വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 31-ാം ദിവസം

ജിൻസി സന്തോഷ്

“ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു” (യോഹ. 18:40). താൻ കൊള്ളക്കാരനും ദുഷ്ടനുമാണെന്ന് അറിഞ്ഞിട്ടും തന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ജനക്കൂട്ടത്തെ കണ്ട് ആശ്ചര്യപ്പെട്ടുനിൽക്കുന്ന ബറാബ്ബാസ്. തടവറയിൽനിന്നും സ്വതന്ത്രനാക്കപ്പെട്ട് ജനങ്ങൾക്കിടയിലേക്കു കടന്നുവരുമ്പോൾ തന്നെ ശാന്തമായി നോക്കിനിൽക്കുന്ന ക്രിസ്തുവിനെ ബറാബ്ബാസ് ഒരുവേള നോക്കി.

ആരും നശിച്ചുപോകാൻ ആഗ്രഹിക്കാതെ, പത്രോസിനെ തന്റെ നോട്ടത്തിലൂടെ തിരുത്തിയതുപോലെ ബറാബ്ബാസിനെയും തന്റെ സ്നേഹത്തിലേക്കു ചേർത്തുനിർത്താൻ ക്രിസ്തു ആഗ്രഹിച്ചിരിക്കണം. പീലാത്തോസിന്റെ അരമനക്കോടതിയിൽ വിചാരണയ്ക്കിടയിൽ ബറാബ്ബാസിനെ മോചിപ്പിക്കുമ്പോൾ
ഓശാന ഞായറാഴ്ച്ച തനിക്ക് ജയ്വിളികൾ മുഴക്കിയ ജനക്കൂട്ടം ഇപ്പോൾ തനിക്കെതിരെ സ്വരമുയർത്തുന്നു.

ഒറ്റപ്പെട്ടതിന്റെ, ചേർത്തുനിർത്താൻ പ്രിയപ്പെട്ടവർ അരികിലില്ലാത്തതിന്റെ വേദന ഉള്ളിലൊതുക്കി ശാന്തനായി ക്രിസ്തു. ബറാബ്ബാസിൽനിന്നും ക്രിസ്തുവിലേക്കുള്ള അന്തരം തിരിച്ചറിയാത്ത ജനം, അന്നും ഇന്നും ക്രിസ്തുവിനും അവന്റെ സഭയ്ക്കും എതിരായി മുറവിളി കൂട്ടുന്നു. യേശുവിന്റെ കുരിശുമരണത്തിലൂടെ സ്വതന്ത്രമാക്കപ്പെട്ട മാനവരാശിയുടെ പ്രതീകമാണ് ബറാബ്ബാസ്. നിരപരാധിയെ ശിക്ഷിക്കുകയും അപരാധിയുടെ കുറ്റങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിന്റെ പ്രതീകമാണ്.

സ്വന്തം തെറ്റുകൾക്കു മറപിടിച്ച് ,അപരന്റെ തെറ്റുകളെ ഉയർത്തിക്കാട്ടുന്ന ലജ്ജാകരമായ പ്രവണത ക്രൈസ്തവികമല്ല. നിനക്കെതിരെ അകാരണമായി ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഒരു ന്യായീകരണത്തിന് ശ്രമിക്കേണ്ടതില്ല. ശബ്ദങ്ങളുടെ കോലാഹലങ്ങൾക്കിടയിൽ മൗനത്തിന്റെ ശക്തി അപാരമാണന്നറിഞ്ഞാൽ അതിഭാഷണങ്ങൾ ഒഴിവാക്കാനാകും. അതിഭാഷണം ആന്തരികശൂന്യതയുടെ അടയാളമാണ്. നാവിന്റെ അനിയന്ത്രിതമായ കുത്തൊഴുക്കിൽ ജീവിതത്തിന്റെ ഗതി മാറും. നാവിനെ നിയന്ത്രിക്കുന്നവന് സ്വന്തം ശരീരത്തെ മുഴുവൻ നിയന്ത്രിക്കാനാവും.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.