
സാധാരണ, വേദനകളെയും രോഗത്തെയും കുറിച്ച് ആളുകൾ ഏറ്റവും വിഷമത്തോടെയും ആകുലതയോടെയുമാണ് പറയാറുള്ളത്. എന്നാൽ ഫ്രാൻസിസ് പാപ്പയുടെ കാഴ്ചപ്പാട് അങ്ങനെയായിരുന്നില്ല. 2022 ഏപ്രിൽ 25, തിങ്കളാഴ്ച വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ ത്രിത്വസഭയിലെ അംഗങ്ങളുമായി പാപ്പ ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന കാൽമുട്ടുവേദന കാരണം എല്ലാവരെയും അഭിവാദ്യം ചെയ്യാൻ എഴുന്നേറ്റുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഉടൻതന്നെ അദ്ദേഹം പറഞ്ഞു: “ഫോട്ടോയ്ക്കുശേഷം ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യാം. പക്ഷേ ക്ഷമിക്കണം, കാലു കാരണമല്ല, കാൽമുട്ട് വേദന കാരണം എനിക്ക് ഇരിക്കേണ്ടതുണ്ട്.”
ഈ രോഗത്തെ ‘സന്യാസിനിമാരുടെ വേദന’ എന്നാണ് ഒരിക്കൽ വിളിച്ചിരുന്നത്. കാരണം ഏറ്റവുമധികം മുട്ടിൽനിന്നു പ്രാർഥിക്കുന്നത് അവരാണ്. മുട്ടുകുത്തി ഇത്രയധികം പ്രാർഥിക്കുന്നതുകൊണ്ട് അവർക്ക് അസുഖം വന്നു. ഇത് ഭേദമാകും. പക്ഷേ അതിനിടയിൽ നമ്മൾ കാര്യങ്ങൾ ശരിയായി ചെയ്യണം.” ഇതു പറയുമ്പോൾ സമയത്ത് പാപ്പയ്ക്ക് 85 വയസ്സായിരുന്നു പ്രായം.
ജനുവരി 26 നു നടന്ന പൊതുസമ്മേളനത്തിൽ, പതിവുപോലെ തീർഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാത്തത്, തന്റെ വലതുകാലിലെ താൽകാലിക പ്രശ്‌നം, അതായത് കാൽമുട്ട് ലിഗമെന്റിലെ വീക്കമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പുഞ്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു: “ഇത് പ്രായമായവർക്കു മാത്രമേ വരൂ എന്ന് അവർ പറയുന്നു. പക്ഷേ, എന്തുകൊണ്ട് എനിക്ക് വന്നെന്ന് അറിയില്ല.”
ഈ വാക്കുകൾ, കേട്ടുനിന്നവരിൽ തീർച്ചയായും ഒരു പുഞ്ചിരി വിടർത്തിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല.
പിന്നീടൊക്കെയും പാപ്പ ഊന്നുവടിയുടെയും വീൽ ചെയറിന്റെയുമൊക്കെ സഹായത്തോടെയാണ് നടന്നതും യാത്ര ചെയ്തതുമെല്ലാം. എങ്കിലും തന്റെ വേദനകളിലും വിഷമതകളും അദ്ദേഹം ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി ചെയ്തു. പരാതിയെക്കാളുപരിയായി അതിനെയെല്ലാം സ്വതസിദ്ധമായതും എന്നാൽ ബൗദ്ധിക നിലവാരമുള്ളതുമായ നർമ്മബോധത്തോടെ അവതരിപ്പിക്കുകയും ചെയ്തു.
ഭൂമിയിൽ എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പാപ്പ ഇനി സ്വർഗവാസികളുടെ ഇടയിലെ മികച്ച തമാശക്കാരനാകുമെന്നതിൽ സംശയമില്ല.