വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 48-ാം ദിവസം

ജിൻസി സന്തോഷ്

ബേത്‌ലഹേമിലെ ഗുഹയിൽ വച്ച് ഉണ്ണീശോയെ മടിയിൽ എടുത്തുവച്ച ആദ്യരാത്രി. കാൽവരിയിൽ അവനെ മറ്റുള്ളവർ തന്റെ മടിയിലേക്കിറക്കി കിടത്തിയ അന്ത്യരാത്രി. കാലിത്തൊഴുത്തിൽ അവന്റെ ഇളംമേനിയിൽ വീണ ആനന്ദബാഷ്പം. കാൽവരിയിൽ അവന്റെ ആഴം കൂടിയ മുറിവുകളിലേക്കൊഴുകിയ
കണ്ണുനീർ ധാര.

കാലിത്തൊഴുത്ത് മുതൽ കാൽവരി വരെ, മംഗളവാർത്ത മുതൽ മരണനാഴിക വരെ ആ മാതൃഹൃദയം സഹരക്ഷകാത്വത്തിനു നൽകിയ വില. മരക്കുരിശിൽ മലർത്തിക്കിടത്തി കാരിരുമ്പാണികൾ അടിച്ചുകയറ്റുമ്പോൾ ആ അമ്മയുടെ ഹൃദയം കാരിരുമ്പിന്റെ ദൃഢതയോടെ അത് ഏറ്റുവാങ്ങി. ഗാഗുൽത്തായുടെ പടികളിറങ്ങുമ്പോൾ തന്നതിന് യാതൊരു കുറവും വരുത്താതെ തന്നവന്റെ പക്കൽ തിരികെക്കൊടുത്ത ചാരിതാർഥ്യം ആ അമ്മയുടെ മുഖത്ത് നിഴലിച്ചു.

ഒരു മകനെ നൊന്തു കൊടുക്കുമ്പോൾ ഒരായിരം മക്കളുടെ അമ്മയായിത്തീരാൻ അവൾക്ക് ഭാഗ്യം ലഭിച്ചു. തന്റെ മകൻ ഏൽപിച്ച ആദിമസഭയെ മർക്കോസിന്റെ മാളികയിൽ കൂട്ടിവരുത്തി, തള്ളക്കോഴി അടയിരിക്കുംപോലെ അവരോടു ചേർന്നിരുന്ന് പെന്തക്കുസ്തയുടെ ചൂടിൽ വിരിയിച്ചെടുത്ത് കരുത്തരാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയയ്ക്കുമ്പോൾ അവൾ ലോകത്തിന്റെ തന്നെ അമ്മയായി. സകലർക്കും നന്മ ചെയ്തവന്റെ തിരുശരീരത്തെ ഉറ്റുനോക്കുന്ന മക്കൾക്ക് അമ്മ നൽകുന്ന സന്ദേശം.

സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക. സഹോദരന്റെ മുറിവിൽ കണ്ണുറപ്പിക്കുക. അമ്മേ, പരിശുദ്ധ മറിയമേ, ഈശോയുടെ പിളർക്കപ്പെട്ട വിലാവിലും വ്യാകുലവാളാൽ പിളർന്ന നിന്റെ വിമലഹൃദയത്തിലും വാസമുറപ്പിക്കാൻ എന്നെ സഹായിക്കണമേ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.