പാക്കിസ്ഥാനിലെ പുതുവിശുദ്ധൻ

റിന്റോ പയ്യപ്പിള്ളി

ദാ വല്യൊരു വാർത്തയുണ്ട്. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ആദ്യമായി വിശുദ്ധിയുടെ പടവുകളിലേക്ക് ഒരാൾ. അതും വെറും ഇരുപതു വയസ് മാത്രമുള്ള ഒരു ചെറുപ്പക്കാരൻ പയ്യൻ. പേര് ആകാശ് ബഷീർ. ഇനി മുതൽ ‘ദൈവദാസൻ ആകാശ് ബഷീർ.’

2015 മാർച്ച് 15 -ന് ലാഹോറിലെ സെന്റ് ജോൺസ് പള്ളിക്കു സമീപം നടന്ന ചാവേർ ആക്രമണം. നോമ്പിലെ ഞായറാഴ്ച. വത്തിക്കാൻ ന്യൂസിൽ വന്ന കണക്കനുസരിച്ച് അന്ന് കുർബാനക്കായി എത്തിയിരുന്ന വിശ്വാസികളുടെ എണ്ണം ആയിരത്തിലേറെ. ശരീരത്തിൽ കെട്ടിവച്ച ബോംബുമായി ആ പള്ളിയിലേക്ക് പാഞ്ഞെത്തിയ ഒരു ചാവേർ. നെഞ്ചിൽ കെട്ടിവച്ചൊരു ബോംബുമായൊരു ചാവേർ പാഞ്ഞുവരുന്നത് കണ്ടാൽ നമ്മൾ എന്തു ചെയ്യും? വെറുതെയൊന്നു ചിന്തിച്ചേക്കുക. എന്നിട്ടു മാത്രം തുടർന്നു വായിക്കൂ…

ആകാശ് ചെയ്തത് ഇതായിരുന്നു. അയാൾ ചാവേറാണെന്നറിഞ്ഞ നിമിഷം അയാളെ പിടിച്ചുനിർത്തി. പള്ളിയുടെ അകത്തേക്ക് കടക്കാൻ അയാളെ സമ്മതിച്ചില്ല. പള്ളിയുടെ അകത്തു മാത്രം അന്നുണ്ടായിരുന്നത് നൂറിലേറെ വിശ്വാസികൾ. “ഞാൻ മരിക്കും. എന്നാലും നിന്നെ ഞാൻ അകത്തേക്ക് കടത്തിവിടില്ല” – ഇതായിരുന്നു ആകാശിന്റെ വാക്കുകൾ. അകത്തേക്ക് കടക്കാൻ പറ്റില്ലെന്നായപ്പോൾ ചാവേർ ആ ബോംബ് പൊട്ടിച്ചു. ആ ചാവേറിനൊപ്പം ആകാശും മരിച്ചു.

വി. ഡോൺ ബോസ്‌കോയുടെ തിരുനാൾ ദിനമായ ജനുവരി 31  -ന് ലാഹോർ ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ, ആകാശ് ബഷീറിന്റെ രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചതായി അറിയിച്ച് ആകാശിനെ ദൈവദാസന്റെ പദവിയിലേക്ക് ഉയർത്തി.

“പാക്കിസ്ഥാനിലെ കത്തോലിക്കാ സഭക്ക് ഇന്ന് മഹത്തായ ദിനം.” ലാഹോറിലെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ്‌ ഗുൽസാറിന്റെ വാക്കുകൾ.

ഇപ്പോഴും പീഡനങ്ങളുടെ നടുവിൽ കഴിയുന്ന പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രത്തിലെ കത്തോലിക്കാ മക്കൾ. ഇനി മുതൽ ആദ്യ ദൈവദാസന്റെ മദ്ധ്യസ്ഥതക്കായി അവർ പ്രാർത്ഥിച്ചു തുടങ്ങുകയാണ്. പീഡനങ്ങളുടെ നടുവിൽ സഭ വളരുന്നുവെന്ന വാക്കുകൾക്ക് ചുടുചോര കൊണ്ട് വീണ്ടും വീണ്ടും അടിവരയിടപ്പെടുന്നു.

റിന്റോ പയ്യപ്പിള്ളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.