‘അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ ദുഃഖിതനും സഭയ്ക്കുവേണ്ടി ചെയ്ത എല്ലാത്തിനും ഞാൻ സന്തുഷ്ടനുമാണ്’ – 40 വർഷമായി പാപ്പയുടെ സുഹൃത്തായിരുന്ന വൈദികൻ

ലോകത്തിലെ ഒന്നര ബില്യണോളം വരുന്ന കത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പ അവരുടെ പരിശുദ്ധ പിതാവാണ്. എന്നാൽ ദീർഘകാല സുഹൃത്തും സഹ ജെസ്യൂട്ട് പുരോഹിതനുമായ ഹെർനാൻ പരേഡ്സ് അദ്ദേഹത്തെ ‘ജോർജ്’ എന്നായിരുന്നു വിളിച്ചിരുന്നത്. കഴിഞ്ഞ 40 വർഷമായി ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സുഹൃത്തായ ഫാ. പരേഡ്സ് പാപ്പയുടെ വിയോഗത്തിൽ അതീവദുഃഖിതനാണ്.

1985 ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജെസ്യൂട്ട് സെമിനാരിയിൽവച്ചു കണ്ടുമുട്ടുമ്പോൾ ഫാ. പരേഡ്സ് ഒരു വിദ്യാർഥിയും ജോർജ് ബെർഗോളിയോ സെമിനാരിക്കാരുടെ ഇൻ ചാർജുമായിരുന്നു. “അന്ന് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊക്കെ മാതൃകയിലൂടെ അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. സെമിനാരിക്കാരുടെ ഇൻ ചാർജ് ആയതിനാൽ അദ്ദേഹം നൂറു വസ്ത്രങ്ങൾ അലക്കുകയും അടുക്കളയിൽ കയറി വൈദഗ്ധ്യത്തോടെ പാചകം ചെയ്യുകയും ചെയ്തിരുന്നു. എല്ലാ ഞായറാഴ്ചയും ഞങ്ങൾക്ക് മാംസം കൊണ്ടുള്ള ‘അസാഡിട്ടോ’ എന്ന വിഭവം ഉണ്ടായിരുന്നു; അത് പാചകം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. സ്വയം കഴിക്കാനായി പാചകം ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ മറ്റുള്ളവർക്കു കൊടുക്കാൻവേണ്ടി ഉണ്ടാക്കുക എന്നത് വളരെ ശ്രമകരമാണ്. പ്രത്യേകിച്ച് നൂറുപേർക്കു വേണ്ടി.” ഫാ. പരേഡ്സ് ഓർമ്മിക്കുകയാണ്.

പാചകത്തിൽ വൈദഗ്ധ്യം ഉണ്ടായിരുന്നെങ്കിലും പലപ്പോഴും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിൽ ആ വൈഭവം കണ്ടില്ല. എങ്കിലും അദ്ദേഹം എന്നും ആളുകൾക്കൊപ്പമായിരിക്കാൻ വേണ്ടി പൊതുവാഹനങ്ങളിലും ബസിലുമൊക്കെയായിരുന്നു യാത്ര ചെയ്തിരുന്നത്.

“പോപ്പ് ആകുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ് ബ്യൂണസ് അയേഴ്സിൽവച്ച് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടപ്പോൾ അദ്ദേഹം എന്റെ ഷൂസ് കണ്ട് ചിരിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു: “എന്തിന്? എന്തിനാണ് നിങ്ങൾ ചിരിക്കുന്നത്?” ആദ്ദേഹം പറഞ്ഞു: “കാരണം, നിങ്ങൾ അയൽപക്കത്തേക്കു പോകുന്നു.” അയൽപക്കം എന്നാൽ വൃത്തികെട്ട റോഡുകൾ എന്നാണ് അദ്ദേഹം അർഥമാക്കുന്നത്. അത്രയും ലളിതമായ കാര്യങ്ങളായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്” – ഫാ. പരേഡ്സ് പറയുന്നു.

തന്റെ സുഹൃത്ത് ഒടുവിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇരുവരും  തമ്മിൽ വർഷങ്ങളായുള്ള തങ്ങളുടെ സൗഹൃദം തുടർന്നുവന്നിരുന്നത് ഇമെയിലുകൾ വഴിയായിരുന്നു. ഡിസംബർ 22 ന് ഫാ. പരേഡ്സിന്റെ ജന്മദിനത്തിന് അഞ്ചുദിവസം മുൻപുള്ള പാപ്പയുടെ പിറന്നാളിന് അദ്ദേഹം മുടങ്ങാതെ ആശംസകളയച്ചിരുന്നു.

“ഞാൻ അർജന്റീനയിലെ കൊളീജിയറ്റ് മാക്സിമോയിൽ ആയിരുന്ന വർഷങ്ങളിൽ ഞങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു കേക്ക് മാത്രമേ പിറന്നാളിന് ഉണ്ടായിരുന്നുള്ളൂ. എല്ലാ മാസവും ജന്മദിനങ്ങൾ ആഘോഷിക്കുന്ന എല്ലാവർക്കും ഒരു വലിയ കേക്ക്, ഞാൻ എപ്പോഴും ഫ്രാൻസിസ് പാപ്പയുമായി ഒരേ കേക്ക് പങ്കിടാറുണ്ടായിരുന്നു.

തന്റെ സുഹൃത്തിനെ കാണാൻവേണ്ടി ഫാ. പരേഡ്സ് പലതവണ റോമിലേക്കു യാത്ര ചെയ്തിട്ടുണ്ട്. “ഞാൻ എപ്പോഴും അദ്ദേഹത്തെ ജോർജ് എന്നാണ് വിളിച്ചിരുന്നത്. എനിക്കദ്ദേഹം ഒരിക്കലും ഫ്രാൻസിസ് മാർപാപ്പയല്ല. ഒന്നുകിൽ ജോർജ് അല്ലെങ്കിൽ അർജന്റീനക്കാർ പരസ്പരം വിളിക്കുന്നതുപോലെ ‘ചെ’ എന്നായിരുന്നു ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. പോപ്പ് ഒരു സാധാരണ വ്യക്തിയായിരുന്നു. ചിരിക്കാൻ ഇഷ്ടപ്പെടുന്നവനും നന്നായി സംസാരിക്കുന്നവനുമായിരുന്നു” – ഫാ. പരേഡ്സ് പറഞ്ഞു.

“മാർപാപ്പ ആകുന്നതുവരെ, അവൻ എപ്പോഴും ഡൊമിനോ കളിക്കാൻ തയ്യാറായിരുന്നു. ഞാൻ എപ്പോഴും അവന്റെ പങ്കാളിയായിരുന്നു. ഏതൊരു നല്ല ഡൊമിനോ കളിക്കാരനെയുംപോലെ വിജയിക്കാൻ അവൻ ഇഷ്ടപ്പെട്ടു” – അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മഹാമാരിയുടെ സമയത്ത് ജനങ്ങൾക്കിടയിൽ തുടരാനും എളിയവർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ ഫാ. പരേഡ്സിനു കത്തെഴുതി. “ആ കത്ത് ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്” – ഫാദർ പരേഡ്സ് പറഞ്ഞു.

ഈ വർഷം ആദ്യം പാപ്പ രോഗബാധിതനായപ്പോഴാണ് ഫാ. പരേഡ്സ് അവസാനമായി അദ്ദേഹവുമായി സംസാരിച്ചത്. സ്റ്റാറ്റൻ ഐലൻഡിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുണ്ടെന്ന് ഉറപ്പു നൽകി ഫാ. പരേഡ്സ് ഒരു ഇമെയിൽ അയച്ചു.

തന്റെ പ്രിയ സുഹൃത്തിന്റെ വേർപാടിൽ ദുഃഖിതനായ ഫാ. പരേഡ്സ് പറയുന്നു: “അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ വളരെ ദുഃഖിതനാണ്. പക്ഷേ, അദ്ദേഹം സഭയ്ക്കുവേണ്ടി ചെയ്ത എല്ലാത്തിനും ഞാൻ സന്തുഷ്ടനുമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.