വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: 27-ാം ദിവസം

ജിൻസി സന്തോഷ്

“ഞങ്ങളുടെ നേരെ നോക്കുക” (അപ്പ. പ്രവ. 3:4).

സുന്ദരകവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു, “ഞങ്ങളുടെ നേരെ നോക്കുക.” ഒരു നോട്ടത്തിൽ എന്തിരിക്കുന്നു എന്ന് നമ്മൾ ഒരു പക്ഷേ ചിന്തിക്കും. എന്നാൽ ഒരു നോട്ടത്തിലാണ് എല്ലാം ആരംഭിക്കുന്നതെന്ന് പത്രോസിന് നന്നായറിയാം. കാരണം, ക്രിസ്തുവിനെ
തള്ളിപ്പറഞ്ഞതിനുശേഷം കോഴി കൂകിയ ആ പുലർവെട്ടത്തിൽ അവൻ അത് വേദനയോടെ അനുഭവിച്ചറിഞ്ഞതാണ്.

“കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി” (ലൂക്കാ 22:61). ക്രിസ്തു നോക്കിയ ഓരോ വ്യക്തിയിലും മാറ്റങ്ങൾ സംഭവിച്ചിരുന്നു. പത്രോസിന്റെ നേരെ മാത്രമല്ല, അത്താഴമേശയിൽ വഞ്ചനയുടെ ചുംബനം കാത്തുസൂക്ഷിച്ചവന്റെ നേരെയും അവന്റെ നോട്ടം കടന്നുവന്നിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ പോലെ. യൂദാസ് ആ നോട്ടത്തെ ഗൗനിച്ചില്ല. ക്രിസ്തുവിന്റെ നോട്ടത്തിന്റെ പൊരുളറിഞ്ഞ് ഉള്ളുരുകി കരഞ്ഞ പത്രോസ് ആദ്യത്തെ മാർപാപ്പയായി ചരിത്രത്തിന്റെ താളുകളിലേക്കു നടന്നുകയറി.

കുടുംബ ബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും നാം ഓരോ ദിനവും എത്രയോ പേരെ നോക്കുന്നു. എത്രയോ തവണ ദൈവാലയത്തിലെ അൾത്താരയിലേക്കു നോക്കി തോരാത്ത കണ്ണീരുമായി നിന്നിട്ടുണ്ട്. മദ്ബഹയിലെ കാഴ്ച്ചകൾക്കും അലങ്കാരക്കൂട്ടുകൾക്കുമപ്പുറം ‘ക്രൂശിതന്റെ കണ്ണിലേക്ക്’ എപ്പോഴെങ്കിലും നീ നോക്കിയിട്ടുണ്ടോ. തിരിച്ചറിയപ്പെടേണ്ടത് എന്റെയും നിന്റെയും കാഴ്ചകളെയാണ്. ഈ തിരക്കുള്ള ജീവിതയാത്രയിൽ കാഴ്ചകളെ ഉൾക്കാഴ്ചകളാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു തിരിഞ്ഞുനോട്ടം കൂടി. ദൈവത്തെ മറന്നുപോയ ഇന്നലെകളിലേക്ക്, നഷ്ടപ്പെടുത്തിയ ദൈവകൃപകളിലേക്ക്, നിന്നെക്കുറിച്ചുള്ള ഇനിയും പൂർണ്ണമാകാത്ത ദൈവികപദ്ധതികളിലേക്ക്, ഒപ്പം മുന്നിലേക്കു കുതിച്ചോടുമ്പോൾ പിന്നിൽ നിനക്കായി വഴിയൊരുക്കിയവരിലേക്ക്, അനുദിന ജീവിതത്തിന്റെ വഴിത്താരകളിൽ അപരനെ വിശുദ്ധീകരിക്കുന്ന, മുറിവുണക്കുന്ന ഒരു ‘നോട്ടം’ വിശുദ്ധിയുടെ ഈ വീണ്ടെടുപ്പു കാലത്തിൽ നിന്നിലുണ്ടാകട്ടെ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.