വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 22-ാം ദിവസം

ജിൻസി സന്തോഷ്

“അവൻ പെട്ടന്ന് യേശുവിന്റെ അടുത്തുചെന്ന്, ഗുരോ സ്വസ്തി എന്നുപറഞ്ഞ് അവനെ ചുംബിച്ചു” (മത്തായി 26:49).

സ്നേഹിതന്റെ വഞ്ചന നിറഞ്ഞ ചുംബനത്തിന്റെ മുൻപിലും ശാന്തതയോടെ ദൈവഹിതത്തിന് തന്നെത്തന്നെ ഏൽപിച്ചുകൊടുക്കുന്ന യേശു. കൂട്ടു കൂടി മൂന്നാണ്ട്  കൂടെ നടന്നപ്പോൾ പലതവണ തന്നെ വധിക്കാൻ ശ്രമിച്ചവരിൽനിന്ന് അതിവിഗ്ധമായി രക്ഷപെട്ട തന്റെ ഗുരു ഇത്തവണയും രക്ഷപെടും എന്ന് യൂദാസ് ചിന്തിച്ചിരിക്കാം. അവൻ അവിടുത്തെ ശക്തിയിൽ പ്രത്യാശ വച്ചു. തന്റെ ഗുരുവിന്റെ ഹിതം തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. വിലകെട്ടതിനെ സ്വന്തമാക്കി, വിലയുള്ളവനെ നഷ്ടപ്പെടുത്തിയ യൂദാസ്.

ആരൊക്കെയോ ആകാനും എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ
നാം എന്തായിത്തീരാനാണോ ദൈവം ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം. ദൗത്യം മറന്ന് ഞാൻ എന്തുചെയ്താലും, അത് എത്ര  മനോഹരമെന്ന് ചുറ്റുമുള്ളവർ പറഞ്ഞാലും, അത് എത്ര വിശുദ്ധമെങ്കിലും ഞാൻ തിരസ്കൃതനായേക്കും.

ദൗത്യം മറന്ന് വല്ലതുമൊക്കെ ചെയ്യുന്നതാണ് നമ്മുടെ ഗതികേട്. തന്റെ ലക്ഷ്യം സാധ്യമാക്കാൻ കഴിയാത്ത വ്യക്തികളും സ്ഥാപനങ്ങളും സമർപ്പിതരും ദൈവത്തിന് ബാധ്യതയാണ്. വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ നിന്റെ കൈവെള്ളയിൽ വന്നിട്ടാകാമെന്നു കരുതരുത്, മറിച്ച് ഇന്ന് നിന്നെ ഏൽപിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക. വിശ്വസ്തരെ മാനിക്കുന്ന ദൈവത്തിന്റെ കരം നിന്നെ തേടിവരാതിരിക്കില്ല. വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏൽപിച്ചുകൊടുക്കും

ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല, മറിച്ച് വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗം ആഗ്രഹിക്കുന്നത്‌. നശ്വരനേട്ടങ്ങളിൽ കണ്ണുവയ്ക്കാതെ അനശ്വരമായ നിത്യജീവനിൽ ദൃഷ്ടിയുറപ്പിച്ച് അവിടുത്തെ ഹിതമറിഞ്ഞ് ജീവിതം ക്രമീകരിക്കാൻ ശ്രമിക്കാം.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.