
വി. യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും കഴിഞ്ഞാൽ പാദുവയിലെ വി. അന്തോണീസാണ് ഉണ്ണീശോയെ കൈയിൽ പിടിച്ചിരിക്കുന്നതായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ കാണപ്പെടുന്ന വിശുദ്ധൻ. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?
ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നതനുസരിച്ച്, വി. അന്തോണീസിന്റെ ജീവിതകാലത്തുണ്ടായ ഒരു അനുഭവവുമായി ഈ ചിത്രീകരണത്തിനു ബന്ധമുണ്ട്. 1895-ൽ പ്രസിദ്ധീകരിച്ച ‘ദ ലൈഫ് ഓഫ് സെന്റ് ആന്റണി’യിൽ ഈ സംഭവത്തെ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
ലിമോജസിലൂടെ സഞ്ചരിക്കുമ്പോൾ വി. അന്തോണി, ഈ അത്ഭുതത്തിനു സാക്ഷ്യംവഹിച്ച വ്യക്തിക്ക് താമസിക്കാൻ ഒരു മുറി നൽകി. യാദൃശ്ചികമായോ, മനഃപൂർവമായോ അദ്ദേഹം വിശുദ്ധന്റെ മുറിയുടെ സമീപത്തുകൂടെ കടന്നുപോകുമ്പോൾ അസാധാരണമായ പ്രകാശകിരണങ്ങൾ വാതിലിന്റെ വിള്ളലിലൂടെ പുറത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ വെളിച്ചത്തിന്റെ കാരണം അറിയാനുള്ള ആകാംക്ഷയോടെ അദേഹം വളരെ സാവധാനം വാതിലിനടുത്തെത്തി. അന്തോണി ആനന്ദത്തിലെന്നപോലെ മുട്ടുകുത്തി നിൽക്കുന്നതും ആശ്ചര്യഭരിതനായി, വിശുദ്ധനെ ആർദ്രമായി ആശ്ലേഷിക്കുന്ന അപൂർവസൗന്ദര്യമുള്ള സ്നേഹനിധിയായ ഒരു കുട്ടിയെ അഭിനന്ദിക്കുകയും തഴുകുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. സ്നേഹനിധിയായ ഒരു ശിശുവിന്റെ രൂപത്തിൽ, തന്റെ വിശ്വസ്തദാസനെ സന്ദർശിച്ച് അവന്റെ വിവരണാതീതമായ ആശ്വാസം നിറയ്ക്കുന്നതിൽ സന്തോഷിച്ചത് ഉണ്ണിയേശുവാണെന്ന് സ്നേഹനിർഭരമായ സംഭാഷണത്തിൽനിന്നും അമാനുഷികസൗന്ദര്യത്തിൽനിന്നും ആ മനുഷ്യൻ മനസിലാക്കി. ഇതേ തുടർന്നാണ് വി. അന്തോണീസിന്റെ ചിത്രീകരണങ്ങളിൽ അദ്ദേഹത്തിന്റെ മുഖത്തു തഴുകുന്ന ഉണ്ണിയേശുവിനെക്കൂടെ ചേർത്തുതുടങ്ങിയത്.
വി. അന്തോനീസിന്റെ ശിശുസമാനമായ ലാളിത്യത്തെയും വിശുദ്ധിയെയും ഈ ദർശനം ഉയർത്തിക്കാട്ടുന്നു. അഗാധമായ പ്രഭാഷണങ്ങൾക്കും പാവങ്ങളോടുള്ള സ്‌നേഹത്തിനും കരുതലിനും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ വിശുദ്ധി സഭയിലുടനീളം അറിയപ്പെട്ടിരുന്നു. അന്തോണീസിന്റെ മരണത്തിന് ഒരുവർഷത്തിനുള്ളിൽ വിശുദ്ധ പദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു.