വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 23-ാം ദിവസം

ജിൻസി സന്തോഷ്

എന്താണ് സംഭവിക്കാൻ പോകുന്നതെന്നു കണ്ടപ്പോൾ യേശുവിനോടു കൂടെ ഉണ്ടായിരുന്നവർ “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ” എന്നു ചോദിച്ചു (ലൂക്കാ 22:49).

പടയാളികൾക്ക് തന്നെ സ്വയം ഏൽപിച്ചുകൊടുത്ത യേശു, അവനെ ബന്ധനസ്ഥനാക്കാൻ വന്നവരെ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്ന ശിഷ്യന്മാർ, ‘കർത്താവേ ഞങ്ങളും വാളെടുക്കട്ടെയോ’ എന്നു ചോദിച്ചെങ്കിലും ഗുരുവിന്റെ മറുപടിക്കു കാത്തുനിന്നില്ല. മറുപടി അനുകൂലമാവില്ല എന്ന  മുൻവിധി ഉണ്ടായിരുന്നതുപോലെ.

യേശുവിന്റെ മറുപടിക്കു മുൻപേ ഒരു ശിഷ്യൻ പടയാളികളിലൊരുവന്റെ
ചെവി അറുത്തുമാറ്റി. അവിടെയും ക്രിസ്തുവിന്റെ സങ്കടം വർണ്ണനാതീതമായിരുന്നു. ഏഴ് എഴുപതുവട്ടം ക്ഷമിക്കണം, വലത്തേ കരണത്തടിക്കുന്നവന് ഇടത്തേതു കൂടി കാണിച്ചുകൊടുക്കണം എന്നൊക്കെ പഠിപ്പിച്ചും കൂടെനടന്ന മൂന്നുവർഷങ്ങളുടെ ഇരവുപകലുകൾ താൻ പറഞ്ഞുകൊടുത്തതും ജീവിച്ചുകാണിച്ചതുമൊക്കെ പാഴായിപ്പോയി എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ക്രിസ്തുവിന്റെ സങ്കടം.

ചീട്ടുകൊട്ടാരം പണിയുന്നവന്റെ അവസാനത്തെ ചീട്ട് വയ്ക്കുന്നതിനു തൊട്ടുമുൻപ് മുഴുവൻ നിലംപതിക്കുന്നത് കണ്ടുനിൽക്കുന്നവന്റെ സങ്കടം. അപരനു മനസ്സിലാകുംവിധത്തിൽ സംസാരിച്ചിട്ടും പ്രവർത്തിച്ചിട്ടും അവൻ അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നില്ലെങ്കിൽ എല്ലാം പാഴായിപ്പോയി എന്ന് മാനുഷികമായി പരിതപിക്കുകയേ നിവൃത്തിയുള്ളൂ. എങ്കിലും യേശു സംയമനം കൈവിടാതെ തികച്ചും ശാന്തനായി വാൾ അതിന്റെ ഉറയിലിടാൻ നിർദേശിച്ചിട്ട് ചെവിയറ്റു പോയവന്റെ ചെവി സുഖപ്പെടുത്തുന്നു.

താൻ പഠിപ്പിച്ചത് എന്താണോ അത് ജീവിച്ചുകാണിക്കുന്ന ക്രിസ്തു. നിന്റെ ജീവിതത്തിൽനിന്നു പടിയിറങ്ങിപ്പോയവർ നാളെ, സ്നേഹിതാ എന്നുവിളിച്ച് നിന്നെ ഒറ്റിക്കൊടുക്കാൻ വരുമ്പോഴും, നിന്നെ ദ്രോഹിക്കാൻ വരുന്നവന് ദ്രോഹമേൽക്കുമ്പോൾ ചേർത്തുനിർത്തി ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും കഴിയുന്ന ക്രിസ്തുഭാവം സ്വന്തമാക്കാൻ വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലം നമുക്ക് പരിശ്രമിക്കാം.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.