന്താളിന്റെയും പ്രശംസ ഏറ്റുവാങ്ങിയ ഒരു ഗ്രന്ഥമാണ് ഇത്. നാല് വർഷങ്ങൾ കൊണ്ട് എഴുതി പൂർത്തിയാക്കി 1616 ഓഗസ്റ്റ് മാസത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു രചനകളെപ്പോലെതന്നെ ബുദ്ധിയുടെ പ്രവർത്തനത്തെക്കാൾ ഹൃദയത്തിന്റെ സ്നേഹവികാരങ്ങളാണ് ഈ ഗ്രന്ഥത്തിലൂടനീളം നിഴലിച്ചുകാണുന്നത്. കൂടാതെ വി. ഫ്രാൻസിസ് സാലസിന്റെ വ്യക്തിപരമായ ദൈവസ്നേഹത്തിന്റെ ഒരു വിവരണം കൂടിയാണ് ഈ ഗ്രന്ഥം.
ഉപസംഹാരം
അനേക തലമുറകൾക്ക് നൂറ്റാണ്ടുകളായി ആത്മീയവെളിച്ചം പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ആത്മീയപിതാവാണ് സൗമ്യനും ശാന്തനും ദീനദയാലുവുമായ വി. ഫ്രാൻസിസ് സാലസ്. ജന്മം കൊണ്ടു മാത്രമല്ല, തന്റെ കർമം കൊണ്ടും അദ്ദേഹം കുലീനതയും ഉന്നത ക്രൈസ്തവചൈതന്യവും സമൂഹത്തിന് പകർന്നുനൽകി. ഇന്ന് സഭയിൽ നാം കാണുന്ന അനേകം ഭക്താഭ്യാസങ്ങൾക്കുപിന്നിൽ വി. ഫ്രാൻസിസ് സാലസിന്റെ ആത്മീയപ്രചോദനമുണ്ട്. കൂടാതെ, മറ്റു വിശുദ്ധർ ആരംഭിച്ച ഭക്തകൃത്യങ്ങൾ തന്റെ അജപാലന മേഖലയിലും അദ്ദേഹം നടപ്പാക്കി. ഇത്തരത്തിൽ വി. ഫിലിപ്പ് നേരിയിൽനിന്നും പഠിച്ച നാൽപതു മണിക്കൂർ ആരാധയുടെ അനുഷ്ഠാനംവഴിയാണ് ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലുള്ള സാന്നിധ്യം കാൽവനിസ്റ്റ് ചിന്തയുടെ സ്വാധീനത്തിലായിരുന്നവരിൽ അദ്ദേഹം എത്തിച്ചത്.
ക്രിസ്തീയജീവിതത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് ജീവിക്കാൻ പരിശ്രമിക്കുന്ന എല്ലാവർക്കും മാതൃകയാണ് ഈ വിശുദ്ധൻ. നമ്മുടെ സാധാരണ ജീവിതം വിശ്വസ്തതയോടെ നയിച്ചുകൊണ്ട് വിശുദ്ധരായിത്തീരാൻ സാധിക്കുമെന്ന് ഈ വിശുദ്ധൻ നമ്മോടു പറയുന്നു. ഫ്രാൻസിസ് സാലസ് ധാരാളം പ്രാർഥനകൾ വ്യക്തിപരമായ പ്രാർഥനകൾക്കുവേണ്ടിയും മറ്റുള്ളവരെ ക്രിസ്‌തുബന്ധത്തിൽ ആഴപ്പെടുത്തുന്നതിനുവേണ്ടിയും എഴുതിയിട്ടുണ്ട്. സമാധാനത്തിലായിരിക്കുക എന്ന അദ്ദേഹത്തിന്റെ ഉപദേശ രൂപേണയുള്ള ഒരു പ്രാർഥനയുടെ പരിഭാഷ ചുവടെ കൊടുക്കുന്നു.
ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഭയത്തോടെ വീക്ഷിക്കാതെ, അവയുണ്ടാകുമ്പോൾ പ്രത്യാശയോടെ ജീവിക്കാൻ ശ്രമിക്കുക. നീ ദൈവത്തിന്റേതാകയാൽ അവിടുത്തെ നിന്നെ സംരക്ഷിക്കും. നിനക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസരങ്ങളിൽ ദൈവം നിന്നെ തന്റെ കരങ്ങളിൽ സംവഹിക്കും.
നാളെയെക്കുറിച്ചോർത്ത് ഭയപ്പെടരുത്. ഇന്ന് നിന്നെ പരിപാലിക്കുന്നതുപോലെ സ്വർഗസ്ഥനായ പിതാവ് എല്ലായ്‌പ്പോഴും നിന്നെ സംരക്ഷിച്ചുകൊള്ളും.
ദൈവപിതാവ് ഒന്നുകിൽ നിന്നെ കഷ്ടപ്പാടുകളിൽ സംരക്ഷിക്കും, അല്ലെങ്കിൽ അത് സഹിക്കുന്നതിനുള്ള അചഞ്ചലമായ ശക്തി നൽകും. സമാധാനമായിരിക്കുക, ഉത്കണ്ഠാകുലമായ എല്ലാ ചിന്തകളും ഭാവനകളും മാറ്റിവച്ച് ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക.
ഫാ. മാത്യു ചാർത്താക്കുഴിയിൽ